കുറുപ്പന്തറ: മന്ത്രി മോന്‍സ് ജോസഫിന് ജില്ലാ ലേലകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് സ്വീകരണം നല്‍കും. 12ന് കുറുപ്പന്തറ ലേല മാര്‍ക്കറ്റ് ഹാളിലാണ് പൗരസ്വീകരണം നല്‍കുന്നത്. യോഗത്തില്‍ കര്‍ഷക കൂട്ടായ്മയും സംഗമവും നടക്കും. 2012 ല്‍ മോന്‍സ് ജോസഫിന്റെ ഇടപെടലുകളുടെയും ശ്രമങ്ങളുടെയും ഫലമായാണ് കുറുപ്പന്തറയില്‍ ജില്ലാ ലേലകേന്ദ്രം യാഥാര്‍ഥ്യമായത്.
കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്രദമായ രീതിയില്‍ ഹോര്‍ട്ടികോര്‍പ്പിലേക്കും പൊതുവിപണിയിലേക്കും കാര്‍ഷിക ഉത്പന്നങ്ങള്‍ ലേലം ചെയ്തു നല്കുന്ന പ്രധാന വിപണന കേന്ദ്രമായി ഇതു പ്രവര്‍ത്തിച്ചുവരുന്നു. നവീകരിച്ച ജില്ലാ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് കര്‍ഷക കൂട്ടായ്മ സര്‍ക്കാരിന് മുന്നില്‍ പ്രധാന ആവശ്യങ്ങള്‍ സമര്‍പിക്കും.
അംഗങ്ങളായ കര്‍ഷകര്‍ക്ക് നിലവില്‍ ലഭിക്കുന്ന ട്രാന്സ്പോര്ട്ടേഷന് ചാര്‍ജ് ഒന്നര രൂപയില്‍ നിന്ന് മൂന്ന് രൂപയായി വര്‍ദ്ധിപ്പിക്കുക, കൈകാര്യച്ചെലവുകള്ക്കായി സര്‍ക്കാരിന്റെ കൃഷിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപയുടെ റിവോള്‍വിംഗ് ഫണ്ട് അനുവദിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
കൂടാതെ, ലേലകേന്ദ്രത്തിന്റെ വികസനത്തിനായി ജില്ലാ പഞ്ചായത്ത് ഗ്രാന്റ് ഇനത്തില്‍ 10 ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. കര്‍ഷക കൂട്ടായ്മ സമ്മേളനത്തില്‍ മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ്മോന് മുണ്ടയ്ക്കൽ, ആന്മരിയ ജോര്‍ജ്, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍, വാര്‍ഡ് മെംബർ ടോമി കാറുകുളം തുടങ്ങിയ ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കും. പ്രദേശത്തെ മുഴുവന്‍ കര്‍ഷകരും പൊതുജനങ്ങളും പങ്കെടുക്കണമെന്ന് ലേലകേന്ദ്രം ആക്ടിംഗ് ചെയര്മാന് ജോയി ജോസഫ് കുഴിവേലില്‍ അറിയിച്ചു.