സംവിധായകൻ മിഷ്കിൻ തന്റെ കാൽമുട്ടിൽ സ്പർശിച്ചതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ഉയർന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കും ചുട്ട മറുപടിയുമായി നടി കീർത്തി സുരേഷ്. പുതിയ ചിത്രമായ ‘സത്യവാൻ സാവിത്രി’യുടെ പ്രമോഷൻ ചടങ്ങിനിടെയാണ് സംഭവം.
താനും മിഷ്കിനും തമ്മിലുള്ളത് അച്ഛനും മകളും പോലെയുള്ള ആത്മബന്ധമാണെന്നും സിനിമയിൽ അഭിനയിക്കുന്നതും പൊതുവിടങ്ങളിലെ പെരുമാറ്റവും തമ്മിൽ താരതമ്യം ചെയ്യുന്നവർ ചിന്താഗതി തിരുത്തണമെന്നും കീർത്തി വ്യക്തമാക്കി.
കോർട്ട് റൂം ഡ്രാമയായ ‘സത്യവാൻ സാവിത്രി’യിൽ കീർത്തി സുരേഷും മിഷ്കിനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ കീർത്തിയെ പ്രശംസിച്ച് സംസാരിക്കവെ മിഷ്കിൻ താരത്തിന്റെ കാൽമുട്ടിൽ സ്പർശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മിഷ്കിന്റെ പ്രവൃത്തിയിൽ കീർത്തി അസ്വസ്ഥയായി എന്നാണ് ചിലർ വീഡിയോ വഴി പ്രചരിപ്പിച്ചത്. സിനിമകളിൽ സഹതാരങ്ങൾ സ്പർശിക്കുന്നത് അനുവദിക്കുന്ന നടിക്ക് പൊതുവേദിയിൽ എന്താണ് ഇത്ര അസ്വസ്ഥത എന്നായിരുന്നു എക്സിൽ ഒരാളുടെ പരിഹാസം.
‘‘ഒന്നാമതായി, എന്റെ മുഖത്ത് എവിടെയാണ് നിങ്ങൾ അസ്വസ്ഥത കണ്ടത്? ഞങ്ങൾ തമ്മിലുള്ളത് അച്ഛനും മകളും പോലെയുള്ള ബന്ധമാണെന്ന് ഞാനും അദ്ദേഹവും പറഞ്ഞത് നിങ്ങൾ കേട്ടില്ലേ? രണ്ടാമതായി, എനിക്ക് അസ്വസ്ഥത തോന്നിയെന്ന് തന്നെ വയ്ക്കുക; സിനിമകളിൽ അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നുണ്ടെന്ന് കരുതി പൊതുവിടങ്ങളിലും അതെല്ലാം സഹിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? സഹോദരാ, നിങ്ങളുടെ ചില ചിന്താഗതികൾ തിരുത്തേണ്ടതുണ്ട്.’’ കീർത്തി സുരേഷ് കുറിച്ചു.