അന്ന് സ്കൂൾ മണി മുഴങ്ങിയത് ക്ലാസുകളിലേക്ക് കയറാനുള്ള ക്ഷണമായിരുന്നില്ല, മറിച്ച് ജീവനും കൊണ്ട് ഓടാനുള്ള ഒരവസാന മുന്നറിയിപ്പായിരുന്നു.
നേപ്പാളിലെ നുവാകോട്ട് ജില്ലയിലുള്ള ത്രിഭുവൻ ത്രിശൂലി സെക്കൻഡറി സ്കൂളിൽ പ്രകൃതി ദുരന്തത്തിന്റെ രൂപത്തിലെത്തിയ പ്രളയം എല്ലാം കവർന്നെടുത്തെങ്കിലും 1,643 കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഉയർന്ന പ്രദേശങ്ങളിലേക്ക് ഓടിക്കയറിയതിനാലാണ് കുട്ടികൾക്ക് ജീവൻ തിരിച്ചുകിട്ടിയത്. പ്രളയജലം കുതിച്ചെത്തിയപ്പോഴേക്കും ഈ മൂന്നു നില സ്കൂൾ കെട്ടിടം പൂർണമായും ഒലിച്ചുപോയിരുന്നു.
സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനും പ്രിൻസിപ്പലുമായ രാജേന്ദ്ര ദവാഡിയുടെ ധീരമായ ഇടപെടലാണ് ഈ വൻ ദുരന്തത്തിന്റെ ആഘാതം കുറച്ചത്. നദിയിൽ നിന്ന് 60 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്തിരുന്ന കോൺക്രീറ്റ് കെട്ടിടമായതിനാൽ സ്കൂളിന് അപകടമൊന്നും സംഭവിക്കില്ലെന്നാണ് ദവാഡി ആദ്യം കരുതിയത്.
എന്നാൽ രാവിലെ 9.20-ഓടെ സുഹൃത്ത് ഫോണിൽ വിളിച്ച് ഗ്രാമം മുഴുവൻ വെള്ളത്തിനടിയിലായെന്നും ഉടൻ രക്ഷപ്പെടണമെന്നും മുന്നറിയിപ്പ് നൽകി.
തൊട്ടുപിന്നാലെ ഒരു രക്ഷിതാവും ഇതേ വിവരവുമായി ഓടിയെത്തിയതോടെ ദവാഡി ഒരു നിമിഷം പോലും വൈകാതെ സ്കൂൾ മണി മുഴക്കുകയും കുട്ടികളെ ഒഴിപ്പിക്കാൻ അധ്യാപകർക്ക് നിർദ്ദേശം നൽകുകയുമായിരുന്നു.
പരിഭ്രാന്തരായ കുട്ടികളെ സുരക്ഷിതമായി കുന്നിൻമുകളിലെ ഒരു ആൽമരച്ചുവട്ടിലേക്ക് മാറ്റാൻ ദവാഡിയും മറ്റ് അധ്യാപകരും മുന്നിൽ നിന്നു. നിമിഷങ്ങൾക്കുള്ളിൽ കല്ലും മണ്ണും ചെളിയും കലർന്ന പ്രളയജലം സ്കൂളും സമീപത്തെ പാലങ്ങളും തകർത്തെറിഞ്ഞു.
വിദ്യാർഥികളെ മുഴുവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും രണ്ട് സ്കൂൾ ജീവനക്കാരുടെ വേർപാട് ഇവർക്ക് തീരാനോവായി. ഭക്ഷണം കഴിക്കാൻ മുറിയിലേക്ക് മടങ്ങിയ സോഷ്യൽ ഹിസ്റ്ററി അധ്യാപകൻ സന്തോഷ് പരിയാറും, ജാനിറ്റർ സുൽത്താൻ ലാമയുമാണ് ദുരന്തത്തിൽ ജീവൻ വെടിഞ്ഞത്.
ലാങ്താങ് ലിറൂങ് പ്രദേശത്തുണ്ടായ മഞ്ഞുപാളി ഇടിച്ചിലാണ് നദിയിൽ വൻ മലവെള്ളപ്പാച്ചിലിന് കാരണമായത്. പ്രദേശത്ത് നൂറുകണക്കിന് ആളുകളെ കാണാതാവുകയും വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
നാട്ടുകാരും അധികൃതരും ദവാഡിയെ ഒരു നായകനായി വാഴ്ത്തുമ്പോഴും, ആ നിമിഷം ഏതൊരു അധ്യാപകനും ചെയ്യുന്ന കടമ മാത്രമാണ് താൻ നിർവ്വഹിച്ചതെന്ന ലാളിത്യത്തോടെയുള്ള മറുപടി മാത്രമാണ് ഈ പ്രിൻസിപ്പലിനുള്ളത്.
പ്രകൃതി ദുരന്തം ചുറ്റുമുള്ളതെല്ലാം കവർന്നെടുത്തപ്പോഴും സമയോചിതമായ ആ ഒരു തീരുമാനം നൂറുകണക്കിന് കുടുംബങ്ങളുടെ വെളിച്ചമാണ് കാത്തുസൂക്ഷിച്ചത്.