കോട്ടയം: ഉപഭോക്തൃ സേവനത്തില്‍ വീഴ്ച വരുത്തിയ കണ്‍സ്ട്രക്ഷന്‍ ഉപകരണ വിതരണ കമ്പനിക്ക് ശിക്ഷ വിധിച്ചു ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്.
ഉപജീവനത്തിനായി മുപ്പത്തിമൂന്നര ലക്ഷം രൂപയുടെ ഹൈഡ്രോളിക് എസ്കവേറ്റര്‍ വാങ്ങിയ ഉപയോക്താക്കള്‍ക്ക് യന്ത്രം പ്രവര്‍ത്തിക്കാനാവശ്യമായ ഹൈഡ്രോളിക് തമ്പ് നല്‍കാതെ പെരുമാറിയ വിതരണക്കാരോട് 30 ദിവസത്തിനകം 1,20,000 രൂപ വിലയുള്ള തമ്പ് പിടിപ്പിച്ച് നല്‍കാനും ഹര്‍ജിക്കാര്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരമായി അമ്പതിനായിരം രൂപയും വ്യവഹാര ചെലവായി 5,000 രൂപയും നല്‍കാനുമാണ് വി.എസ്. മനുലാല്‍ പ്രസിഡന്റും ആര്. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് വിധിച്ചത്.
എരുമേലി സ്വദേശികളായ സഹോദരങ്ങളാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന് മുമ്പാകെ നീതി തേടിയെത്തിയത്. 2024 ഏപ്രിലിലാണ് മുപ്പത്തിമൂന്നര ലക്ഷം രൂപ വിലയുള്ള ഹിറ്റാച്ചി കമ്പനിയില്‍ നിന്നു വാങ്ങിയത്. യന്ത്രം പ്രവര്‍ത്തിക്കാനാവശ്യമായ ഹൈഡ്രോളിക് തമ്പ് ആ സമയത്ത് നല്‍കിയില്ല.
ഉടന്‍ നല്‍കുമെന്നായിരുന്നു കമ്പനിയുടെ അറിയിപ്പ്.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും തമ്പ് നല്‍കാതെ വന്നതോടെ പരാതിക്കാര്‍ വിതരണ കമ്പനിക്കും എസ്കവേറ്റര്‍ നിര്‍മിച്ച കമ്പനിക്കുമെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് മുമ്പാകെ പരാതി ഫയല്‍ ചെയ്യുകയുമായിരുന്നു. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ. എം.എ. റിബിന്‍ഷാ ഹാജരായി