ന്യൂഡല്‍ഹി: നീറ്റ് പിജി പരീക്ഷാഫലം പുറത്തുവന്നതിനു പിന്നാലെ മാര്‍ക്ക് കണക്കാക്കലില്‍ വലിയ വ്യത്യാസം കാണുന്നുവെന്ന് പരാതി. പരീക്ഷയുടെ ഉത്തരസൂചികയും രേഖപ്പെടുത്തിയ ഉത്തരങ്ങളും പുറത്തുവിടണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. 24ന് നീറ്റ് പിജി ഫലം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരസൂചിക പുറത്തുവിട്ടിട്ടില്ല.
ഇന്ന് ഉത്തരസൂചികയും വ്യക്തിഗത ഉത്തരരേഖയും പുറത്തുവിടുമെന്നാണ് എന്‍ബിഇഎംഎസ് (നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ്) അറിയിച്ചത്. ഓരോ ചോദ്യത്തിന്റെയും ശരിയുത്തരവും ഉദ്യോഗാര്‍ഥി രേഖപ്പെടുത്തിയ ഉത്തരവും ലഭിച്ച മാര്‍ക്കും പരിശോധിക്കാനുള്ള സൗകര്യമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
പരീക്ഷയിലെ ചോദ്യങ്ങളും എഴുതിയ ഉത്തരങ്ങളും ഓര്‍ത്തെടുത്ത് പരിശോധിച്ച് കണക്കാക്കിയ മാര്‍ക്കും യഥാര്‍ഥ ഫലത്തില്‍ ലഭിച്ച മാര്‍ക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
പലര്‍ക്കും പ്രതീക്ഷിച്ചതിലും 50 മുതല്‍ 100 വരെ മാര്‍ക്ക് കുറവാണെന്നും പറയുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്ക് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘടന പരാതി നല്‍കിയിട്ടുണ്ട്. മൂല്യനിര്‍ണയ നടപടികളില്‍ കൂടുതല്‍ സുതാര്യത വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
പ്രതീക്ഷിച്ച മാര്‍ക്കും ലഭിച്ച മാര്‍ക്കും തമ്മിലുള്ള വ്യത്യാസം മാത്രം കണക്കിലെടുത്ത് മൂല്യനിര്‍ണയത്തില്‍ പിഴവുണ്ടെന്ന് പറയാനാവില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഓഗസ്റ്റ് 30ന് രാജ്യത്തെ 1,111 കേന്ദ്രങ്ങളിലായി നടന്ന നീറ്റ് പിജി പരീക്ഷയില്‍ 2,65,980 പേരാണ് പങ്കെടുത്തത്. ജയ്പുരിലെ രണ്ട് കേന്ദ്രങ്ങളിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് 2,445 പേരുടെ പരീക്ഷ പിന്നീട് വീണ്ടും നടത്തിയിരുന്നു.