കൊച്ചി: അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഡിജിപി ടോമിന് ജെ. തച്ചങ്കരി വിവിധ അസുഖങ്ങള്‍ ചൂണ്ടിക്കാട്ടി ജയില്‍ ആശുപത്രിയില്‍ കിടന്നത് സെല്ലില്‍ കിടക്കുന്നത് ഒഴിവാക്കാനുള്ള തന്ത്രമായിരുന്നോയെന്നു പരിശോധിക്കുമെന്ന് ഹൈക്കോടതി.
ജയിലിലെത്തിയ സെപ്റ്റംബര്‍ 17 മുതല്‍ മോചിതനായ ഒക്ടോബര്‍ 15 വരെ ഹര്ജിക്കാരന് ചികിത്സയിലായിരുന്നുവെന്ന ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ജാമ്യം ലഭിച്ചയുടന്‍ വിദേശത്തു ജോലിയില്‍ പ്രവേശിക്കാന്‍ യാത്രാ അനുമതി തേടി തച്ചങ്കരി നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
പതിനായിരം രോഗങ്ങള്‍ പറഞ്ഞാണു ജയില്‍ ആശുപത്രിയില്‍ കിടന്നത്, പുറത്തിറങ്ങിയപ്പോള്‍ വിദേശജോലിക്കു പ്രാപ്തനാണെന്നു പറയുന്നു. ഇത് കടുത്ത വൈരുധ്യമാണ്. വേണ്ടിവന്നാല്‍ ജാമ്യം റദ്ദാക്കാന്‍ മടിക്കില്ലെന്നും കോടതി വാക്കാല്‍ പറഞ്ഞു. ഒരു ദിവസം പോലും തച്ചങ്കരി സെല്ലില്‍ കിടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
2009ല്‍ ബൈപാസ് സര്‍ജറിക്കു വിധേയനായ തച്ചങ്കരിക്ക് ഹൃദ്രോഗം, ശ്വാസതടസം (ഒബ്സ്ട്രക്ടീവ് സ്ലീപ്പ് അപ്നിയ), സോറിയാസിസ് തുടങ്ങിയ അസുഖങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.
വിമാനയാത്രയിലടക്കം ശ്വസന ഉപകരണങ്ങളുടെ സഹായം തേടുന്നുണ്ടെന്ന് തച്ചങ്കരിയുടെ അഭിഭാഷകരും ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ളയാള്‍ വിദേശത്തു ജോലി ചെയ്യുന്നതെങ്ങനെയെന്ന ചോദ്യം കോടതി ആവര്‍ത്തിച്ചു.
തച്ചങ്കരിയുടെ ആശുപത്രിവാസം സത്യസന്ധമാണോയെന്നു കണ്ടെത്താന്‍ ഹര്‍ജി വിശദ വാദത്തിനു മാറ്റി. ഹര്‍ജി വീണ്ടും 12ന് പരിഗണിക്കും.