കൊച്ചി: അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രത്യേക പരിഗണന ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും മൊഴിയെടുക്കുന്നതിനും അന്വേഷണം നടത്തുന്നതിനും ഡിസെബിലിറ്റി ഫ്രണ്ട്ലി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനം എല്ലാ സ്റ്റേഷനുകളിലും ഉറപ്പാക്കണമെന്നാണ് കമ്മീഷന് ആഭ്യന്തര വകുപ്പിന് നല്കിയ നിര്‍ദേശം.
ഭിന്നശേഷിയുള്ള കുട്ടികള്‍ കൂടുതല്‍ അപകടസാധ്യത നേരിടുന്ന വിഭാഗമാണ്. ആശയവിനിമയ പരിമിതികളും മറ്റുള്ളവരെ ആശ്രയിച്ചുള്ള ജീവിതസാഹചര്യങ്ങളും ഇത്തരം കുട്ടികളുടെ സംരക്ഷണത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന സാഹചര്യത്തില്‍ പോലീസ് സംവിധാനത്തില്‍ പ്രത്യേക ഇടപെടല്‍ അനിവാര്യമാണ്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ പരാതികള്‍ എല്ലാ സ്റ്റേഷനുകളിലും ഡിസെബിലിറ്റി ഫ്രണ്ട്ലി, ചൈല്‍ഡ് ഫ്രണ്ട്ലി രീതിയില്‍ സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നാണ് കമ്മീഷന്റെ പ്രധാന നിര്‍ദേശം.
ഭിന്നശേഷിക്കാരായ കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളിലും കുട്ടികളെ സഹായിക്കുന്നതിന് ആവശ്യാനുസരണം സൈന്‍ ലാംഗ്വേജ് , ഇന്റര്‍പ്രറ്റര്‍, സപ്പോര്‍ട്ട് പേഴ്സണ്‍, സ്പെഷല്‍ എഡ്യൂക്കേറ്റര്‍, ആശയവിനിമയ സഹായവിദഗ്ധര് എന്നിവരുടെ സേവനം നിര്‍ബന്ധമായും ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കമ്മീഷന് ആഭ്യന്തരവകുപ്പിനോട് ശിപാര്‍ശ ചെയ്തു. സംസ്ഥാനത്തെ പോക്സോ കേസുകളുടെ കണക്കുകളും ഭിന്നശേഷിക്കാരായ കുട്ടികള്‍ നേരിടുന്ന പ്രത്യേക വെല്ലുവിളിയുടെ വ്യാപ്തി വ്യക്തമാക്കുന്നു.
2025ല്‍ 4,765 പോക്സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിലെ അതിജീവിതരായ 4,818 പേരില്‍ 154 പേര് ഭിന്നശേഷിക്കാരായ കുട്ടികളാണ്.