തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ സംബന്ധിച്ച് സംസ്ഥാന പൊലിസ് മേധാവി നേരിട്ട് തുടരന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് നിർദേശം. തിരുവന്പാടി ദേവസ്വത്തെ കുറ്റക്കാരാക്കിയും അന്നു ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത്കുമാറിനെ വെള്ളപൂശിയുമുള്ള ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ അന്വേഷണ റിപ്പോർട്ട് തിരിച്ചയച്ചാണ് സർക്കാർ നടപടി. തിരിച്ചയച്ചതിനൊപ്പമുള്ള ഫയലിൽ ഡിജിപി നേരിട്ട് അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ട്.
തിരുവന്പാടി ദേവസ്വത്തിലേത് അടക്കം 10 പേർക്കെതിരേ മതവിശ്വാസത്തെ വ്രണപ്പെടുത്തിയതിനുള്ള വകുപ്പു ചുമത്തി കേസെടുക്കാനായിരുന്നു ക്രൈംബ്രാഞ്ച് എഡിജിപിയുടെ 30 പേജുള്ള റിപ്പോർട്ടിലെ പ്രധാന ശിപാർശ. എന്നാൽ തൃശൂർ പൂരത്തിലെ പ്രധാന സംഘാടകർക്കെതിരേ ഈ വകുപ്പ് ചുമത്താനാകില്ലെന്ന് ആഭ്യന്തരവകുപ്പ് നിലപാട് സ്വീകരിച്ചു.
പൂരം കലക്കലിൽ പൊലിസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടിലുണ്ടെങ്കിലും ഏത് ഉദ്യോഗസ്ഥന് എന്തു വീഴ്ചയുണ്ടായെന്നു വ്യക്തമാക്കിയില്ല. തുടർനടപടിയും ശിപാർശ ചെയ്തില്ല. തൃശൂർ ജില്ലയുടെ ചുമതലയുണ്ടായിരുന്ന അന്നത്തെ മന്ത്രി കെ. രാജൻ തുടർച്ചയായി ഫോണിൽ വിളിച്ചിട്ടും തൃശൂരിലുണ്ടായിരുന്ന ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത്കുമാർ ഫോണെടുത്തില്ല. മന്ത്രിയുടെ ഫോണ് എടുക്കാതിരുന്നതടക്കം ഗുരുതര വീഴ്ചകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അജിത്കുമാറിനെ കുറ്റവിമുക്തനാക്കി, എല്ലാ കുറ്റവും തിരുവന്പാടി ദേവസ്വത്തിന്റെ തലയിൽ വയ്ക്കുന്നതായിരുന്നു എഡിജിപി എച്ച്. വെങ്കിടേഷിന്റെ റിപ്പോർട്ട്.
അന്വേഷണറിപ്പോർട്ടിൽ ഒരു കാര്യത്തിലും വ്യക്തത ഇല്ലാത്ത സാഹചര്യത്തിലാണ് റിപ്പോർട്ട് തള്ളിയശേഷം മടക്കി അയച്ചത്. കഴിഞ്ഞ സർക്കാരിന്റെ ഇഷ്ടാനുസരണം തയാറാക്കിയ റിപ്പോർട്ടാണ് ഇതെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ. എട്ടുമാസം മുൻപാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ റിപ്പോർട്ട് തയാറാക്കിയത്. ആരെയൊക്കെ പ്രതിയാക്കണമെന്നതിൽ തീരുമാനമാകാത്തതിനാൽ സർക്കാരിനു കൈമാറിയിരുന്നില്ല.
തിരുവന്പാടി ദേവസ്വം ഭാരവാഹികളും പൂരം ആഘോഷകമ്മിറ്റി ഭാരവാഹികളുമടക്കം പത്തുപേരെയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പ്രതികളാക്കിയിട്ടുള്ളത്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, കലാപാഹ്വാനം, ഇരുവിഭാഗങ്ങളുമായി സ്പർധയുണ്ടാക്കൽ, ഗൂഢാലോചന അടക്കമുളള കുറ്റങ്ങൾ ഇവർക്കെതിരേ ചുമത്താനായിരുന്നു ശിപാർശ.