ലാ പാസ് (ബൊളീവിയ): ഒരു നൂറ്റാണ്ടിലധികമായി ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്ന പുതിയ കാട്ടുപൂച്ച വർഗത്തെ ബൊളീവിയയിലെ കാടുകളിൽ കണ്ടെത്തി.
‘ലിയോപാർഡസ് തിൽകയോ’ അഥവാ ‘തിൽകയോ ക്യാറ്റ്’ എന്നാണു കുഞ്ഞുകാട്ടുപൂച്ചയുടെ ശാസ്ത്ര നാമം. ആൻഡീസ് പർവതനിരകളും ആമസോൺ തടവും സംഗമിക്കുന്ന ബൊളീവിയയിലെ യൂങ്കാസ് മേഘക്കാടുകളാണ് ഇവയുടെ വാസസ്ഥലം.
നിലവിൽ ഈ ജീവിവർഗത്തിൽപ്പെട്ട ഒരേയൊരു പൂച്ച മാത്രമാണ് ലോകത്തു ജീവനോടെയുള്ളതായി സ്ഥിരീകരിച്ചിട്ടുള്ളത്. സാധാരണ വളർത്തുപൂച്ചകളേക്കാൾ വലിപ്പം കുറഞ്ഞതും മെലിഞ്ഞ ശരീരവും പുലിയുടേതുപോലുള്ള പാടുകളും ഉള്ളവയാണ് ഈ കാട്ടുപൂച്ചകൾ.
സാധാരണയായി ചെറിയ വലിപ്പമുള്ള ജീവികളെയാണു പുതിയ വർഗമായി കണ്ടെത്താറുള്ളതെങ്കിലും ഒരു നൂറ്റാണ്ടിനുശേഷമാണ് കാട്ടുപൂച്ച വിഭാഗത്തിൽപ്പെടുകയും മ്യൂസിയങ്ങളിൽ പോലും സാന്നിധ്യമില്ലാത്തതുമായ ഒരു പുതിയ ജീവിയെ കണ്ടെത്തുന്നത്.
ബൊളീവിയയിലെ ‘സെൻഡ വെർഡെ’ വന്യജീവി പുനരധിവാസ കേന്ദ്രത്തിൽ എത്തിയതോടെയാണ് ഈ അപൂർവ ജീവിയെക്കുറിച്ച് ഗവേഷകർ അന്വേഷിക്കുന്നത്. അലഞ്ഞുനടന്ന പൂച്ചക്കുട്ടിയെ സാധാരണ വളർത്തുപൂച്ചയാണെന്ന് കരുതി വനമേഖലയിലെ ഒരു കുടുംബം വീട്ടിൽ വളർത്തുകയായിരുന്നു. ചോറും നൂഡിൽസും മുട്ടയുമെല്ലാം നൽകി വളർത്തിയ ജീവിയുടെ കാട്ടുസ്വഭാവം തിരിച്ചറിഞ്ഞതോടെയാണ് ഇവർ വന്യജീവി കേന്ദ്രത്തിലേക്കു കൈമാറിയത്.
തുടർന്ന്, ബൊളീവിയൻ ഗവേഷകയായ ഡോ. പാവോള നൊഗാലെസ് അസ്കാറുൻസ് നടത്തിയ ജനിതക പരിശോധനയിലാണ് ഇത് 1.4 ദശലക്ഷം വർഷങ്ങൾക്കുമുന്പ് മറ്റു വർഗങ്ങളിൽനിന്ന് വേർപിരിഞ്ഞ തികച്ചും പുതിയ ജീവിവർഗമാണെന്നു തെളിഞ്ഞത്. പഠനവിവരങ്ങൾ ‘കറന്റ് ബയോളജി’ മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘ടൈഗർ ക്യാറ്റ്’വർഗത്തിൽ മുന്പ് കരുതിയതിനേക്കാൾ കൂടുതൽ ഉപവർഗങ്ങൾ ഉണ്ടെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ഇതോടെ ലോകത്തിലെ ആകെ പൂച്ചവർഗങ്ങളുടെ എണ്ണം 41ൽനിന്ന് 44 അല്ലെങ്കിൽ 45 ആയി ഉയർന്നേക്കാം.
ശാസ്ത്രലോകത്തിന് പുതിയതാണെങ്കിലും ബൊളീവിയൻ വനമേഖലയിലെ ഗോത്രവിഭാഗങ്ങൾക്ക് തലമുറകളായി ഈ പൂച്ചയെക്കുറിച്ച് അറിവുണ്ടായിരുന്നു. പ്രാദേശികമായി ഇവർ വിളിച്ചിരുന്ന ‘തിൽകയോ’ എന്ന പേരുതന്നെയാണ് ശാസ്ത്രജ്ഞരും ഈ ജീവിവർഗത്തിനു നൽകിയത്.
ബൊളീവിയയിലെ യൂങ്കാസ് മേഘക്കാടുകളിൽ ഇവ എത്രയെണ്ണം ബാക്കിയുണ്ടെന്ന് വ്യക്തമല്ലെങ്കിലും വനനശീകരണവും കാർഷിക ആവശ്യങ്ങൾക്കായുള്ള ഭൂമി കൈയേറ്റവും കാരണം വംശനാശ ഭീഷണി നേരിടുന്ന ഈ മേഖലയിലെ ജീവികളുടെ സംരക്ഷണത്തിന് ഈ കണ്ടെത്തൽ വലിയൊരു വഴിത്തിരിവാകും.