District News
അഗളി: അട്ടപ്പാടി അഗളിയിലെ കുടിവെള്ള പ്രശ്നവുമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക് വിളിച്ചുചേർത്ത അദാലത്തിൽ ലഭിച്ചത് എഴുപതിലേറെ പരാതികൾ.
ഉപഭോക്താക്കൾക്ക് കുടിവെള്ളം എത്തുന്നില്ല, പണം അടച്ചിട്ടും കൺസ്യൂമർ നമ്പർ ലഭിക്കുന്നില്ല തുടങ്ങിയ പരാതിയാണ് ലഭിച്ചതിൽ അധികവും. ഗുണഭോക്താക്കളിൽനിന്ന് പിരിച്ചെടുത്ത പണം കരാറുകാരൻ പഞ്ചായത്തിൽ ഒടുക്കിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് വക്തമാക്കി.
ഓരോ ഗുണഭോക്താക്കളിൽനിന്നും 10000 മുതൽ 25000 രൂപ വരെയാണ് കുടിവെള്ള കണക്്ഷന് വേണ്ടി കരാറുകാരൻ വാങ്ങിയിട്ടുള്ളത്.
കൺസ്യൂമർ നമ്പറിനായി പഞ്ചായത്തിൽ അടയ്ക്കേണ്ട 2500 രൂപ പോലും ഗുണഭോക്താക്കളുടെ പേരിൽ പഞ്ചായത്തിൽ അടച്ചിട്ടില്ല. ഇത്തരത്തിൽ പഞ്ചായത്ത് അറിയാതെ നൽകിയ ഇരുനൂറിലേറെ കണക്്ഷനുകളുണ്ടെന്ന് ഷിബു സിറിയക് പറഞ്ഞു.
ഇവർ പഞ്ചായത്തിലെത്തി പരാതിനൽകി നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ കൺസ്യൂമർ നമ്പർ നൽകുമെന്നും അവസരം നൽകിയിട്ടും കൺസ്യൂമർ നമ്പർ എടുക്കാൻ തയാറാകാത്തവരുടെ കണക്്ഷനുകൾ വിഛേദിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
പഞ്ചായത്തിൽ നടന്ന ഇന്റേണൽ ഓഡിറ്റിംഗ് പ്രകാരം 70 ലക്ഷത്തോളം രൂപ കുടിശിക പിരിഞ്ഞു കിട്ടാനുണ്ട്. ഇക്കാര്യത്തിലും സത്വര ടപടികളുണ്ടാവും. പ്രതിദിനം 10 ലക്ഷം ലിറ്ററിലധികം വെള്ളമാണ് തുമ്പപ്പാറയിൽ ശിർവാണിപ്പുഴയിൽനിന്ന് അഗളിയിലെ കുടിവെള്ള ടാങ്കിലെത്തിക്കുന്നത്. പഞ്ചായത്തിന്റെ കണക്കനുസരിച്ച് 2000 ഗുണഭോക്താക്കളാണുള്ളത്. ഇതുപ്രകാരം ഓരോ ഗുണഭോക്താവിനും 500 ലിറ്റർ വെള്ളംവീതം ദിവസവും നൽകാവുന്നതാണ്. ഈ അവസരത്തിൽ പലർക്കും കുടിവെള്ളം ലഭിക്കാതെ വരുന്നത് ചിലർ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതുകൊണ്ടാണ്.
കുടിവെള്ള ദുർവിനിയോഗം ശ്രദ്ധയിൽപ്പെട്ടാൽ അവരുടെ കണക്്ഷനുകൾ വിഛേദിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതായും പ്രസിഡന്റ് അറിയിച്ചു. കുടിവെള്ള ടാങ്കിന്റെ തകർന്നുകിടക്കുന്ന ഫിൽട്ടർ സംവിധാനം പരിഹരിക്കുന്നതിനുള്ള നടപടികളും ഉടൻ ആരംഭിക്കുമെന്നും അറിയിച്ചു.
District News
മംഗലംഡാം: മംഗലംഡാം റിസർവോയറിലൂടെ മറുകരയായ അട്ടവാടിയിലേക്കുള്ള യാത്രാവഞ്ചികൾ തടഞ്ഞ ഡാം എഇയുടെ നടപടിയിൽ ഉന്നതാധികാരികളുടെ പരിശോധന.
പാലക്കാട് ജില്ല ഉൾപ്പെടെ വരുന്ന ഇറിഗേഷന്റെ എറണാകുളത്തുള്ള കനാൽ ഡിവിഷൻ ഓഫീസിൽ നിന്നുള്ള സംഘമാണ് സ്ഥലത്തെത്തി യാത്രാവഞ്ചികൾ പരിശോധിച്ചത്. മറുകരയിലെ ആളുകൾ യാത്രയ്ക്ക് ഉപയോഗിക്കുന്ന അഞ്ചു വഞ്ചികളാണ് സംഘം പരിശോധിച്ചത്.
വഞ്ചികൾക്ക് കേടുപാടുകളോ മറ്റു സുരക്ഷാവീഴ്ചകളോ ഇല്ലെന്ന് സംഘം വിലയിരുത്തി. സെക്്ഷൻ ഓഫീസർമാരായ രഞ്ജിത്ത്, ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്.
ഇനി മറ്റു തടസങ്ങൾ ഇല്ലാത്തതിനാൽ യാത്രാവഞ്ചികൾക്ക് ലൈസൻസ് ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് വിഷയത്തിൽ തത്സമയം ഇടപെട്ടിരുന്ന കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി ജോൺ മാസ്റ്റർ, കിഴക്കഞ്ചേരി പഞ്ചായത്ത് മെംബർ ഷാജു പുളിക്കൻ എന്നിവർ പറഞ്ഞു.
ഈ മാസം എട്ടിനാണ് ഇറിഗേഷന്റെ മംഗലംഡാം അസിസ്റ്റന്റ് എൻജിനിയർ നാട്ടുകാരുടെ യാത്രാവഞ്ചി തടഞ്ഞ് ഉടമക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്. ഇതോടെ മറ്റു യാത്രാമാർഗങ്ങളില്ലാത്ത മറുകരയായ അട്ടവാടിയിലെ ജനങ്ങൾ ബുദ്ധിമുട്ടിലായി.
കുട്ടികൾക്ക് സ്കൂളിലെത്താൻപോലും വഴിയില്ലാത്ത സ്ഥിതിയുണ്ടായി. വിവരമറിഞ്ഞ് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി ജോൺ മാസ്റ്റർ, വാർഡ് മെംബർ ഷാജു പുളിക്കൻ തുടങ്ങിയ നേതാക്കൾ ഇടപ്പെട്ടു.
ജില്ലയിലെ ഇറിഗേഷൻ ആസ്ഥാനമായ ശിരുവാണി പ്രോജക്ട് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയറെ വിളിച്ച് ജനങ്ങളുടെ യാത്രാമാർഗം തടസപ്പെടുത്തരുതെന്നാവശ്യപ്പെട്ടു. ഉടൻ പരിഹാരമുണ്ടാക്കാമെന്ന് സൂപ്രണ്ടിംഗ് എൻജിനിയർ ഉറപ്പുനൽകി.
എന്നാൽ ഉറപ്പുകൾക്കിടെ വീണ്ടും മംഗലംഡാമിന്റെ ചാർജുള്ള അസിസ്റ്റന്റ് എൻജിനിയർ ലൈസൻസ് നടപടികൾ കടുപ്പിച്ച് വഞ്ചിഉടമക്ക് വീണ്ടും നോട്ടീസ് നൽകി.
ഇത് വിഷയത്തിൽ ഇടപ്പെട്ടിരുന്നവരേയും നാട്ടുകാരേയും ഒരുപോലെ പ്രകോപിതരാക്കി.
ഇതേതുടർന്നാണ് ഇപ്പോൾ എറണാകുളത്തു നിന്നുള്ള സംഘത്തിന്റെ അടിയന്തിര പരിശോധനകൾക്ക് കാരണമായിട്ടുള്ളത്. വിഷയത്തിൽ ഉടൻ പരിഹാരമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
District News
വടക്കഞ്ചേരി: നെൽകൃഷിക്കും മറ്റു വിളകൾക്കും പന്നിക്കൂട്ടങ്ങൾ വ്യാപകമായ നാശമുണ്ടാക്കുന്നെന്ന കർഷകരുടെ പരാതിയിൽ അഞ്ചുമൂർത്തി മംഗലത്ത് വനംവകുപ്പിന്റെ ഷൂട്ടർമാരുടെ സഹായത്തോടെ ചെറുതും വലുതുമായ 14 പന്നികളെ വെടിവച്ചു കൊന്നു.
വടക്കഞ്ചേരി പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ് എന്നീ വാർഡുകളിൽപെട്ട വാവുള്യൻകാട്, തെക്കേവരി, പയ്യക്കുണ്ട്, പഴഞ്ചേരി എന്നീ പ്രദേശങ്ങളിലായിരുന്നു വനംവകുപ്പിന്റെ പന്നിവേട്ട. കർഷകരുടെ പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദിന്റെ നിർദേശത്തെ തുടർന്നാണ് വനംവകുപ്പ് ദൗത്യം നടത്തിയത്.
ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് പന്നികളുടെ ജഡം സ്ഥലത്തുതന്നെ മറവുചെയ്തു. പഞ്ചായത്ത് മെംബർമാരായ ശ്രീലത ബാബു, ബി. മഞ്ജുള, ഇസ്മയിൽ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.
കർഷകർക്ക് ശല്യമുണ്ടാക്കുന്ന പന്നികളെ കൊല്ലാൻ വരുംദിവസങ്ങളിലും നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് പറഞ്ഞു.
District News
കല്ലടിക്കോട്: സംസ്ഥാന സർവീസിൽനിന്ന് വിരമിച്ച പെൻഷൻകാരുടെ വർഷങ്ങളായി നൽകാനുള്ള ആനുകൂല്യങ്ങൾ തഞ്ഞുവയ്ക്കരുതെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കരിമ്പ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് കെ.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. മാത്യു കല്ലടിക്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബീനാ ജോയി മുഖ്യപ്രഭാഷണം നടത്തി.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് നവാസ്, സി.എം.നൗഷാദ്, ജോയി ജോസഫ്, ഗോപി പൂന്തോട്ടത്തിൽ, അച്ചൻ മാത്യു, വി. സുകുമാരൻ, എ. അസൈനാർ, ആലക്കൽ ശിവദാസൻ, പി.എസ്. രാമചന്ദ്രൻ, പി .ഭാസ്കരൻ, പി.ജി. പ്രസാദ്, തുടങ്ങിയവർ പ്രസംഗിച്ചു.
കെഎസ്എസ്പിഎ കരിമ്പ മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ കർമശ്രേഷ്ഠ അവാർഡ് ജേതാക്കളായ മണ്ണാർക്കാട് തഹസിൽദാർ അബ്ദുറഹ്്മാൻ പോത്തുക്കാടൻ, അഡിഷണൽ തഹസിൽദാർ പി.എം.അസ്മാബി എന്നിവരെ ആദരിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി. ഭാസ്കരൻ, ഡോക്ടറേറ്റ് ലഭിച്ച അഞ്ജലീദാസ് എന്നിവരേയും ആദരിച്ചു.
പുതിയ ഭാരവാഹികളായി ഡോ. മാത്യു കല്ലടിക്കോട്- പ്രസിഡന്റ്, പി.എസ്. രാമചന്ദ്രൻ, കെ.എം. മുരളീദാസ്, ട്രീസാജോൺ- വൈസ് പ്രസിഡന്റുമാർ, ജോയി ജോസഫ്- സെക്രട്ടറി, പി. ഭാസ്കരൻ, കുട്ടികൃഷ്ണൻ, എ.സി. മോളി- ജോയിന്റ് സെക്രട്ടറിമാർ, പി.ജി. പ്രസാദ്- ട്രഷറർ, മോളി ഫ്രാൻസിസ്- വനിതാ ഫോറം പ്രസിഡന്റ്, ഷീബാ ജോൺ- വനിതാ ഫോറം സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
District News
അഗളി: അട്ടപ്പാടി കാരറ ആനഗദ്ദയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ആനഗദ്ദ ആലുംചുവട്ടിൽ സൂരജിന്റെ വാഴത്തോട്ടവും കവുങ്ങുകളുമാണ് കഴിഞ്ഞ രാത്രി കാട്ടാനകൾ തകർത്തത്. അഗളി ആർആർടി സംഘത്തെ അറിയിച്ചിട്ടും സ്ഥലത്തെത്തിയില്ലെന്ന് സൂരജ് പറഞ്ഞു.
വീടിനു സമീപത്തെത്തിയ കാട്ടാനകൾ ഇന്നലെ പുലർച്ചയോടെയാണ് സ്ഥലംവിട്ടത്. കഴിഞ്ഞ ഓഗസ്റ്റിൽ കാട്ടാനകൾ പറമ്പിലെത്തി വൻ നാശം വിതച്ചിരുന്നു. കഴിഞ്ഞയിടെയുണ്ടായ കാറ്റിലും മഴയിലുംപെട്ട് ആയിരത്തഞ്ഞൂറോളം വാഴകൾ ഒടിഞ്ഞുവീണു. അനഗദ്ദയിലെ വീട്ടിൽ സൂരജ് ഒറ്റയ്ക്കാണ് താമസം. സ്ഥലത്തിന്റെ തണ്ടപ്പേര് ലഭിക്കാത്തതിനാൽ നഷ്ടപരിഹാരത്തിന് പരാതി കൊടുക്കുന്നതിനുപോലും കഴിഞ്ഞില്ലെന്ന് സൂരജ് പറഞ്ഞു.
District News
കൽപ്പറ്റ: ദുരന്തമുഖങ്ങളിൽനിന്നു വളർത്തുമൃഗങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതിന് രാജ്യത്തെ ആദ്യ ദുരിതാശ്വാസ കേന്ദ്രം കോട്ടത്തറ പഞ്ചായത്തിലെ ചീരകത്ത് യാഥാർഥ്യമാകുന്നു. കേന്ദ്രത്തിന്റെ ശിലാസ്ഥാപനം കൃഷി മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. പ്രകൃതിദുരന്തങ്ങളിൽ അകപ്പെടുന്ന കന്നുകാലികളെയും മറ്റ് വളർത്തുമൃഗങ്ങളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്ത മുന്നറിയിപ്പുകൾ ലഭിക്കുന്പോൾ മൃഗങ്ങളെ മാറ്റിപ്പാർപ്പിച്ച് തീറ്റ, വെള്ളം, അടിസ്ഥാന വെറ്ററിനറി പരിചരണം എന്നിവ ഉറപ്പാക്കാൻ കേന്ദ്രത്തിലൂടെ സാധിക്കും. ഒരേസമയം 100 മുതൽ 150 വരെ വളർത്തുമൃഗങ്ങളെ സംരക്ഷിക്കാനുള്ള സൗകര്യമാണ് കേന്ദ്രത്തിലുണ്ടാകുക. ദുരന്ത സമയങ്ങളിൽ കന്നുകാലികളെയും അരുമ മൃഗങ്ങളെയും കൂടെ കൂട്ടാൻ കഴിയാത്തതിന്റെ വിഷമത്തിൽ കഴിയുന്ന കർഷകർക്ക് മൃഗസംരക്ഷണ ദുരിതാശ്വാസ-പുനരധിവാസ കേന്ദ്രം ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
ഉഷ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്ഥാന ദുരന്ത നിവാരണ വിഭാഗം മെംബർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത, വൈസ് പ്രസിഡന്റ് ഇ.സി. അജീഷ്, ഹ്യൂമൻ വേൾഡ് മാനേജിംഗ് ഡയറക്ടർ ആലോക്പർണ സെൻ ഗുപ്ത, സീനിയർ മാനേജർ പ്രവീണ്‍ സുരേഷ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് ചെയർപേഴ്സണ്‍മാരായ ഇ.ആർ. പുഷ്പ, പി.പി. റെനീഷ്, ലീലാമ്മ ജോസഫ്, ത്രിതല പഞ്ചായത്തംഗങ്ങളായ നസീമ, എം.ജി. ജെനിമോൾ, സലാം നീലിക്കണ്ടി എന്നിവർ പ്രസംഗിച്ചു. ഒരു കോടി രൂപ ചെലവിലാണ് ദുരിതാശ്വാസ കേന്ദ്രം നിർമിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും ഹ്യൂമൻ വേൾഡ് ഫോർ ആനിമൽസ് ഇന്ത്യയുമാണ് തുക വകയിരുത്തിയത്.
District News
മേപ്പാടി: പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ ചെന്പ്ര അങ്കണവാടിയിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി ടി. സിദ്ദീഖ് നാടിന് സമർപ്പിച്ചു. മേപ്പാടി പഞ്ചായത്തിലെ ജില്ലയിലെ 876 അങ്കണവാടി ജീവനക്കാർക്ക് സംഘടിപ്പിച്ച ശക്തീകരണ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മന്ത്രി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വൈസ് പ്രസിഡന്റ് ജോണ്‍ മാതാ, വാർഡ് അംഗം എസ്. സുരേഷ്, എഎൽഎംസി കമ്മിറ്റി അംഗം പി. ബാബു, ഐസിഡിഎസ് പ്രോഗ്രാം ഓഫിസർ ഗീത എം. ഷാജി, സിഡിപിഒ കെ.പി. ഷൈജ, ഈസ്റ്റേണ്‍ ബിസിനസ് യൂണിറ്റ് സിഇഒ ഗിരീഷ് നായർ എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ നഗരസഭയിലും മുട്ടിൽ, പടിഞ്ഞാറത്തറ, മേപ്പാടി, പൂതാടി, വെങ്ങപ്പള്ളി, തരിയോട്, കോട്ടത്തറ, മൂപ്പൈനാട് പഞ്ചായത്തുകളിലുമാണ് നവീകരിച്ച അങ്കണവാടികൾ. ജില്ലാ ഭരണകൂടം, വനിതാ-ശിശുവികസന വകുപ്പ്, ഐസിഡിഎസ് എന്നിവ സംയുക്തമായി സിഐഐ ഫൗണ്ടേഷൻ, ഈസ്റ്റേണ്‍ ഓർക ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവൃത്തി നടത്തിയത്.
District News
കൽപ്പറ്റ: ഗോത്ര വിഭാഗങ്ങളുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരന്പരാഗത അറിവും കൈകോർക്കണമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. പുത്തൂർവയൽ ഡോ.എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനം എന്നിവ സംയുക്തമായി സംഘടിപ്പിച്ച ’ഗോത്രജ്യോതി’ ആദിവാസി കർഷക ശക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദിവാസികളാണ് ഭൂമിയുടെ പരന്പരാഗത സംരക്ഷകർ. അവരുടെ ക്ഷേമത്തിന് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ഉഷ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പരന്പരാഗത നെല്ലിനങ്ങൾ സംരക്ഷിക്കുന്നതിന് ജീവിതം സമർപ്പിച്ച പദ്മശ്രീ ചെറുവയൽ രാമന് ചടങ്ങിൽ സ്മരണാഞ്ജലി അർപ്പിച്ചു.
കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ.ജി. ബൈജു മുഖ്യപ്രഭാഷണം നടത്തി. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ, എംഎസ്എസ്ആർഎഫ് ഏരിയ ഡയറക്ടർ ഡോ.സി. തന്പാൻ, എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. രംഗലക്ഷ്മി, കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.വി. ശ്രീനിവാസൻ, സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സിൽ മെംബർ സെക്രട്ടറി ഡോ.പി. ഹരിനാരായണൻ, എംഎസ്എസ്ആർഎഫ് ജൈവ വൈവിധ്യ വിഭാഗം ഡയറക്ടർ ഡോ. ഇസ്രയേൽ ഒലിവർ കിംഗ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ രജനീകാന്ത്, ജില്ലാ ട്രൈബൽ ഡവലപ്മെന്റ് ആക്ഷൻ കൗണ്‍സിൽ പ്രസിഡന്റ് ലത, ഡോ. ശ്രീറാം വിഷ്ണു, ഈശ്വരപ്രസാദ്, ടി.സി. ജോസഫ്, എം.കെ. ബിനേഷ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സർക്കാരിന്റെ മികച്ച യുവകർഷകനുള്ള അവാർഡ് നേടിയ ഹാഷിഖ് പൊഴുതനയെയും പരന്പരാഗത വിത്തിനങ്ങളുടെ സംരക്ഷകൻ രാഘവൻ മൂപ്പനെയും ആദരിച്ചു. ഏലം കൃഷിയുമായി ബന്ധപ്പെട്ട് കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനം തയാറാക്കിയ പ്രസിദ്ധീകരണങ്ങളും കുരുമുളകുകൃഷി, മനുഷ്യ-വന്യജീവി സംഘർഷം, വിത്തുത്സവം എന്നിവ സംബന്ധിച്ച് എംഎസ്എസ്ആർഎഫ് തയാറാക്കിയ പ്രസിദ്ധീകരണങ്ങളും പ്രകാശനം ചെയ്തു.
ഡിബിടി സ്കിൽ വിജ്ഞാൻ പ്രോഗ്രാമിൽ പരീശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഡോ.പി. ഹരിനാരായണൻ നിർവഹിച്ചു. സാങ്കേതിക പരിശീലന സെഷനുകൾ നടന്നു. കർഷകർക്ക് കാർഷിക ഉപകരണങ്ങൾ, ഉത്പാദനോപാധികൾ, നടീൽ വസ്തുക്കൾ എന്നിവ വിതരണം ചെയ്തു.
District News
പുൽപ്പള്ളി: ഇരുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ ജൂബിലി സമാപിച്ചു. സമാപന സമ്മേളനം കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു.
ജൂബിലി ഭവനത്തിന്റെ വെഞ്ചിരിപ്പ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ നിർവഹിച്ചു.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലൂപ്കുമാർ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ, ജില്ലാപഞ്ചായത്തംഗം അമൽ ജോയ്, ബ്ലേക്ക് പഞ്ചായത്തംഗം ശ്രീദേവി മുല്ലക്കൽ, പഞ്ചായത്തംഗം സുലേഖ ബഷീർ, ഫാ. സുനിൽ വട്ടുക്കുന്നേൽ, കെ.കെ. ഷിബുകുമാർ, അബ്ദുൾ ഗഫൂർ റഹ്മാനി, ടി.ടി. സതീശൻ, വികാരി ഫാ. റോയി വട്ടക്കാട്ട്, കണ്‍വീനർ വി.ഡി. ജോസ്, സിസ്റ്റർ ജെസി പോൾ എസ്കെഡി, ജിനീഷ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
District News
സുൽത്താൻ ബത്തേരി: കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വിപണിയിൽ അരിവില കുതിച്ചുയരുന്നത് കുടുംബ ബജറ്റുകൾക്ക് തിരിച്ചടിയാകുന്നു. ഒരാഴ്ചയ്ക്കിടെ വിവിധയിനം അരികൾക്ക് കിലോയ്ക്ക് നാല് രൂപ മുതൽ 12 രൂപ വരെയാണ് വില വർധിച്ചത്. ബിരിയാണി അരിക്ക് കിലോയ്ക്ക് 10 രൂപ മുതൽ 20 രൂപ വരെയും വില കൂടി. അരിക്കു പുറമേ മസാലകൾക്കും പച്ചക്കറികൾക്കും വില ഉയർന്നതോടെ സാധാരണക്കാരുടെ അടുക്കളച്ചെലവും വർധിക്കുകയാണ്.
ഒരാഴ്ച മുന്‍പ് കിലോയ്ക്ക് 50 രൂപയായിരുന്ന ജയ അരിയുടെ വില 55 രൂപയായി ഉയർന്നു. പൊന്നി അരിക്ക് 60 രൂപയിൽനിന്ന് 68 രൂപയായും പൊന്നി ചൂടിക്ക് 65 രൂപയിൽനിന്ന് 78 രൂപയായും വില വർധിച്ചു. പൊന്നി ഫൈവ് അരിയുടെ വില 60 രൂപയിൽനിന്ന് 68 രൂപയായി. വൈറ്റ് ആൻഡ് വൈറ്റ് അരിക്ക് 50 രൂപയായിരുന്നത് 56 രൂപയിലേക്കും ഉയർന്നു. മന്തി അരിയുടെ വില കിലോയ്ക്ക് 140 രൂപയിലെത്തി.
മലയാളികൾക്ക് പ്രിയപ്പെട്ട ബിരിയാണി അരിയുടെയും വില വർധന ശ്രദ്ധേയമാണ്. ജോക്കർ ബ്രാൻഡ് അരിക്ക് കിലോയ്ക്ക് 80 രൂപയായിരുന്നത് 100 രൂപയായി. മലബാർ, ത്രീമാൻ തുടങ്ങിയ ബ്രാൻഡുകളുടെ ബിരിയാണി അരിക്ക് 180 രൂപയിൽനിന്ന് 190 രൂപയായും ഉയർന്നു. ബിരിയാണി ഉൾപ്പെടെയുള്ള വിഭവങ്ങൾ തയാറാക്കുന്നതിനുള്ള ചെലവും ഇതോടെ വർധിക്കും.
അരിക്കു പുറമേ മസാലകൾ, ബിസ്കറ്റുകൾ, പച്ചക്കറികൾ തുടങ്ങിയവയ്ക്കും വിപണിയിൽ വില കൂടിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടാകുന്ന തുടർച്ചയായ വർധന സാധാരണക്കാരുടെ പ്രതിമാസ ചെലവുകളെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.
ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ പ്രധാന അരി ഉത്പാദക മേഖലകളിലുണ്ടായ കാലാവസ്ഥാ പ്രതികൂല സാഹചര്യങ്ങളും എൽനിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട വരൾച്ചയും നെല്ലുത്പാദനത്തെ ബാധിച്ചതാണ് വിലവർധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ വരും ദിവസങ്ങളിലും അരിവില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽനിന്നുള്ള സൂചന.
District News
ആറ്റിങ്ങല്‍: മഴ മാറി വെയില് വന്നപ്പോഴും ജി.വി. രാജയുടെ മെഡല്‍ വേട്ടയ്ക്ക് മാത്രം ഒരു വേഗക്കുറവുമില്ല. ട്രാക്കിലും ഫീല്‍ഡിലും ഒരേപോലെ മിന്നും പ്രകടനം നടത്തി മൈലം ജിവി രാജാ സ്കൂളിന്റെ മെഡല്കൊയ്ത്തും സമ്പൂര്‍ണ ആധിപത്യവും. റവന്യു ജില്ലാ സ്കൂള്‍ അത്ലറ്റിക് മീറ്റ് രണ്ടു ദിനം പിന്നിട്ടപ്പോൾ മത്സരം പൂര്‍ണമായും ജി.വി. രാജ താരങ്ങളുടെ നിയന്ത്രത്തിലാണ്.
മെഡല്‍ വേട്ടയിലും പോയിന്റ് പട്ടികയിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ജിവി രാജായുടെ മുന്നേറ്റം. 36 സ്വര്‍ണവും 22 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 253 പോയിന്റുമായയാണ് സ്പോര്‍ട്് ഹോസ്റ്റല്‍ വിഭാഗത്തില്‍ ജി.വി. രാജയുടെ തേരോട്ടം. ആറു സ്വര്‍ണവും ഒന്‍പതു വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 64 പോയിന്റുമായി ശ്രീ അയ്യങ്കാളി സ്പോര്‍ട്സ് സ്കൂള്‍ രണ്ടാം സ്ഥാനത്തും ഒരു സ്വര്‍ണവും മൂന്നു വെങ്കലവുമായി ആറ്റിങ്ങല്‍ സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റല്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
സബ് ജില്ലയില്‍ ആധിപത്യമുറപ്പിച്ച് നെയ്യാറ്റിന്‍കര
സബ് ജില്ലകളില്‍ നെയ്യാറ്റിന്‍കരയാണ് ആദ്യ ദിനം മുതല്‍ ആധിപത്യം തുടരുന്നത്.11 സ്വര്‍ണവും 11 വെള്ളിയും ഒന്‍പതു വെങ്കലവും ഉള്‍പ്പെടെ 122 പോയിന്റോ ടെയാണ് നെയ്യാറ്റിന്‍കര ഒന്നാം സ്ഥാനത്ത് തുടരുന്നത്. മൂന്നു സ്വര്‍ണവും ഏഴു വെള്ളിയും ഏഴു വെങ്കലവുമായി 57 പോയിന്റോടെ തിരുവനന്തപുരം നോര്‍ത്ത് രണ്ടാം സ്ഥാനത്തും ഒരു സ്വര്‍ണവും രണ്ടു വെള്ളിയും ആറു വെങ്കലവും ഉള്‍പ്പെടെ 22 പോയിന്റോടെ തിരുവനന്തപുരം സൗത്ത് മൂന്നാം സ്ഥാനത്തുമുണ്ട്.
ജനറല്‍ സ്കൂളുകളില്‍ അരുമാനൂരിന്റെ മുന്നേറ്റം
ജനറല്‍ സ്കൂള്‍ വിഭാഗത്തില്‍ എംവിഎച്ച്എസ്എസ് മാനൂരിന്റെ മുന്നേഅരുമാനൂരിന്റെ മുന്നേറ്റം തുടരുകയാണ്. അഞ്ചുവീതം സ്വര്‍ണവും വെള്ളിയും വെങ്കലവുമായി 45 പോയിന്റോടെ അരുമാനൂര്‍ മെഡല്‍പട്ടികയില്‍ ഒന്നാമത് തുടരുമ്പോള്‍ കാഞ്ഞിരംകുളം പികെഎസ്എച്ച്എസ്എസ് ഒരു സ്വര്‍ണവും അഞ്ചു വെള്ളിയും രണ്ട് വെങ്കലവുമായി 22 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഒന്നു വീതം സ്വര്‍ണവും വെള്ളിയും വെങ്കലവുമായി ഒന്‍പതു പോയിന്റോടെ പട്ടം സെന്റ് മേരീസ് മൂന്നാം സ്ഥാനത്തുമുണ്ട്. മീറ്റിന് ഇന്നു കൊടിയിറങ്ങും.
District News
ആറ്റിങ്ങല്‍: റവന്യു ജില്ലാ സ്കൂള്‍ കായികമേളയിലെ വേഗമേറി താരങ്ങളായി ഏബല്‍ തദേവൂസും കെ.വി. അമൃതയും. മീറ്റിലെ തന്നെ ഏറ്റവും ഗ്ലാമര്‍ പോരാട്ടമായ സീനിയര്‍ വിഭാഗം നൂറുമീറ്ററില്‍ ആണ്‍കുട്ടികളില്‍ ജി.വി. രാജാ സ്പോര്‍ട്സ് സ്കൂളിലെ ഏബല്‍ തദേവൂസ് 11.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സുവര്‍ണ നേട്ടത്തിന് ഉടമയയാത്. തീരദേശമേഖലയായ പുല്ലുവിളയില്‍ നിന്നുമാണ് ഏബല്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ജി.വി. രാജാ സ്കൂളിലേക്ക് പഠനം മാറ്റിയത്. ഇക്കുറി ആറ്റിങ്ങലില്‍നിന്നും സുവര്‍ണ നേട്ടവുമായാണ് കോഴിക്കോട് സംസ്ഥാന സ്കൂള്‍ മീറ്റിനായി പോകുന്നത്. നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എം. മുഹമ്മദ് ബിലാല്‍ (11.28 സെക്കന്‍ഡ്) വെള്ളിയും ആര്യനാട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എച്ച് അഭിഷേക് കരണ്‍ (11.66 സെക്കന്‍ഡ്) വെങ്കലവും നേടി.
മീറ്റിലെ വേഗമേറിയ പെണ്‍കുട്ടിയായി ജി.വി. രാജയുടെ തന്നെ കെ.വി. അമൃതയാണ് ഓടിക്കയറിയത്. 12.57 സെക്കന്‍ഡിലായിരുന്നു അമൃതയുടെ ഫിനിഷിംഗ്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശിനിയാണ് അമൃത. ലോംഗ് ജംപിലും പോരാട്ടത്തിനിറങ്ങി മെഡല്‍ നേട്ടം സ്വന്തമാക്കിയിരുന്നു. 100 മീറ്ററില്‍ വെളളി നേട്ടവും ജി.വി. രാജാ താരത്തിനു തന്നെയാണ്. എ. നന്ദന 12.66 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളിയില്‍ മുത്തമിട്ടപ്പോള്‍ അയ്യങ്കാളി മോഡല്‍ സ്കൂളിലെ ബി. അബിശ്രീ (13.73 സെക്കന്‍ഡ്) വെങ്കല നേട്ടത്തിനും ഉടമയായി.
District News
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പൂജവയ്പ് ചടങ്ങുകള്‍ ആരംഭിച്ചു. 21 ന് രാവിലെ പൂജയെടുപ്പും വിദ്യാരംഭവും നടത്തും. ക്ഷേത്രം മേല്‍ശാന്തി പി.എസ്. ശ്രീധരന്നന്പൂതിരി കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം കുറിക്കും.
ആയയിൽ കരിയിലക്കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ 21 ന് രാവിലെ ഏഴിന് കവി എന്‍.എസ്. സുമേഷ് കൃഷ്ണന്, ക്ഷേത്രം മേല്‍ശാന്തി സുഗതന്ശാന്തി എന്നിവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകരും.
മുര്യങ്കര ഇലങ്കം ഭഗവതി ക്ഷേത്രത്തില്‍ പൂജവയ്പ് ചടങ്ങുകള്‍ക്ക് തുടക്കമായി. 21 ന് രാവിലെ പൂജയെടുപ്പും വിദ്യാരംഭവും. മൂവോട്ടുകോണം ശ്രീഭഗവതി ക്ഷേത്രത്തില്‍ 21 ന് രാവിലെ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന് അഡ്വ. രാജേന്ദ്രന് കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കും. ആഴിമല ശിവക്ഷേത്രത്തില്‍ 21 ന് രാവിലെ അഞ്ചിന് നിര്‍മാല്യം, 5.30 ന് ഗണപതിഹോമം, ഏഴിന് വിജയദശമി ഉദ്ഘാടനം എസ്.യു.ടി ഹോസ്പിറ്റല്‍ സി.ഇ.ഒ കേണല്‍ രാജീവ് മണാലി നിര്‍വഹിക്കും. 7.15 ന് ക്ഷേത്രം മേല്‍ശാന്തി ജ്യോതിഷ് പോറ്റി കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കും.
നെടുമങ്ങാട്: പനയമുട്ടം ആയിരവല്ലി ഭദ്രകാളി ക്ഷേത്രത്തിൽ വിജയദശമി ആഘോഷത്തിന്റെ ഭാഗമായുള്ള പൂജകൾ ഇന്നു മുതൽ 21 വരെ നടക്കും. 21നു രാവിലെ ഏഴിനാണു വിദ്യാരംഭം. അധ്യാപിക സുഗത കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും.
മഹാനവമി, വിജയദശമിയുടെ ഭാഗമായി ക്ഷേത്രത്തിൽ പൂജ വയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.
ആര്യനാട്: കണിയാകുഴി ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ 21ന് രാവിലെ പൂജയെടുപ്പ് നടത്തും. വിദ്യാരംഭത്തിനു ക്ഷേത്രം മേൽശാന്തി ഡി. ഗോപൻ പോറ്റി, റിട്ട. പ്രഫ. ഡോ. സുനിൽ കേശവ ദത്ത്, റിട്ട. അഡീഷനൽ സെക്രട്ടറി വി. നാഗേന്ദ്രൻ എന്നിവർ നേതൃത്വം നൽകും.
ആര്യനാട്: പറണ്ടോട് പ്രേംജിത്ത് സ്മാരക ഗ്രന്ഥശാലയിൽ 21ന് 7.30ന് വിദ്യാരംഭം നടക്കും. സാഹിത്യകാരൻ ആര്യനാട് സത്യൻ വിദ്യാരംഭത്തിന് നേതൃത്വം നൽകും.
നെടുമങ്ങാട്: പഴവടി മഹാഗണപതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് തുടക്കമായി. ഇന്നു സരസ്വതി ദേവി നടയിൽ വിശേഷാൽ ദീപാരാധന. നാളെ വൈകുന്നേരം ആയുധ പൂജ ആരംഭം. 21ന് രാവിലെ 7ന് പൂജയെടുപ്പ്, വിദ്യാരംഭം.
നെടുമങ്ങാട്: പൂവത്തൂർ പട്ടാളം ജംഗ്ഷൻ നിധി കലാമന്ദിറിലെ വിദ്യാരംഭം വിജയദശമി ദിനമായ 21ന് രാവിലെ 11 മണിക്ക് നടക്കും. ജയശ്രീ വിനോദിനി ക്ലാസുകൾക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക് 9745233746.
District News
തിരുവനന്തപുരം: സ്ത്രീകളുടെ സാമൂഹികവും തൊഴില്‍പരവുമായ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നല്കി സംസ്ഥാന സര്‍ക്കാര്‍ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രസ്താവിച്ചു.
കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ തൈക്കാട് റസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച "പോഷ് ആക്ട് 2013 ആന്‍ഡ് സ്ത്രീകളുടെ മാനസികാരോഗ്യം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ചെയ്യുക യായിരുന്നു മന്ത്രി. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും ഉയര്‍ത്തിപ്പിടിക്കുന്ന സമഗ്രമായ വനിതാനയം അടുത്ത അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ വനിതകളെ ചേര്‍ത്തുപിടിക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതവും അന്തസുള്ളതുമായ അന്തരീക്ഷം ഒരുക്കേണ്ടത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരള വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിച്ചു. തൈക്കാട് വാര്‍ഡ് കൗണ്‍സിലര്‍ ജി.വേണുഗോപാല്‍, കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ മേരി പുഷ്പം, വനിതാ കമ്മീഷന് അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്, അഡ്വ. എലിസബത്ത് മാമന് മത്തായി, വി.ആര്. മഹിളാമണി, അഡ്വ.പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി ബീന, വനിതാ കമ്മീഷന് പിആര്‍ഒ ടി.എസ്. ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിലെ കറണ്ടകംചിറയിൽ പ്രവർത്തിക്കുന്ന അനധികൃത തെരുവുനായ കേന്ദ്രത്തിനെതിരെ സിപിഎം കുറ്റിച്ചൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു.സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിവിധ ബ്രീഡുകളിലുള്ള നായകളെയും അലങ്കാര പക്ഷികളെയും വളർത്തുന്നതിനും വില്പന നടത്തുന്നതിനും വേണ്ടിയാണ് വെള്ളറട സ്വദേശി പഞ്ചായത്തിൽ ലൈസൻസിന് അപേക്ഷ നൽകിയത്. ഇതനുസരിച്ച് 10 ഇനങ്ങളിലുള്ള 50 നായകളെ വളർത്തുന്നതിനുള്ള ലൈസൻസ് പഞ്ചായത്ത് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ ലൈസൻസിന്റെ മറവിൽ തിരുവനന്തപുരം കോർപറേഷനിലെ വിവിധ പ്രദേശങ്ങളിലുള്ള തെരുവു നായകളെ അടച്ചവാഹനത്തിൽ കൊണ്ടുവന്നു കറണ്ടകംചിറയിലെ അനധികൃത ഷെൽട്ടറിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
നേരത്തെ കോഴിഫാം നടത്തിയിരുന്ന സ്ഥലത്താണ് ഇപ്പോൾ തെരുവുനായ കേന്ദ്രം നടത്തുന്നത്. ഏകദേശം 250 ഓളം നായകളെയാണ് ഇവിടെ സംരക്ഷിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെരുവുനായ സംരക്ഷണ നിയമത്തിന്റെ ഭാഗമായി ലഭിക്കുന്ന സാമ്പത്തികസഹായത്തിലാണ് അനധികൃത കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. രാത്രിയും പകലും തെരുവുനായകളുടെ അലർച്ചയും ഓരിയിടലും കാരണം ജനങ്ങൾക്കു സ്വൈര്യജീവിതം നഷ്ടപ്പെട്ട സ്ഥിതിയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
നഗരത്തിൽനിന്നും പാർപ്പിക്കാൻ ഏറ്റെടുക്കുന്ന നായകളെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തുറന്നുവിടുകയാണെന്നും സമരക്കാർ ആരോപിച്ചു. സാംസ്കാരികനിലയത്തിനു മുന്നിൽനിന്നു കുറ്റിച്ചൽ പഞ്ചായത്ത് ഓഫിസിലേക്ക് പ്രകടനമായാണ് സമരക്കാരെത്തിയത്.
കോട്ടൂർ സലിം അധ്യക്ഷത വഹിച്ചു. അഡ്വ. ജി.സ്റ്റീഫൻ എംഎൽഎ, ജില്ലാ സെക്രട്ടേറിയറ്റംഗം ഐ. സാജു, ഏരിയാ സെക്രട്ടറി കെ.ഗിരി, ലോക്കൽ സെക്രട്ടറി ജി. മണികണ്ഠൻ, രമേശൻ, സുദർശനൻ, എം. അഭിലാഷ്, കെ.പി. അജയൻ, സുഗതകുമാർ, അൻവർ, ദീപിക തുടങ്ങിയവർ പ്രസംഗിച്ചു.
എന്നാൽ കരാറിനു വിരുദ്ധമായാണു ഷെൽട്ടർ പ്രവർത്തിക്കുന്നതെന്നു ബോധ്യപ്പെട്ടതിനെ തുടർന്നു വെള്ളിയാഴ്ച തന്നെ പ്രവർത്തനാനുമതി തടഞ്ഞുകൊണ്ടു സ്ഥാപനത്തിനു നോട്ടീസ് നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് രാധാ ജയൻ അറിയിച്ചു. സ്ഥാപനത്തിൽ സംരക്ഷിക്കുന്ന തെരുവുനായ്ക്കളെ ഏഴു ദിവസത്തിനകം നീക്കിയില്ലെങ്കിൽ ലൈസൻസിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
District News
കുണ്ടറ : നെടുമ്പായിക്കുളത്തിനും ആറുമുറിക്കടയ്ക്കും ഇടയില്‍ മുസ്ലിം പള്ളി ഭാഗത്തെ കനാല്‍ റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതിനാല്‍ ദുരിത യാത്രയില്‍ നാട്ടുകാര്‍ വലയുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് നിര്‍മാണത്തിനാണ് റോഡ് പൊളിച്ചിട്ടത്. എന്നാല്‍ ഈ ഭാഗത്ത് പണി നടക്കുന്നില്ല.
റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ ഇരുചക്രവാഹന യാത്രികരും പ്രായമേറിയവരും കാല്‍നടയാത്രക്കാരും പ്രയാസപ്പെടുകയാണ്. കല്ലിളക്കി കിടക്കുന്നതിനാല്‍ സ്കൂള്‍ വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ മറ്റു ടാക്സികള്‍ എന്നിവ ഇവിടെ വരാന്‍ മടിക്കുന്നു. ഓട്ടോകള്‍ വന്നാല്‍ മറ്റു റോഡ് വഴി കറങ്ങി വരുന്നതിനാല്‍ ഇരട്ടി തുക ഈടാക്കുന്നു. ആശുപത്രിയില്‍ പോകാന്‍ പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പ്രദേശവാസികള്‍.
District News
കുളത്തൂപ്പുഴ : കുളത്തുപ്പുഴയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്ത് അടക്കമുള്ള വന്യ മൃഗങ്ങളെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള വനം വകുപ്പിന്റെ ആനിമല്‍ ഡ്രൈവ് മൂന്നാം ഘട്ടം പൂര്‍ത്തിയായി. കളംകുന്ന് ഫോറസ്റ്റ് സെക്ഷന്‍ ഓഫിസിന് മുന്നില്‍ പഞ്ചായത്ത് പ്രസിഡന്റ് എം. സൈനബാബീവി ഡ്രൈവ് ഉദ്ഘാടനം ചെയ്തു.
ഡ്രൈവിന് ജനകീയ പങ്കാളിത്തം കുറയുന്നതിലുള്ള ആശങ്ക സൈനബാബീവി പങ്കുവച്ചു. തുടര്‍ന്ന് അഞ്ചല്‍ ആര്‍ആര്‍ടി ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ വിഷ്ണു. എസ്. കുമാറിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സജീഷ് കുമാര്‍, ഫോറസ്റ്റ് ഓഫിസര്‍ ശ്രീകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. നിസാം, ഷബ്ന അന്‍വര്‍, സുനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ടോം, 16 എക്കര്‍ റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് ജെറിന് ജയിംസ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞു ഡ്രൈവ് പൂര്‍ത്തിയാക്കി.
ഡ്രൈവ് നടന്ന പ്രദേശത്ത് ഫെന്‍സിംഗ് ഒരു കിലോമീറ്ററോളം ഓഫ് ചെയ്തത് നിരീക്ഷിച്ച ശേഷമാണ് നടപടികള്‍ ആരംഭിച്ചത്. ഒരു കാട്ടുപോത്തിനെ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും നിരീക്ഷണവും പട്രോളിംഗും തുടരുമെന്നും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കുളത്തൂപ്പുഴ ടൗണിനോട് ചേര്‍ന്ന് വയോധികന് കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് 16 ഏക്കര്‍ മുതല്‍ മരുതിമൂടുവരെയുള്ള പ്രദേശങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെ ആനിമല്‍ ഡ്രൈവ് സംഘടിപ്പിച്ച് വന്യ മൃഗങ്ങളെ തുരത്തിയത്. 16 ഏക്കര്‍ റസിഡന്‍സ് അസോസിയേഷന്റെ ഇടപെടലും ഡ്രൈവിന് നിര്‍ണയകമായി.
District News
കൊല്ലം :കുട്ടികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനും വരുംതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് ഇളമ്പള്ളൂര്‍ പഞ്ചായത്ത് നടപ്പിലാക്കുന്ന 'പോഷകത്തോട്ടം' പദ്ധതി സ്കൂളുകള്‍ക്ക് പിന്നാലെ അങ്കണവാടികളിലേക്കും വ്യാപിപ്പിക്കുന്നു.
ആദ്യഘട്ടത്തില്‍ ഇളമ്പള്ളൂര്‍ കെജിവി യുപിഎസ്, പെരുമ്പുഴ സര്‍ക്കാര്‍ എല്‍പിഎസ്, എസ്എ ബിടിഎം യുപി എസ്, ആലമൂട് യുപി ജിഎസ് എന്നീ നാല് വിദ്യാലയങ്ങളാണ് പദ്ധതിയുടെ ഭാഗമായത്. തെരഞ്ഞെടുത്ത ഓരോ സ്കൂളുകള്‍ക്കും 25 ചെടിച്ചട്ടികളും തൈകളും വളവും സൗജന്യമായി നല്കി. സുഗമമായി കൃഷി ചെയ്യാന്‍ സാധിക്കുന്ന തക്കാളി, പച്ചമുളക്, വഴുതന, വെണ്ട, പയര്‍ എന്നിവയുടെ തൈകളാണ് പ്രധാനമായും വിതരണം ചെയ്തത്. കൃഷി വകുപ്പിന്റെ ഡവലപ്പ്മെന്റ് ഓഫ് ഫ്രൂട്ട് ക്ലസ്റ്റര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മികച്ച ഫലവൃക്ഷത്തൈകളും വിദ്യാലയങ്ങള്‍ക്ക് നല്കി. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൃഷിയെ കുറിച്ചും പോഷകത്തോട്ടത്തിന്റെപരിപാലനത്തെകുറിച്ചും പരിശീലനം നല്‍കുക കൂടി ചെയ്തതോടെ കൃഷി വന്‍ വിജയമായി. ഇതോടെയാണ് രണ്ടാം ഘട്ടമായി 10 അങ്കണവാടികളെ കൂടി പദ്ധതിയുടെ ഭാഗമാക്കാന്‍ പഞ്ചായത്ത് തയാറെടുക്കുന്നത്.
സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിന് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനൊപ്പം മണ്ണറിഞ്ഞ് വളരാന്‍ കുട്ടികളെ പ്രാപ്തരാക്കുക കൂടിയാണ് 'പോഷകത്തോട്ടം' പദ്ധതി. സ്കൂള്‍ മുറ്റത്തെ കൃഷിയില്‍ നിന്ന് കുട്ടികളെ വിശാലമായ ഭൂവിനിയോഗ കൃഷിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇളമ്പള്ളൂര്‍ കൃഷി വകുപ്പ് ഓഫീസര്‍ ജി.അഞ്ജന വ്യക്തമാക്കി.
District News
കൊല്ലം : സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. മുഖത്തല ഗവ. എല്‍പി ആന്‍ഡ് തളിര് പ്രീ പ്രൈമറി സ്കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ബജറ്റില്‍ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് നാല് ക്ലാസ് മുറികള്‍ അടങ്ങുന്ന 569 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
കെട്ടിടം പൂര്‍ത്തിയാകുന്നമുറക്ക് സ്കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെ രണ്ടാംഘട്ടത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 18 മാസമാണ് നിര്‍മാണ കാലാവധിയെങ്കിലും കഴിയുന്നത്ര വേഗത്തില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് കരാറുകാരനോട് മന്ത്രി നിര്‍ദേശിച്ചു.
തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അജിത് കുമാര്‍ അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗായത്രി ദേവി, ജില്ലാ പഞ്ചായത്തംഗം ഫൈസല്‍ കുളപ്പാടം, തൃക്കോവില്‍വട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമ, ബ്ലോക്ക് പഞ്ചായത്തംഗം എ.എല്‍ നിസാമുoീന്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എസ.് ഷീല, എം. ഗംഗാദേവി, എ. അഫ്സീന, പ്രഥമാധ്യാപിക റോസമ്മ യോഹന്നാന് തുടങ്ങിയവര്‍ പങ്കെടുത്തു.
District News
തേഞ്ഞിപ്പലം: നടത്തത്തിൽ പുതിയ റിക്കാർഡുമായി നിരജ്ഞനയും ശിഖയും. സീനിയർ വിഭാഗത്തിൽ മൂന്ന് കിലോമീറ്റർ നടത്തത്തിൽ പി. നിരഞ്ജന പുതിയ സമയം കണ്ടെത്തിയപ്പോൾ ജൂനിയർ വിഭാഗത്തിൽ മൂന്ന് കിലോമീറ്ററിൽ നേടിയ ആദ്യ സ്വർണ മെഡലിൽ തന്നെ കെ. ശിഖ പുതിയ റിക്കാർഡിട്ടു. ഇരുവരും ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസ് വിദ്യാർഥികളും റിയാസ് ആലത്തിയൂരിന്റെ ശിഷ്യരുമാണ്. 2022ൽ ഐഡിയൽ കടകശേരിയുടെ എം.എസ്. ശീതളിന്റെ 16.50 എന്ന റിക്കാർഡാണ് 16.30 എന്ന പുതിയ സമയത്തിലൂടെ നിരജ്ഞന തിരുത്തിയത്.
ശിഖയാകട്ടെ 13 വർഷം പഴക്കമുള്ള തിരുനാവായ എൻഎംഎച്ച്എസ്എസിലെ എസ്. ആദിത്യയുടെ പേരിലുള്ള 17.06 എന്ന സമയമാണ് മറികടന്നത്. ശിഖയുടെ പേരിൽ 15.13 എന്ന പുതിയ സമയം പകരമായെത്തും. കഴിഞ്ഞ വർഷം ജില്ല സ്കൂൾ മീറ്റിൽ ജൂനിയർ വിഭാഗത്തിൽ നിരജ്ഞന ഒന്നാമതെത്തിയപ്പോൾ രണ്ടാം സ്ഥാനക്കാരിയായി ശിഖയും ഉണ്ടായിരുന്നു. പ്ലസ് വണ്‍ വിദ്യാർഥിയായ നിരജ്ഞന ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ മൂന്ന് കിലോമീറ്റർ നടത്തത്തിൽ തന്നെ ജില്ലയിൽ ഒന്നാമതും സംസ്ഥാനത്ത് റിക്കാർഡ് സമയത്തിൽ രണ്ടാം സ്ഥാനത്തിനും അർഹയായിട്ടുണ്ട്.
സൗത്ത് സോണ്‍ മത്സരത്തിൽ റിക്കാർഡോടെയായിരുന്നു സ്വർണം. 2024 ൽ സംസ്ഥാന സ്കൂൾ കായികമേളയിയിലെ ഒന്നാം സ്ഥാനവും നിരജ്ഞനക്കാണ്. ഇന്റർ ക്ലബ് മത്സരത്തിലും ഒന്നാം സ്ഥാനം നേടി.ആലത്തിയൂർ പൊത്താൻഞ്ചേരി പ്രസീദ്-ശ്രീജിത ദന്പതിമാരുടെ മകളാണ്. സഹോദരി നിവേദിത 3000 മീറ്ററിൽ ഈ കായിക മേളയിൽ മത്സരിക്കുന്നു.കഴിഞ്ഞ വർഷം നിരജ്ഞനക്ക് പിറകേ രണ്ടാം സ്ഥാനം നേടിയ ശിഖ ഇത്തവണ ജില്ല സ്കൂൾ മീറ്റിലെ ആദ്യസ്വർണം നേടി. 800 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനം ആദ്യദിനം നേടി. കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കായിക മേളയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ജൂനിയർ മീറ്റിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന മീറ്റിൽ മൂന്നാം സ്ഥാനവും നേടി. തിരൂർ മംഗലം കറുകയിൽ ശ്രീനിവാസൻ -രജിമോൾ ദന്പതികളുടെ മകളാണ്.
District News
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സ്കൂൾ കായികമേള രണ്ടാം ദിനം പിന്നിട്ടപ്പോൾ 61 മത്സരങ്ങളിലായി 229 പോയിന്റ് നേടി എടപ്പാൾ ഉപജില്ല മുന്നിൽ. 28 സ്വർണം, 25 വെള്ളി, 11 വെങ്കലം മെഡലുകൾ വാരിക്കൂട്ടിയാണ് എടപ്പാൾ മറ്റു ഉപജില്ലകളെ ബഹുദൂരം മറികടന്ന് ജൈത്രയാത്ര തുടരുന്നത്. 65 പോയിന്റുകളോടെ തിരൂർ ഉപജില്ല രണ്ടാമതും 59 പോയിന്റുകളോടെ കിഴിശേരി ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്. അഞ്ച് കിലോമീറ്റർ സീനിയർ ബോയ്സ് നടത്ത മത്സരത്തോടെയാണ് ഇന്നലെ ട്രാക്കുണർന്നത്.
സ്കൂളുകളിൽ ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരിയാണ് മെഡൽ വേട്ടയിൽ 202 പോയിന്റുമായി കുതിപ്പുതുടരുന്നത്. കെഎച്ച്എംഎച്ച്എസ്എസ് ആലത്തിയൂർ ആണ് 62 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. സിഎച്ച്എംഎച്ച്എസ് പൂക്കൊളത്തൂർ 28 പോയിന്റോടെ മൂന്നാം സ്ഥാനത്തും തുടരുന്നു. ഇന്നലെ നാല് മീറ്റ് റിക്കാർഡുകളാണ് പിറന്നത്. സീനിയർ ഡിസ്കസ് ത്രോ, ജൂനിയർ ഡിസ്കസ് ത്രോ, ജൂനിയർ 3000 മീറ്റർ നടത്തം, സീനിയർ 3000 മീറ്റർ നടത്തം എന്നിവയിലാണ് പുതിയ റിക്കാർഡുകൾ കുറിച്ചത്. ഇന്ന് സർക്കാർ അവധി പ്രഖ്യാപിച്ചത് കാരണം നേരത്തെ നിശ്ചയിച്ചതിൽ നിന്ന് പുനക്രമീകരിച്ച് 21ന് ബുധനാഴ്ചയാണ് കായികമേള സമാപിക്കുന്നത്.
District News
വണ്ടൂർ: മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിന്റെ ഭാഗമായി ഭക്ഷണശാലകളിൽ രാത്രികാല പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ് അധികൃതർ.
രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് വണ്ടൂർ ഹെൽത്ത് ബ്ലോക്കിന് കീഴിൽ പരിശോധന ഊർജിതമാക്കിയത്. ഹെൽത്ത് ഇൻസ്പെക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന.
ഹെൽത്ത് സൂപ്പർവൈസർ ശ്രീജിത്ത് അബ്രക്കാട്ടിന്റെ നേതൃത്വത്തിലാണ് വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് ഒരേസമയം പരിശോധനകൾ തുടരുന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവൃത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം നൽകി. ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി.
അംഗീകൃത ലാബുകളിൽ പരിശോധിച്ച് ലഭിച്ച കുടിവെള്ള സർട്ടിഫിക്കറ്റ്, സ്ഥാപനത്തിന്റെ ലൈസൻസ് എന്നിവയും സ്ക്വാഡ് പരിശോധിച്ച് വരികയാണ്. വരുംദിവസങ്ങളിലും രാത്രികാല പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, മഞ്ഞപ്പിത്ത വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിലുണ്ടായിട്ടുണ്ട്. എന്നാൽ വണ്ടൂരിലെ ഭക്ഷണശാലകളിൽനിന്ന് ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ തടസ്സമില്ലെന്നും ഭീതിവേണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
District News
പെരിന്തൽമണ്ണ: പീസ് പോസ്റ്റർ ചിത്രരചനാ മത്സരം ലയണ്‍സ് ക്ലബ് ഇന്റർനാഷണൽ 318ഡി1 ലെ റീജിയൻ രണ്ട്, സോണ്‍ രണ്ട് ക്ലബുകളായ പെരിന്തൽമണ്ണ, പെരിന്തൽമണ്ണ ടൗണ്‍, പെരിന്തൽമണ്ണ വള്ളുവനാട്, പുലാമന്തോൾ എന്നിവ സംയുക്തമായി പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂളിൽ നടത്തി. മനുഷ്യരാശിയിൽ സൗഹാർദം എന്ന വിഷയം ആസ്പദമാക്കിയുള്ള ചിത്രരചനയായിരുന്നു.
ഒന്നാം സ്ഥാനം റിതുസമ്രീൻ ജിഎച്ച്എസ് പെരിന്തൽമണ്ണ, രണ്ടാംസ്ഥാനം ആരാധ്യ എഎംയു പിഎസ് എരവിമംഗലം മൂന്നാം സ്ഥാനം ഫാത്തിമ ലുബാബ എഎംയുപിഎസ് എരവിമംഗലം എന്നിവർ നേടി. പ്രോഗ്രാം കാബിനറ്റ് സെക്രട്ടറി അഡ്വ. പ്രസാദ് ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയർമാൻ അഡ്വ. ബെന്നി തോമസ് അധ്യക്ഷനായിരുന്നു. റീജിയൻ ചെയർമാൻ ശശികുമാർ സാകേതം, പ്രിൻസിപ്പൽ സിസ്റ്റർ ജാസ്മിൻ, ഡോ. നഈമു റഹുമാൻ, നാല് ക്ലബിൽ നിന്നുള്ള മെംബർമാർ പങ്കെടുത്തു.
District News
പെരിന്തല്‍മണ്ണ: താഴെക്കോട് പഞ്ചായത്തിലെ അരക്കുപറമ്പില്‍ ഹൈസ്കൂള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ മന്ത്രി എന്‍. ഷംസുദ്ദീന് നിവേദനം നല്കി.
കാപ്പുമുഖം ജിഎല്‍പി സ്കൂളില്‍ നജീബ് കാന്തപുരം എംഎല്‍എയുടെ ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് ഭാരവാഹികള്‍ മന്ത്രിക്ക് നിവേദനം കൈമാറിയത്. 65,000-ലധികം ജനസംഖ്യയുള്ള താഴെക്കോട് പഞ്ചായത്തില്‍ എയ്ഡഡ് മേഖലയില്‍ നിലവില്‍ ഒരു ഹൈസ്കൂള്‍ മാത്രമാണുള്ളത്.
മലയോര മേഖലയായ അരക്കുപറമ്പില്‍ രണ്ട് യുപിയും നാല് എല്‍പി സ്കൂളുകളുമുണ്ട്. എന്നാല്‍, ഉപരിപഠനത്തിനായി വിദ്യാര്‍ഥികള്‍ എട്ട് കിലോമീറ്റര്‍ അകലെയുള്ള താഴെക്കോട് സ്കൂളിനെയാണ് ആശ്രയിക്കുന്നത്. തൊഴിലാളികളും പിന്നാക്ക വിഭാഗങ്ങളും തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് ഹൈസ്കൂളും ഹയര്‍സെക്കന്‍ഡറിയും അനുവദിക്കണമെന്നത് കഴിഞ്ഞ 40 വര്‍ഷങ്ങളായുള്ള ആവശ്യമാണ്. വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രിയും എംഎല്‍എയും ഉറപ്പുനല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
District News
കണ്ണൂർ: കണ്ണൂരിന്റെ പാരമ്പര്യത്തിൽ അന്തർലീനമായ സ്നേഹം ഒഴുകുന്ന ജലം പോലെയാണെന്ന് കെ. സുധാകരൻ എംപി. അത് എവിടേക്കും ഒഴുകി പരക്കും. ദസറ ഓരോ വർഷം കഴിയുമ്പോഴും ഈ പാരമ്പര്യം പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ ദസറയുടെ ഏഴാം ദിനം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിന്റെ ചിന്തയിലും കർമങ്ങളിലും ഉയർന്ന പാരസ്പര്യമുണ്ട്. ജാതിയോ മതമോ ആചാരമോ അനുഷ്ഠാനമോ എല്ലാം പരസ്പരം ഉൾകൊള്ളുന്ന വിധത്തിലാണ്. എല്ലാ മാറ്റങ്ങളെയും ജനങ്ങൾ ഉൾകൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ നന്മകളുടെയും വലിയ പൈതൃകമുള്ള കണ്ണൂരിന്റെ സ്മൃതികൾ പുതിയ തലമുറയ്ക്ക് കൈമാറാൻ കൂട്ടായ പരിശ്രമം വേണമെന്ന് കഥാകാരൻ ശിഹാബുദ്ദീൻ പൊയ്തുംകടവ്. ദസറ സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി. സന്തോഷ്കുമാർ എംപി, ടി.കെ. ഗോവിന്ദൻ എംഎൽഎ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. തുടർന്ന് ക്ലാസിക്കൽ ഡാൻസ്, മോഹിനിയാട്ടം, ഫ്യൂഷൻ ഡാൻസ്, തിരുവാതിര, ഗിറ്റാർ, കുച്ചുപ്പുടി, നാടോടി നൃത്തം എന്നിവയ്ക്ക് ശേഷം വെല്ലിംഗ്ൺ ഐലൻഡ് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി.
District News
പേരാവൂർ: മലയോരത്ത് വിവിധ റോഡുകളുടെയും പാലത്തിന്റെയും ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു. ചുണ്ടക്കാട് - ചിരട്ടവേലിൽ - മലയോര ഹൈവേ - ലിങ്ക് റോഡിന്റെ ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ്, നൂറുദ്ദീൻ മുള്ളേരിക്കൽ, ലിസമ്മ ജോസഫ് മംഗലത്ത്, കെ. വി. അബ്ദുൾ റഷീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേളകം: കലാം ക്രോസ് റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു. പേരാവൂർ എംഎൽഎയുടെ 2024-25 വർഷത്തെ ആസ്തി വികസന നിധിയിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ പുനരുദ്ധാരണവും കോൺ ക്രീറ്റിംഗും പൂർത്തിയാക്കിയത്. കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. ബിജു ചാക്കോ പൊരുമത്തറ, സന്തോഷ് ജോസഫ് മണ്ണാർകുളം, ജോണി പാമ്പാടി, മോഹനൻ കൊളക്കാടൻ, ജയ്ഷ ബിജു ഓളാട്ടുപുറം, സുനിതാ രാജു തുടങ്ങിയവർ പങ്കെടുത്തു.
കണിച്ചാർ: കണിച്ചാർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് തുക അനുവദിച്ച് നിർമിച്ച കൊളക്കാട് - നിരപ്പേൽമല പാലത്തിന്റെ ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോൾ അധ്യക്ഷത വഹിച്ചു. ചാക്കോ തൈക്കുന്നേൽ, ബൈജു വർഗീസ്, ലാലി ജോസ്, ജൂബിലി ചാക്കോ, മൈക്കിൽ ടി. മാലത്ത്, സി.എം. മാണി, സിന്ധു ചിറ്റേരി, ജിജോ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
District News
ഇരിട്ടി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) കണ്ണൂർ ജില്ലാ സമ്മേളനം ജനുവരി ഏഴു മുതൽ പത്തു വരെ ഇരിട്ടിയിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ഇന്ദിര ശ്രീധരൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് യു.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. അരുണ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഹരിലാൽ ഫസ്റ്റ് ലുക്കൗട്ട് പോസ്റ്റർ പ്രകാശനം ചെയ്തു. വിവിധ സ്ഥലങ്ങളിൽ നിന്നായി പതാക, കൊടിമര, ഛായാചിത്ര ജാഥകൾ ഇരിട്ടിയിൽ സംഗമിച്ചുള്ള വിളംബര ഘോഷയാത്രയോടെയാണ് ജനുവരി ഏഴിന് സമ്മേളനം ആരംഭിക്കുക. ഒന്‍പതിന് അധ്യാപക പ്രകടനവും വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനങ്ങളും നടക്കും.
പത്തിന് പ്രതിനിധി സമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. വി. ശോഭ, സിസിലി കണ്ണന്താനം, ടി.വി. ഷാജി, സി.വി. കുര്യൻ, കെ.പി. സുനിൽകുമാർ, രജീഷ് കാളിയത്താൻ, എം.വി. സുനിൽകുമാർ, ജൂബിലി ചാക്കോ, കെ. വേലായുധൻ, കെ. ശ്രീകാന്ത്, കെ.എം. പീറ്റർ, ഷാനിദ് പുന്നാട്, കെ. ധനരാജ്, ജാൻസൺ ജോസഫ്, ബിജു കുറുമുട്ടം, പി.ആർ. ശ്രീജിത്ത്, എം.വി. ധന്യ എന്നിവർ പ്രസംഗിച്ചു. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. നസീർ ചെയർമാനായുള്ള സംഘാടക സമിതിക്ക് രൂപം നൽകി.
District News
ആലക്കോട്: ഉരുൾപൊട്ടലിൽ വീടും കൃഷിയും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ട ഉദയഗിരിയിലെ ദുരിതബാധിതർ സർക്കാർ ധനസഹായത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് 80 ദിവസം പിന്നിട്ടു. അടിയന്തര ധനസഹായമായി പ്രഖ്യാപിച്ച 10,000 രൂപ പോലും ലഭിച്ചിട്ടില്ലെന്നാണ് ദുരിതബാധിതരുടെ പരാതി. ഇതിനിടെ ഉരുൾപൊട്ടലിൽ വീട് തകർന്നതിനെതുടർന്ന് ദുരിതാശ്വാസ ക്യാമ്പിലും വാടക വീട്ടിലുമായി കഴിയേണ്ടിവന്ന മോഹനൻ നായരും ദുരിതത്തിൽനിന്ന് കരകയറാനാകാതെ കഴിഞ്ഞയാഴ്ച മരിച്ചു.
സർക്കാർ സഹായം ലഭിക്കുമെന്ന പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിനിടെയാണ് 76കാരനായ ഉദയഗിരി താളിപ്പാറയിലെ ചവരൂർ വീട്ടിൽ മോഹനൻ നായർ വിടപറഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് രാത്രിയിലുണ്ടായ ഉരുൾപൊട്ടലിൽ ഉദയഗിരി പഞ്ചായത്തിലെ 26 ഓളം സ്ഥലങ്ങളിൽനിന്ന് പാറയും മണ്ണും ചെളിയും നിറഞ്ഞ മലവെള്ളം കുത്തിയൊഴുകിയെത്തി. വീടുകൾക്കും കൃഷിയിടങ്ങൾക്കും റോഡുകൾക്കും വ്യാപക നാശനഷ്ടമുണ്ടായി. കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നാണ് ഉദയഗിരി. പഞ്ചായത്തിലെ 88 ഓളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. മണ്ണും ചെളിയും കല്ലും വീടുകൾക്കുള്ളിൽ നിറഞ്ഞതോടെ പല വീടുകളും താമസയോഗ്യമല്ലാതായി. നിരവധി കടകളിലും വെള്ളം കയറി സാധനസാമഗ്രികൾ നശിച്ചു. 38 റോഡുകൾക്കും നിരവധി പാലങ്ങൾക്കും കലുങ്കുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഏക്കർ കണക്കിന് കൃഷിയിടങ്ങളിലെ റബർ, തെങ്ങ്, കമുക് തുടങ്ങിയ കൃഷികളും നശിച്ചു. നിരവധി കിണറുകളും കാലിത്തൊഴുത്തുകളും നഷ്ടപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രദേശത്തുണ്ടായത്. മുന്നൂറോളം കുടുംബങ്ങളെ ദുരന്തം നേരിട്ട് ബാധിച്ചു.
22 വർഷം മുമ്പ് തെങ്ങിൽനിന്ന് വീണതിനെ തുടർന്ന് കിടപ്പിലായിരുന്ന മോഹനൻ നായരും കുടുംബവും ഉരുൾപൊട്ടലോടെ വീണ്ടും ദുരിതത്തിൽപെടുകയായിരുന്നു. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ കുടുംബത്തെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. കിടപ്പിലായിരുന്ന മോഹനൻ നായരെ കട്ടിലിൽ ചുമന്നാണ് റോഡിലെത്തിച്ചത്.
മൂന്നു ദിവസം ഉദയഗിരി ആരോഗ്യകേന്ദ്രത്തിലും തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലും കഴിഞ്ഞ കുടുംബം പിന്നീട് വാടകവീട്ടിലേക്ക് മാറി. 22 വർഷത്തെ കിടപ്പുജീവിതത്തിനൊപ്പം ഉരുൾപൊട്ടലിന്റെ ദുരിതവും പേറേണ്ടിവന്ന മോഹനൻ നായർക്ക് സർക്കാർ സഹായം ലഭിക്കുന്നതിനു മുമ്പേ ജീവൻ നഷ്ടമായി.
District News
നീലേശ്വരം: 68-ാമത് റവന്യു ജില്ലാ സ്കൂള്‍ കായികമേളയില്‍ കാസര്‍ഗോഡ് ഉപജില്ലയ്ക്ക് ഓവറോള്‍ കിരീടം. 15 സ്വര്‍ണവും 21 വെള്ളിയും 22 വെങ്കലവും സഹിതം 179 പോയിന്റാണ് കാസര്‍ഗോഡിന്റെ സമ്പാദ്യം. 19 സ്വര്‍ണവും 13 വെള്ളിയും 18 വെങ്കലവും സഹിതം 158.5 പോയിന്റുമായി ഹൊസ്ദുര്‍ഗ് ഉപജില്ല രണ്ടും 16 സ്വര്‍ണവും 12 വെള്ളിയും എട്ടു വെങ്കലവുമായി 124 പോയിന്റോടെ ചെറുവത്തൂര്‍ മൂന്നാംസ്ഥാനവും നേടി. 12 വീതം സ്വര്‍ണവും വെള്ളിയും 10 വെങ്കലവും സഹിതം 116.5 പോയിന്റുമായി കുമ്പള നാലും 10 വീതം സ്വര്‍ണവും വെങ്കലവും 14 വെള്ളിയുമായി 111 പോയിന്റുമായി ചിറ്റാരിക്കാല്‍ അഞ്ചും ഒമ്പതു സ്വര്‍ണവും 13 വെള്ളിയും എട്ടു വെങ്കലവും സഹിതം 106 പോയിന്റുമായി മഞ്ചേശ്വരം ആറും 12 സ്വര്‍ണവും എട്ടു വെള്ളിയും 13 വെങ്കലവും സഹിതം ബേക്കല്‍ 97 പോയിന്റുമായി ബേക്കല്‍ ഏഴാംസ്ഥാനത്തുമുണ്ട്.
സ്കൂളുകളില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിനാണ് ഓവറോള്‍ കിരീടം. 10 സ്വര്‍ണവും നാലുവീതം വെള്ളിയും വെങ്കലവും സഹിതം 66 പോയിന്റാാണ് ദുര്‍ഗയുടെ സമ്പാദ്യം. ഏഴുസ്വര്‍ണവും അഞ്ചു വെള്ളിയും ഒരു വെങ്കലവും 51 പോയിന്റുമായി കുമ്പള ജിഎച്ച്എസ്എസ് രണ്ടും ഏഴു സ്വര്‍ണവും രണ്ടു വെങ്കലവുമായി 37 പോയിന്റോടെ കുട്ടമത്ത് ജിഎച്ച്എസ്എസ് മൂന്നും സ്ഥാനത്തുണ്ട്. നാലു വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും സഹിതം 36 പോയിന്റ് നേടിയ പാലാവയല് സെന്റ് ജോണ്‍സ് എച്ച്എസ്എസ് നാലും മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും സഹിതം 22 പോയിന്റോടെ രാജപുരം ഹോളിഫാമിലി എച്ച്എസ്എസ് അഞ്ചുംസ്ഥാനങ്ങള് നേടി. മൂന്നുദിവസങ്ങളിലായി 26 റിക്കാര്‍ഡുകളാണ് ട്രാക്കിലും ഫീല്‍ഡിലുമായി പിറന്നത്.
കായികമേളയുടെ സമാപനസമ്മേളനം ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം അധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡന്റ് കെ.കെ.സോയ, സ്ഥിരംസമിതി അധ്യക്ഷരായ ഒക്ലാവ് കൃഷ്ണന്, എം.മനു, സുകുമാരി ശ്രീധരന്, അംഗം റീന തോമസ്, പഞ്ചായത്ത് പ്രസിഡന്റ് എം.രാജന്,സംഘാടകസമിതി കണ്‍വീനര്‍ കെ.ടി.സീമ, കെ. പി.ബിജു എന്നിവര്‍ പ്രസംഗിച്ചു.
District News
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂരിലെ പരാജയം സംബന്ധിച്ച കാര്യങ്ങൾ വിശദമായി റിപ്പോർട്ടിൽ ഉൾപ്പെടുത്താതെ സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയോഗം. പയ്യന്നൂർ, തളിപ്പറന്പ് മണ്ഡലങ്ങളിലെ പരാജയം നേരത്തെ സംസ്ഥാന കമ്മിറ്റിയടക്കം പരിശോധിച്ച സാഹചര്യത്തിലാണ് ഇന്നലെ ആരംഭിച്ച വിപുലീകൃത ജില്ലാ കമ്മിറ്റിയോഗം ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഒഴിവാക്കിയത്. പരാജയം സംബന്ധിച്ച് പാർട്ടി നിയോഗിച്ച എൻ. ചന്ദ്രൻ, പി.ഹരീന്ദ്രൻ കമ്മിഷൻ അന്വേഷണം പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് പയ്യന്നൂർ വിശാല ഏരിയാ കമ്മിറ്റിയിൽ ചർച്ച ചെയ്താൽ മതിയെന്നാണ് തീരുമാനം.
പാർട്ടിയിൽ യുവ നേതൃനിരയെ വാർത്തെടുക്കണമെന്ന തീരുമാനം ജില്ലയിൽ നല്ലരീതിയിൽ നടപ്പാക്കും. ഈ സാഹചര്യത്തിൽ ജില്ലാ കമ്മിറ്റിയിൽ നിന്ന് കീഴ്ഘടകത്തിലേക്ക് തരംതാഴ്ത്തിയ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ തിരിച്ചു കൊണ്ടുവരണമെന്ന നിർദേശം യോഗത്തിൽ മുന്നോട്ടു വച്ചേക്കുമെന്നും സൂചനയുണ്ട്. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായതിനെ തുടർന്നായിരുന്നു പി.പി. ദിവ്യയെ തരംതാഴ്ത്തിയത്. ഈ വിഷയത്തിൽ പി.പി. ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിയും വന്നിരുന്നു. ജില്ലാ കമ്മിറ്റിയിലേക്ക് ഏരിയാ സെക്രട്ടറിമാരെയും വർഗ ബഹുജന സംഘടനാ നേതാക്കളെയും ക്ഷണിതാക്കളാക്കുന്നതും ആലോചിക്കും.
ഇന്നലെ ഗ്രൂപ്പ് ചർച്ചകൾ പൂർത്തിയാക്കി പൊതു ചർച്ചയ്ക്ക് തുടക്കമിട്ടു. ഗ്രൂപ്പ് ചർച്ചകളിൽ ജില്ലയിലെ വോട്ടു ചോർച്ച പ്രധാന ചർച്ചയായി. രാഷ്ട്രീയ എതിരാളികൾ നടത്തിയ വ്യാജപ്രചാരണങ്ങളിൽ പാർട്ടി അനുഭാവികൾ വീണുപോയതും ചില നേതാക്കളുടെ പെരുമാറ്റ രീതികളാൽ പാർട്ടി അനുഭാവികൾ അകറ്റപ്പെട്ടതായും വിലയിരുത്തിയിട്ടുണ്ട്.
നേരത്തെ വോട്ടിന്റെ കാര്യത്തിൽ പാർട്ടി കണക്കുകൾ കൃത്യമായിരുന്നെങ്കിൽ ഇപ്പോൾ കണക്കുകൾ തെറ്റുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുമായുള്ള ദൃഢബന്ധത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നുമാണ് വിലയിരുത്തൽ വീഴ്ചയാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ.
തെരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും തകർത്ത മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷൻ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്ദറിലും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിനും സമ്മേളനം ഐക്യാദർഢ്യം പ്രഖ്യാപിച്ചു.
വിപുലീകൃത ജില്ലാ കമ്മിറ്റിയോഗത്തിൽ പിബിഅംഗം പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.കെ. ബിജു, എം.വി. ജയരാജൻ, പി. ജയരാജൻ, പ്രത്യേക ക്ഷണിതാവ് ജോൺ ബ്രിട്ടാസ് എന്നിവരും പാർട്ടി അംഗങ്ങൾ, വർഗബഹുജന സംഘടനാ പ്രതിനിധികൾ എന്നിവരടക്കം 156 പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
District News
പേരാവൂർ: കേളകം-പേരാവൂർ റോഡിൽ ആയോത്തുംചാൽ ചാണപ്പാറ കയറ്റത്തിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒന്നിന് തീപിടിച്ചു. ഇരുവാഹനങ്ങളിലുമുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കേളകം ഭാഗത്തുനിന്ന് പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും പോരാവൂർ ഭാഗത്ത് നിന്ന് കൊട്ടിയൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്. ഈ കാർ തെറ്റായ ദിശയിൽ എത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഈ കാറിനാണ് തീപിടിച്ചത്. പേരാവൂരിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം കുറച്ചു സമയം തടസപ്പെട്ടു.
ആയോത്തുംചാൽ ചാണപ്പാറ കയറ്റത്തിൽ അപകടങ്ങൾ പതിവാണ്. റോഡിന്റെ വീതിക്കുറവും അശ്രദ്ധമായതും അമിത വേഗതയിലുള്ള ഡ്രൈവിംഗുമാണ് അപകടങ്ങൾക്കിടയാക്കുന്നത്.
റോഡിന്റെ വീതി കുറവ് പരിഹരിച്ചാൽ അപകടങ്ങൾ ഒഴിവാക്കാനാകുമെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.
District News
ഇരിട്ടി: ഐടിഡിപി പ്രോജക്ട് ഓഫീസർ എസ്.എസ്. സുധീർ കഴിഞ്ഞദിവസം ആറളം പുനരധിവാസ മേഖല സന്ദർശിച്ചു. മേഖലയിലെ ബ്ലോക്ക് 13/55 പ്രദേശവാസികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും നേരിട്ട് മനസിലാക്കുന്നതിനായിരുന്നു സന്ദർശനം.
ചതിരൂർ 110 ഉന്നതിയിൽ നിന്നും ബ്ലോക്ക് 13/55 ഭാഗത്ത് കൈയേറി താമസിച്ചുവരുന്ന കുടുംബങ്ങൾക്ക് കൈവശരേഖ അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്ന് എസ്.എസ്. സുധീർ പറഞ്ഞു. എല്ലാവർക്കും ഭൂമി നൽകുമെന്നും താമസക്കാരുടെ പ്രശനങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഇരിട്ടി ട്രൈബൽ എക്സ്റ്റെൻഷൻ ഓഫിസർ എസ്. ഷാഹിർ, ടിആർഡിഎം സെക്ഷൻ ക്ലാർക്ക് പി.ഡി. നിധിൻ, പ്രൊമോട്ടർമാരായ എ.കെ. സുബിന , വിനു , ജയരാജൻ എന്നിവരും പ്രോജക്ട് ഓഫിസർക്കൊപ്പം ഉണ്ടായിരുന്നു.
District News
ഇരിട്ടി: വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയും തലശേരി-മൈസൂരു അന്തർ സംസ്ഥാന പാതയെ അപകടപാതയാക്കി മാറ്റുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഓരോ ദിവസവും സംഭവിക്കുന്നത്. കഴിഞ്ഞദിവസം ഇരിട്ടി കൂട്ടുപുഴ റൂട്ടിൽ കല്ലുമുട്ടിയിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കോളിക്കടവ് സ്വദേശി ആദിഷിനാണ് പരിക്കേറ്റത്.
ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയിൽ എത്തിയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കല്ലുമുട്ടിയിലെ കാർ സർവീസ് സ്റ്റേഷന് മുന്നിലെ വളവിൽ വച്ച് കാർ അപകടകരമായ രീതിയിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ വന്ന വാഹനത്തിന് നിർത്താൻ കഴിഞ്ഞതിനാലാണ് ആദിഷ് വാഹനത്തിന്റ അടിയിൽപെടാതെ രക്ഷപ്പെട്ടത്.
ഏതാനും മാസങ്ങൾക്ക് മുന്‍പ് ഇരിട്ടി-കൂട്ടുപുഴ റൂട്ടിൽ കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു. ഇതേ റോഡിൽ കുന്നോത്ത് വച്ചുണ്ടായ അപകടത്തിൽ റോഡ് മുറിച്ചുകടന്ന വയോധികനും വാഹനമിടിച്ച് ജീവൻ നഷ്ടപ്പെട്ടിരുന്നു. കർണാടകയിൽ നിന്നു പച്ചക്കറിയുമായി എത്തുന്ന വാഹനങ്ങൾ ലോഡ് ഇറക്കിയ ശേഷം തിരികെ പോകുന്നത് പലപ്പോഴും അപകടകരമായ വേഗതയിലാണ് . ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളും അമിതവേഗതയിൽ സഞ്ചരിക്കുന്നുണ്ട്. നിരവധി വിദ്യാലയങ്ങളടക്കം പ്രവർത്തിക്കുന്നതിനു സമീപത്തെ പാതയിലാണ് ഇത്തരത്തിൽ ഒരു നിയന്ത്രണമവുമില്ലാതെ വാഹനങ്ങൾ അമിതവേഗതയിൽ സഞ്ചരിക്കുന്നത്. വിദ്യാലയ പരിസരങ്ങളിൽ ബാരിക്കേഡുകൾ നിരത്തി വേഗതാ നിയന്ത്രണ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇരിട്ടി-കൂട്ടുപുഴ റോഡിലെ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും അമിതവേഗത നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്.
വളവുകളിലും മറികടക്കൽ
അന്തർസംസ്ഥാന പാതയിലെ വളവുകളിലടക്കം അപട സാധ്യത പോലും കണക്കാക്കാതെ അമിതവേഗതയിൽ മറ്റുവാഹനങ്ങളെ മറികടന്ന് പായുന്നവരുടെ എണ്ണം നിരവധിയാണ്. ഇതു തന്നെയാണ് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നതും. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് ഇത്തരം അപകടത്തിൽ പെടുന്നത്.
District News
കാഞ്ഞങ്ങാട്: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളുടെ വീടുകളിലെ അടുക്കളകളിൽ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഈസി കിച്ചൺ പദ്ധതിയുമായി അജാനൂർ പഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി 24 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ഓരോരുത്തർക്കും 75,000 രൂപ വീതമാണ് പദ്ധതി വിഹിതമായി അനുവദിക്കുന്നത്.
അടുക്കളയുടെ നിലത്ത് ടൈലുകൾ പാകാനും വാഷ് ബേസിനുകള്‍ സ്ഥാപിക്കാനും സ്ലാബ് നിര്‍മിച്ച് ടൈല്‍ പാകാനും കബോര്‍ഡ് നിര്‍മിക്കാനും പദ്ധതിയിലൂടെ സഹായം ലഭിക്കും. വാട്ടര്‍ ടാങ്കുകള്‍, വൈദ്യുതീകരണം, അടച്ചുറപ്പുള്ള വാതിലുകളും ജനലുകളും സ്ഥാപിക്കുക തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾക്കും സഹായം ലഭിക്കും. ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കള്‍ അല്ലാത്തവരും മുന്‍പ് ഈ ആനുകൂല്യം ലഭിക്കാത്തവരുമായ കുടുംബങ്ങള്‍ക്കാണ് പരിഗണന. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം.
District News
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ഉപജില്ലയിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ലിറ്റിൽ മാസ്റ്റേഴ്സ് പ്രോഗ്രാമിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പടന്നക്കാട് എസ്എൻ ടിടിഐ ഓഡിറ്റോറിയത്തിൽ ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ. സുരേന്ദ്രൻ അധ്യക്ഷനായി.
ഡയറ്റ് ലക്ചറർ അനിൽ മണിയറ, ബിപിസി നികേഷ് മാടായി, എച്ച്എം ഫോറം കൺവീനർ കെ. രാജീവൻ, മുഖ്യാധ്യാപകൻ കെ.വി. അനിൽകുമാർ, പദ്ധതി ജോയിന്റ് കൺവീനർ പി. മധു എന്നിവർ പ്രസംഗിച്ചു. അധ്യാപകനും പരിശീലകനുമായ ബാലു മഹേന്ദ്ര കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മോട്ടിവേഷണൽ ക്ലാസ് നയിച്ചു.
എല്‍എസ്എസ് നേടിയവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളെയാണ് ലിറ്റിൽ മാസ്റ്റേഴ്സ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കത്തക്ക രീതിയിലുള്ള ക്ലാസുകളും ഫീൽഡ് ട്രിപ്പുകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
District News
നീലേശ്വരം: നീലേശ്വരം-ഇടത്തോട് റോഡിൽ പാതിവഴിയിൽ നിലച്ച നവീകരണ പ്രവൃത്തികൾ വീണ്ടും തുടങ്ങാൻ സാധ്യത തെളിഞ്ഞു. പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് അനുവദിച്ച 28.7 കോടി രൂപയുടെ പദ്ധതിക്ക് ലഭിച്ച ടെൻഡറുകൾ കഴിഞ്ഞ ദിവസം തുറന്നു. ആകെ ലഭിച്ച മൂന്നു ടെൻഡറുകളിൽ ഏറ്റവും കുറഞ്ഞ തുക കാണിച്ച ജാസ്മിൻ ഗ്രൂപ്പിനാണ് കരാർ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളത്. വരുംദിവസങ്ങളിൽ തന്നെ ടെൻഡർ കമ്മിറ്റി യോഗം ചേർന്ന് സെലക്ഷൻ അംഗീകരിച്ച് ഇവർക്ക് നോട്ടീസ് നൽകുന്നതിനു പിന്നാലെ പ്രവൃത്തികൾ ആരംഭിക്കാനാകും.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഈ ടെൻഡറുകൾ ലഭിച്ചത്. തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ ടെൻഡർ നടപടികൾ നിലച്ചു. ഭരണമാറ്റത്തെ തുടർന്ന് കിഫ്ബിക്കു കീഴിൽ അനുവദിച്ച പദ്ധതികളിൽ പുനഃപരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. എന്നാൽ, അവസാനഘട്ടത്തിലെത്തിയ പദ്ധതികൾ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് സർക്കാർതലത്തിൽ തീരുമാനമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെൻഡറുകൾ തുറന്നു പരിശോധിച്ച് കരാർ നൽകാൻ കഴിഞ്ഞ 13ന് തിരുവനന്തപുരത്ത് ചേർന്ന കിഫ്ബിയുടെ ഉന്നതതല യോഗം തീരുമാനിച്ചത്.
നേരത്തേ ഇക്കാര്യം ആവശ്യപ്പെട്ട് ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ മുഖ്യമന്ത്രിക്കും ലീഗ് നേതാവ് മുസ്തഫ തായന്നൂർ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിനും കത്തുനൽകിയിരുന്നു.
റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നീലേശ്വരം കോൺവെന്റ് ജംഗ്ഷൻ മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഭാഗത്ത് ഏറ്റെടുത്ത സ്ഥലങ്ങളിൽ അവശേഷിക്കുന്ന കെട്ടിടങ്ങളും മറ്റു നിർമിതികളും പൊളിച്ചുമാറ്റുന്നതിനുള്ള ലേലം 29ന് രാവിലെ 11ന് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ കെആർഎഫ്ബി ഓഫീസിൽ നടക്കും. 28ന് വൈകുന്നേരം മൂന്നുമണി വരെ ഇതിനായി ക്വട്ടേഷനുകൾ സ്വീകരിക്കും.
നീലേശ്വരം-ഇടത്തോട് റോഡിന്റെ നവീകരണപ്രവൃത്തികൾ തുടങ്ങിയത് 2019ലാണ്. എന്നാൽ, നാൾക്കുനാൾ ഇഴഞ്ഞുനീങ്ങിയ പ്രവൃത്തികൾ വാഹനയാത്രക്കാർക്കും റോഡിന്റെ ഇരുവശങ്ങളിലെയും താമസക്കാർക്കും വ്യാപാരികൾക്കുമെല്ലാം തീരാദുരിതമായി. ഒടുവിൽ കരാറുകാരുടെ അനാസ്ഥയും മെല്ലെപ്പോക്കും മൂലമുണ്ടായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2023ൽ പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് കരാർ റദ്ദാക്കുകയായിരുന്നു.
കോൺവെന്റ് ജംഗ്ഷൻ മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഭാഗത്ത് വീതികൂട്ടി നവീകരിക്കുന്നതും മറ്റു ചില ഭാഗങ്ങളിൽ മെക്കാഡം ടാറിംഗിന്റെ രണ്ടാം ലെയർ പ്രവൃത്തികളും സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികളുമാണ് ഇനി നടത്താനുള്ളത്. ഒറ്റ ലെയർ മാത്രം ടാറിംഗ് നടത്തിയ ചില ഭാഗങ്ങളിൽ റോഡിൽ വീണ്ടും കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വാഴവച്ചു പ്രതിഷേധിച്ചിരുന്നു.
നവീകരണ പ്രവൃത്തികൾ തുടങ്ങുന്നത് നീണ്ടുപോകുന്നതിനിടെ കോൺവെന്റ് ജംഗ്ഷനിൽ റോഡ് പാടേ തകർന്ന് കുഴികളായതും പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നിരാഹാരസമരവും നടന്നു. ഒടുവിൽ സന്ദീപ് വാര്യർ എംഎൽഎ ഇടപെട്ട് ആറുലക്ഷം രൂപ അനുവദിച്ചാണ് ഈ ഭാഗത്തെ കുഴികൾ നികത്തി അറ്റകുറ്റപ്പണികൾ നടത്തിയത്. പുതിയ കരാർ പ്രകാരമുള്ള നവീകരണപ്രവൃത്തികൾ അടുത്ത വർഷം മാർച്ചോടെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
District News
കൊച്ചി: പോയിന്റ് പട്ടികയില്‍ കുതിച്ചുകയറി കോതമംഗലം കിരീടത്തിലേക്ക്. റവന്യു ജില്ലാ സ്കൂള്‍ കായികമേളയുടെ മൂന്നാംദിനം പിന്നിടുമ്പോള്‍ ഉപജില്ലാ വിഭാഗത്തില്‍ കോതമംഗലവും സ്കൂള്‍ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസും ആധിപത്യം തുടരുകയാണ്. മെഡല്‍വേട്ടയില്‍ എതിരാളികളെ ഏറെ പിന്നിലാക്കിയാണ് കോതമംഗലത്തിന്റെ കുതിപ്പ്. 28 സ്വര്‍ണവും 22 വെള്ളിയും 20 വെങ്കലവുമടക്കം 70 മെഡലുകൾ കോതമംഗലം സ്വന്തമാക്കി. 93 പോയിന്റുമായി അങ്കമാലിയാണ് രണ്ടാം സ്ഥാനത്ത്. എട്ടു സ്വര്‍ണവും ഒമ്പതു വെള്ളിയും ഏഴു വെങ്കലവുമാണ് അങ്കമാലിയുടെ സമ്പാദ്യം. എട്ടു സ്വര്‍ണവും നാലു വെള്ളിയും 12 വെങ്കലവും നേടി 79 പോയിന്റോടെ പെരുമ്പാവൂർ മൂന്നാം സ്ഥാനത്തുണ്ട്.
സ്കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസിലിന്റെ ആധിപത്യത്തിന് ഇനിയും ഇളക്കമില്ല. 170 പോയിന്റുമായി മുന്നേറുന്ന സ്കൂള്‍ 22 സ്വര്‍ണവും 15 വെള്ളിയും 15 വെങ്കലവും നേടി. 36 പോയിന്റുമായി വെങ്ങോല ശാലേം ഹൈസ്കൂളാണ് രണ്ടാം സ്ഥാനത്ത്. അഞ്ചു സ്വര്‍ണവും രണ്ടു വെള്ളിയും അഞ്ചു വെങ്കലവുമാണ് ശാലേമിന്റെ നേട്ടം. 24 പോയിന്റുമായി മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് എച്ച്എസ് മൂന്നാം സ്ഥാനത്താണ്. ഒരു സ്വര്‍ണവും അഞ്ചു വെള്ളിയും നാലു വെങ്കലവുമാണ് സ്കൂളിന്റെ സമ്പാദ്യം. ഇന്നലെ 65 ഇനങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി.
അവസാനദിനങ്ങളിലേക്ക് കടക്കുമ്പോള്‍ പോയിന്റ് നിലയില്‍ മാറ്റമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് കൂടുതല്‍ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും. ഇന്ന് സീനിയര്‍ വിഭാഗത്തില്‍ 5000, 800, 200 മീറ്ററുകള്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ്, ഹാമര്‍ ത്രോ, ജാവലിന്‍ ത്രോ എന്നിവയാണ് പ്രധാന ഇനങ്ങള്‍. ജൂനിയര്‍ വിഭാഗത്തില്‍ 3000, 200 മീറ്ററുകള്‍, ട്രിപ്പിള്‍ ജമ്പ്, ഹാമര്‍ ത്രോ, 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവ നടക്കും. സബ് ജൂനിയര്‍ വിഭാഗത്തിലും മത്സരങ്ങള്‍ അരങ്ങേറും.
District News
കോതമംഗലം: എറണാകുളം ജില്ലയിലെ ഏക മോഡല്‍ സ്കൂളായി ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡല്‍ സ്കൂള്‍ പ്രഖ്യാപനച്ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.എ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, സ്കൂള്‍ ഹെഡ്മിസ്ട്രസ് നയന ദാസ്, പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീര്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സല്‍ജ ജോസ്, സത്തര്‍ വട്ടക്കുടി, പഞ്ചായത്ത് അംഗങ്ങളായ സി.കെ. സത്യന്, അജീബ് ഇരമല്ലൂര്‍, പ്രധാനാധ്യാപകന് മുഹമ്മദ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധു എന്നിവര്‍ പ്രസംഗിച്ചു.
District News
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ ഒന്‍പത്, 10 വാർഡുകളുൾപ്പെടുന്ന വനിതാ സെന്റർ റോഡിലെ നിരവധി വീടുകളിലെ ബൈക്കുകളിലും ഗേറ്റുകളിലും കേബിൾ ടൈ കെട്ടിവച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തെ പന്ത്രണ്ടോളം വീടുകളിലെ ഗേറ്റുകളിലും, മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളുടെ ഹാൻഡിലുകളിൽ ബ്രേക്ക് ലിവറുമായി ചേർത്തുവച്ചുമാണ് പ്ലാസ്റ്റിക് കേബിൾ ടൈ ഉപയോഗിച്ച് കെട്ടിയിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ പൊലിസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുന്നത്. സിസിടിവി കാമറകളുള്ള വീടുകൾ പൂർണമായും ഒഴിവാക്കി മറ്റുള്ള വീടുകളിലാണ് ഇത് ചെയ്തത്. വീടുകൾ പൂട്ടിക്കിടക്കുകയാണോ എന്ന് ഉറപ്പുവരുത്താനോ, ഭാവിയിൽ മോഷണം ലക്ഷ്യമിട്ട് അടയാളമിടാനോ സാമൂഹികവിരുദ്ധരോ മോഷ്ടാക്കളോ ചെയ്തതാകാമെന്നാണ് നിഗമനം.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ അതീവ ജാഗ്രതയിലാണ്. വീടുകളുടെ ഗേറ്റുകളിലോ, വാതിലുകളിലോ, വാഹനങ്ങളിലോ ഇതുപോലെയുള്ള അസ്വാഭാവികമായ അടയാളങ്ങളോ ടൈകളോ ഉണ്ടോയെന്ന് പ്രദേശവാസികൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ വീട്ടുമുറ്റത്തും ഗേറ്റിന് സമീപവും വെളിച്ചം ഉറപ്പാക്കണമെന്നും, വാഹനങ്ങൾ ഓടിക്കുന്നതിന് മുൻപ് ബ്രേക്കും ഹാൻഡിലും കൃത്യമായി പരിശോധിക്കണമെന്നും സംശയാസ്പദ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലിസിൽ വിവരമറിയിക്കണമെന്നും ജനപ്രതിനിധികളും പോലീസും അറിയിച്ചു.
District News
വരാപ്പുഴ: വരാപ്പുഴ പഞ്ചായത്തിലെ ബഡ്സ് സ്കൂളിന് വീഗാലാൻഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് നല്കിയ ബസ് മുഖ്യമന്ത്രി വി.ഡി. സതീശന് ഫ്ളാഗ് ഓഫ് ചെയ്തു. വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വിജയ ചുള്ളിക്കാട് അധ്യക്ഷത വഹിച്ചു.
ഏഷ്യന്‍ ഗെയിംസ് സെയ്ലിംഗില്‍ വെള്ളി മെഡല്‍ നേടിയ മനു ഫ്രാന്‍സിസ്, ടെക്നിക്കല്‍ ഒഫീഷ്യല്‍ ആയി പ്രവര്‍ത്തിച്ച ജോർജ് ഷിന്‍ഡെ, ചലച്ചിത്ര അക്കാദമി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ധര്മ്മജന് ബോള്‍ഗാട്ടി, സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസി എന്നിവര്‍ക്ക് സ്വീകരണം നല്കി.
പറവൂര്‍ നഗരസഭാ ചെയർപേഴ്സൺ രമേഷ് ഡി. കുറുപ്പ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ വേവുകാട്ട്, വീഗാലാൻഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ ഗിരി എസ്. നായര്‍, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് മാനേജര്‍ ജി. ദീപക് തുടങ്ങിയവര്‍ പങ്കെടുത്തു.
District News
മരട്: ദൈവദാസന് ജോര്‍ജ് വാകയില്‍ സ്മരണാഘോഷ കമ്മിറ്റിയും എറണാകുളം സാമൂഹ്യ നീതി വകുപ്പും ചേര്‍ന്ന് നടത്തിയ മിനി മാരത്തണ്‍ സീസണ് ഫൈവ് 10കെ വിഭാഗത്തിന്റെ ഫ്ളാഗ് ഓഫ് കളക്ടര്‍ ജി. പ്രിയങ്ക നിര്‍വഹിച്ചു.
സ്മരണാഘോഷ സമിതി അധ്യക്ഷന്‍ ഫാ. ഷൈജു തോപ്പില്‍ അധ്യക്ഷത വഹിച്ചു. മരട് നഗരസഭാ ചെയര്‍പേഴ്സണ്‍ അജിതാ നന്ദകുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ അഡ്വ. എന്‍.എക്സ്. ആന്‍സലം തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിന്സണ് പീറ്റര്‍, കൗണ്‍സിലര്‍ സുനില സിബി, ജനറല്‍ കണ്‍വീനര്‍ ഷീബ ജിമ്മി മട്ടമ്മല്‍, സിസ്റ്റര്‍ ഡോ. ആനി ഷീല, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ ജോണ്‍ ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.
District News
അങ്കമാലി: കിടങ്ങൂര്‍ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ യുവജന പ്രസ്ഥാനമായ ഫെയ്ത്ത് വാരിയേഴ്സിന്റെ നേതൃത്വത്തില്‍ കേശദാന പരിപാടി സംഘടിപ്പിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇതിലൂടെ 16 യുവതികള്‍ കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി മുടി ദാനം ചെയ്തു. സഹൃദയ ഡയറക്ടര്‍ ഫാ. ആന്റണി പുതിയാപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. വര്‍ഗീസ് ചെരപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
സഹവികാരി ഫാ. ബെര്‍ലിന്‍ ഇഞ്ചക്കപ്പാലാട്ടി, വൈസ് ചെയര്മാന് കെ.എം. ജോണ്‍, പ്രസിഡന്റ് അനബെൽ ആന്റണി, സിസ്റ്റര്‍ ഗ്ലോറിയ എന്നിവര്‍ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ നിര്‍മാണത്തിനു വേഗമേറി. മേല്‍ക്കൂര ആകര്‍ഷകമാക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുന്നു. സാധനസാമഗ്രികള്‍ എത്തിച്ചേര്‍ന്നു. ഡിസംബര്‍ പകുതിയോടെ ഡിപ്പോ തുറന്നു കൊടുക്കത്തക്കവിധമാണ് നിര്‍മാണജോലികള്‍ പുരോഗമിക്കുന്നത്. ഡിപ്പോയുടെ നിര്‍മാണത്തിന് എഴുപത് ലക്ഷം രൂപ കൂടി അനുവദിച്ചതായി വിനു ജോബ് എംഎംല്‍എ പറഞ്ഞു.
ഡിപ്പോയിലെ പാര്‍ക്കിംഗ് മൈതാനത്തെ മണ്ണ് നിരപ്പാക്കി 16,000 ചതുരശ്രയടി കോണ്‍ക്രീറ്റിംഗ് നടത്താനും പദ്ധതിയിട്ടിട്ടുണ്ട്. ഇതേസമയം ഡിപ്പോയുടെ കവാടത്തിനു സമീപത്തുള്ള പഴയ കംഫര്‍ട്ട് സ്റ്റേഷന് പൊളിച്ചുനീക്കുന്നതിനുള്ള ടെണ്ടര്‍ ക്ഷണിച്ചുകൊണ്ട് കെഎസ്ആര്‍ടിസി നോട്ടീസ് ഇറക്കിയിട്ടുണ്ട്.
31ന് അഞ്ചുവരെ ടെണ്ടര്‍ഫോറം വാങ്ങാവുന്നതാണ്. നിരതദ്രവ്യം അയ്യായിരം രൂപയാണ്. നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് 12വരെ പൂര്‍പ്പിച്ച ടെണ്ടര്‍ സ്വീകരിക്കും. അന്നുതന്നെ ലേലവും മുദ്രവച്ച ടെണ്ടര്‍ തുറക്കലും നടക്കും.
District News
ചങ്ങനാശേരി: നഗരത്തിന്റെ വികസനത്തിനും നിര്‍മാണ മേഖലയുടെ പുരോഗതിക്കും ഉതകുന്നവിധമുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കണമെന്ന നിര്‍ദേശം 23ന് നടക്കുന്ന "ലെന്‍സ്ഫെഡ്' ഏരിയ കണ്‍വന്‍ഷനില്‍വച്ച് ജനപ്രതിനിധികള്ക്കൂ മുന്നില്‍ സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കാലോചിതമായ പരിഷ്കാരങ്ങള്‍ക്കൊപ്പം ഗതാഗത കുരുക്ക് പരിഹിക്കാനും നടപടിയുണ്ടാകണം.
പൊട്ടിപ്പൊളിഞ്ഞ റോഡുകളും ദുര്‍ഗന്ധം വമിക്കുന്ന ഓടകളും ഉയര്‍ന്ന നിലവാരത്തില്‍ നവീകരിക്കണം. അപകടകരമായി നിലകൊള്ളുന്ന വൈദ്യുതി പോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിക്കണം. ഗ്രാമീണ മേഖലയെ ബന്ധിപ്പിച്ച് ബൈപാസ് നിര്‍മിച്ച് പാര്‍ക്കിംഗ് സൗകര്യം ഒരുക്കി വാണിജ്യ സ്ഥാപനങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ ഉണ്ടായാല്‍ വികസനം ത്വരിതപ്പെടുത്താനാകും.
പടിഞ്ഞാറന്‍ ബൈപാസ് റോഡ് നിര്‍മാണം വേഗത്തിലാക്കണമെന്നും റെയില്‍വേ ജംഗ്ഷന് ഫ്ളൈ ഓവര്‍ നടപ്പാക്കണമെന്നും സംഘടനയുടെ നിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരുടെ വാഹനങ്ങളുടെ പാര്‍ക്കിംഗിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. ജോണ്സന് ജോൺ, ശരത്ത് കുമാര്‍, പോള്‍ ആന്റണി, ജോഷി സെബാസ്റ്റ്യൻ, ബിജു ചെറുകാട്, റോയി ജോസഫ്, നജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
ഭരണങ്ങാനം: സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കായി വിശ്വശാന്തി സമുദായ സൗഹൃദത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന്, സൗഹാര്‍ദ് പീസ് സെന്റര്‍, വാരണാസി, കേരള സര്‍വോദയ മണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭരണങ്ങാനം ഓശാനാ മൗണ്ടില്‍ നടക്കുന്ന ത്രിദിന ശില്പശാലയില് പങ്കെടുക്കുന്നവര്‍ ഭരണങ്ങാനം ടൗണില്‍ സമധാന റാലി നടത്തി. പഞ്ചായത്ത് അങ്കണത്തില്‍നിന്ന് ആരംഭിച്ച റാലി വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.ടി.തോമസ് ഉദ്ഘാടനം ചെയ്തു.
അല്‍ഫോന്‍സ സ്ക്വയറില്‍ ഒത്തുചേര്‍ന്ന് മാണി സി. കാപ്പന് എംഎല്‍എയുടെ നേതൃത്വത്തില്‍ ഒലിവ് മരം നട്ടു. മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന് പ്രസിഡന്റ് റെജി കൊപ്പാറ അധ്യക്ഷത വഹിച്ചു. ഫാ. സഖറിയാസ് അട്ടപ്പാട്ട്, ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് പ്ലാക്കൂട്ടം, ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ്, റവ. തോമസ് കോശി പനച്ചമൂട്ടില്‍, വി.എം. അബ്ദുള്ള ഖാന്, ഫാ.ആനന്ദ് മാത്യു, ഷിജിന് വര്‍ഗീസ്, ബോബി അവഗാമ, ഷിബി പുരയിടം, പി.എം. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
District News
കുലശേഖരമംഗലം: യുപി ക്ലാസുകളിൽ ഹിന്ദി പഠിപ്പിച്ചിരുന്ന പ്രിയ അധ്യാപികയെ കാണാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ വൈക്കം കൊച്ചങ്ങാടി ആഞ്ജനേയ മഠത്തിലെത്തി. ഇന്നലെ രാവിലെ 11.30 ഓടെയാണ് മുഖ്യമന്ത്രി നെട്ടൂർ സരസ്വതി വിലാസം യുപി സ്കൂളിൽ തന്നെ ഹിന്ദി പഠിപ്പിച്ച സതി ടീച്ചറുടെ സുഖവിവരം അന്വേഷിക്കാൻ ആഞ്ജനേയ മഠത്തിലെത്തിയത്.
ടീച്ചർക്കൊപ്പം സ്കൂൾ കാലത്തെ പഴയ കാര്യങ്ങളും സുഹൃത്തുക്കളെയും കുടുംബത്തെക്കുറിച്ചുമൊക്കെ അര മണിക്കൂറോളം സംസാരിച്ച് ടീച്ചർക്കൊപ്പം ലഘുഭക്ഷണവും കഴിച്ചാണ് മുഖ്യമന്ത്രിമടങ്ങിയത്. പനങ്ങാട് സ്വദേശിയായ സതി ടീച്ചർ 33 വർഷം നെട്ടൂർ സ്കൂളിൽ അധ്യാപികയായിരുന്നു.
അതേ സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപകനായിരുന്ന ഭർത്താവ് ഏതാനും വർഷങ്ങൾക്കു മുമ്പ് മരിച്ചു. ഏക മകളും അസുഖ ബാധിതയായി മരിച്ചു. കഴിഞ്ഞ ആറു വർഷമായി ആഞ്ജനേയ മഠത്തിലെ വയോജന മന്ദിരത്തിലെ താമസക്കാരിയാണ് ടീച്ചർ.
നേരേകടവ്- മക്കേകടവ് പാലം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തുമെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞ ടീച്ചർ ശിഷ്യനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ആഞ്ജനേയമഠം അധികൃതർ സതി ടീച്ചർ ഇതു സംബന്ധിച്ച് എഴുതിയ കുറിപ്പ് കെ. ബിനിമോൻ എംഎൽഎ മുഖേന മുഖ്യമന്ത്രിക്ക് നൽകിയതിനെത്തുടർന്നാണ് മുഖ്യമന്ത്രി പാലത്തിന്റെ ഉദ്ഘാടന ശേഷം പ്രിയ അധ്യാപികയെ കാണാൻ മഠത്തിലെത്തിയത്.
District News
വൈക്കം: വേമ്പനാട്ട് കായൽ കടക്കാൻ നേരേകടവ്, മാക്കേക്കടവ് നിവാസികൾ തണ്ണീർമുക്കം ബണ്ട് വഴി കിലോമീറ്റർ ചുറ്റിയിരുന്നതെല്ലാം ഇനി പഴങ്കഥ. കായലിന് കുറകെ 800 മീറ്റർ നീളത്തിൽ ഉയർന്ന പാലം ഇരുകരകളിലെ മനസുകളെ മാത്രമല്ല, രണ്ട് ജില്ലകളെയാണ് ബന്ധിപ്പിക്കുന്നത്.
തുറവൂർ-പമ്പ പാത പദ്ധതിയിലെ രണ്ടാമത്തെ പാലമാണിത്. തൈക്കാട്ടുശേരി-തുറവൂർ ആദ്യപാലം 2015-ൽ നാടിന് സമർപ്പിക്കപ്പെട്ടിരുന്നു. 2017 ജനുവരിയിലാണ് നേരേകടവ്-മാക്കേക്കടവ് പാലത്തിന് കല്ലിട്ടത്. നിർമാണം വേഗം തുടങ്ങിയെങ്കിലും സ്ഥലമേറ്റെടുപ്പ് തർക്കത്തിലായി. പിന്നീട് വിഷയം കോടതി കയറാൻ തുടങ്ങിയതോടെ നിർമാണം നിലച്ചു. പിന്നീട് തർക്കങ്ങളെല്ലാം പരിഹരിച്ച് 2024 മാർച്ചിലാണ് നിർമാണം പുനരാരംഭിച്ചത്.
800 മീറ്റർ നീളത്തിലും ഇരുവശങ്ങളിലും നടപ്പാതകളുമായി 11 മീറ്റർ വീതിയിലും നിർമിച്ചിരിക്കുന്ന പാലത്തിന് ചെലവ് 98.09 കോടിയാണ്. പാലം പൂർത്തിയായെങ്കിലും അനുബന്ധ റോഡുകളുടെ വികസനം കൂടി പൂർത്തിയായെങ്കിലേ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകൂ. ഉദയനാപുരം ഭാഗത്തേക്കുള്ള റോഡ് വീതികുറഞ്ഞതും പൊട്ടിപ്പൊളിഞ്ഞതും ആയതിനാൽ വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയില്ല. അനുബന്ധ റോഡ് വികസനം കൂടി സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
കടുത്തുരുത്തി: മരങ്ങോലി, ശാന്തിപുരം, കാട്ടാമ്പാക്ക് പ്രദേശങ്ങളുമായി ബന്ധിപ്പിച്ചു കടന്നുപോകുന്ന വിവിധ ഗ്രാമീണ റോഡുകളുടെ വികസനം സാധ്യമാക്കണമെന്ന് ആവശ്യം ശക്തം. പെരുവ-മരങ്ങോലി-മോനിപ്പള്ളി റോഡ്, ഇലഞ്ഞി-ശാന്തിപുരം-കുന്നപ്പള്ളി-മുഴയമ്മൂട് റോഡ്, ശാന്തിപുരം-ഞീഴൂർ-കാട്ടാമ്പാക്ക് റോഡ് തുടങ്ങിയ റോഡുകളുടെ വികസനമാണ് നാട്ടുകാര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. പെരുവ-മരങ്ങോലി-മോനിപ്പള്ളി റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പൂര്‍ത്തിയാക്കണമെന്നതാണ് ആദ്യത്തെ ആവശ്യം. നിരവധി കൊടുംവളവുകള്‍ നിറഞ്ഞ പെരുവ മുതല്‍ കല്ലിടുക്കി വരെയുള്ള എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ പരമാവധി വീതിയില്‍ റോഡ് വികസിപ്പിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
വൈക്കം, തലയോലപ്പറമ്പ്, വെള്ളൂര്‍, പെരുവ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ഉഴവൂര്‍ നാലമ്പലത്തില്പെട്ട രാമപുരം, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടം, പാലായിലേക്കും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന റോഡാണിത്. കൂടാതെ രാമപുരം, ഉഴവൂർ, മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് വെള്ളൂര്‍ കെപിപിഎൽ, തലയോലപ്പറമ്പ്, വൈക്കം മഹാദേവ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പമാര്‍ഗം എത്താനാവുന്ന വഴി കൂടിയാണിത്. വെള്ളൂരില്‍ എയിംസ് വരികയാണെങ്കിൽ, പാലായിലും പരിസര പ്രദേശങ്ങളിലും നിന്നും വെള്ളൂരിലേക്ക് എത്തുവാനുള്ള എളുപ്പ മാര്‍ഗം കൂടിയാണിത്.
പാലാ-വൈക്കം റോഡിന് സമാന്തര റോഡായി ഉപയോഗിക്കുവാനും കഴിയും. വലവൂര്‍, ഉഴവൂര്‍, മോനിപ്പള്ളി, പെരുവ, തലയോലപ്പറമ്പ് വഴി. ഗ്രാമപ്രദേശങ്ങളില്‍ കൂടി കടന്നുപോകുന്ന റോഡ് ആയതിനാല്‍ വികസനത്തിനായി സ്ഥലം ഏറ്റെടുപ്പിന് വലിയ പ്രതിസന്ധിയുണ്ടാവാനും വഴിയില്ല. മടുക്ക, മരങ്ങോലി, ശാന്തിപുരം തുടങ്ങിയ ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനും റോഡ് വികസനം പ്രയോജനപ്പെടും. വര്‍ഷങ്ങളായി വികസനം പ്രതീക്ഷിച്ചു കിടക്കുന്ന ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനായി റോഡുകളുടെ നവീകരണവും വികസനവും സാധ്യമാക്കണമെന്നാണ ആവശ്യം ഉയരുകയാണ്.
ഇലഞ്ഞി-ശാന്തിപുരം-കുന്നപ്പള്ളി-മുഴയമ്മൂട് റോഡ് പരമാവധി വീതി കൂട്ടി പൂര്‍ത്തിയാക്കണമെന്നതാണ് മറ്റൊരു ആവശ്യം. ഇലഞ്ഞി, കോതോലിപ്പടി മുതല്‍ ശാന്തിപുരം വരെ മൂന്ന് കിലോമീറ്റര്‍ ദൂരത്തിലും ശാന്തിപുരം മുതല്‍ മൊഴയംമൂട് വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തിലും ആധുനിക നിലവാരത്തിലാക്കിയാല് തലയോലപ്പറമ്പ്-കൂത്താട്ടുകുളം റോഡിന്റെ ദൂരം മൂന്നു കിലോമീറ്റർ കുറയും. പെരുവ ടൗണിലെ ഗതാഗതക്കുരുക്കില്‍ പെടാതെ യാത്രചെയ്യാനും കഴിയും. റോഡ് ഗ്രാമപ്രദേശങ്ങളിലൂടെ കടന്നു പോകുന്നതിനാല്‍ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നത് പ്രശ്നമാവില്ല. ശാന്തിപുരം-ഞീഴൂർ-കാട്ടാമ്പാക്ക് റോഡിന്റെ വികസനം സാധ്യമാക്കണമെന്നതാണ് മറ്റൊരു ആവശ്യം. ശാന്തിപുരം നിരവത്തുനിന്ന് ഞീഴൂര്‍ വരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരവും ഞീഴൂരിൽനിന്ന് കാട്ടാമ്പാക്ക് വരെയുള്ള രണ്ടു കിലോമീറ്ററും വീതി കൂട്ടി വികസിപ്പിച്ചാല്‍ പിറവം, വെള്ളൂർ, പെരുവ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് കുറവിലങ്ങാട് സയന്‍സ് സിറ്റി, മര്‍ത്ത് മറിയം ഫൊറോനാ തീര്‍ഥാടന ദേവാലയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. കൂടാതെ കുറവിലങ്ങാട്, ഞീഴൂര്‍ ഭാഗത്തുനിന്ന് വെള്ളൂര്‍ കെപിപിഎൽ, പെരുവ, പിറവം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള എളുപ്പവഴിയായി ഉപയോഗിക്കാനുമാവും. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന റോഡാണിത്.
District News
അയര്‍ക്കുന്നം:അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ യുവദീപ്തി, മാതൃ, പിതൃ വേദിയുടെ നേതൃത്വത്തില്‍ സാമുദായിക ശക്തീകരണത്തിന്റെ ഭാഗമായി നസ്രാണി പരമ്പരാഗത ഭക്ഷ്യമേള സംഘടിപ്പിച്ചു.
ചടങ്ങില്‍ വികാരി ഫാ. ആന്റണി കിഴക്കേവീട്ടില്‍, അസിസ്റ്റന്റ് വികാരി ഫാ. ടോജോ പുളിക്കപ്പടവില്‍, മാതൃ പിതൃവേദി കോട്ടയം ഫൊറോന ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ശൗര്യമാക്കല്‍, ടോമി മേക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
District News
കോട്ടയം: കാല്‍നടയാത്രക്കാര്‍ സൂക്ഷിക്കുക... നാഗമ്പടം റെയില്‍വേ മേല്‍പാലത്തിന്റെ ഫുട്പാത്തില്‍ അപകടകെണി ഒളിച്ചിരിപ്പുണ്ട്. ഫുട്പാത്തില്‍ പലയിടത്തും സ്ലാബുകള്‍ ഇളകി മാറിക്കിടക്കുകയാണ്. ചിലയിടങ്ങളില്‍ സ്ലാബുകളേയില്ല. കണ്ണൊന്ന് തെറ്റിയാല്‍, കാലൊന്നു മാറിയാല്‍ ഓടയില്‍ വീഴും ഉറപ്പാണ്.
നാഗന്പടം റെയില്‍വേ മേല്‍പാലം പൂര്‍ത്തിയായപ്പോള്‍ നിര്‍മിച്ചതാണ് ഫുട്പാത്ത്. നിർമാണം പൂർത്തിയാക്കി അധികനാൾ എത്തുംമുന്പേ ഫുട്പാത്തിലെ സ്ലാബുകള്‍ ഇളകാന്‍ തുടങ്ങി. പലയിടത്തും സ്ലാബുകള്‍ ഇടിഞ്ഞു ഓടയില്‍ വീണു. റിബണ്‍ കെട്ടിയും വീപ്പ നിരത്തിയും മുന്നറിയിപ്പുകള്‍ നല്കുന്നതല്ലാതെ സ്ലാബുകള്‍ മാറ്റിയിടാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാൻഡ്, നാഗമ്പടം പള്ളി, ആശുപത്രി, സ്റ്റേഡിയം, റൗണ്ടാന എന്നിവിടങ്ങളിലേക്ക് ആളുകള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. രാത്രികാലത്ത് ഇവിടെ വെളിച്ചമില്ലാത്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നുണ്ട്. ഇതിനോടകം ചെറുതും വലുതുമായ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്.
District News
അതിരമ്പുഴ: മക്കളില്ലാത്ത വൃദ്ധദമ്പതികളുടെ വീടും രണ്ട് ഏക്കറിലധികം വരുന്ന പുരയിടവും കരുണാലയത്തിനായി സംഭാവന ചെയ്ത് കുടുംബാംഗങ്ങൾ. പരേതരായ കടപ്ലാമറ്റം കാരിവേലിൽ കെ.ടി. ജോസഫ്, അതിരമ്പുഴ ചാമക്കാലായിൽ സി.എം. ത്രേസ്യാമ്മ ദമ്പതികളുടെ അതിരമ്പുഴ പാറോലിക്കലിലെ വീടും സ്ഥലവുമാണ് കരുണാലയം സ്ഥാപിക്കുന്നതിനു വേണ്ടി കട്ടപ്പന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രാൻസിസ്കൻ ഒഎഫ്എം സഭയ്ക്ക് വിട്ടുനൽകിയത്.
വിമുക്തഭടനും വയർലസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനുമായിരുന്നു കെ.ടി. ജോസഫ്. സി.എം. ത്രേസ്യാമ്മ അതിരമ്പുഴ സെന്റ് മേരീസ് സ്കൂൾ അധ്യാപികയായിരുന്നു. ദമ്പതികളുടെ മരണശേഷം സി.എം. ത്രേസ്യാമ്മയുടെ സഹോദര പുത്രൻ റിട്ടയേർഡ് ഹെഡ്മാസ്റ്റർ സി.ജെ. മാത്യുവിന്റെയും കെ.ടി. ജോസഫിന്റെ സഹോദരൻ റിട്ടയേർഡ് എസ്പി കെ.ടി. മൈക്കിളിന്റെയും മേൽനോട്ടത്തിലായിരുന്നു വീടും സ്ഥലവും.
സന്താനങ്ങൾ ഇല്ലാത്തതിനാൽ മരണശേഷം വീടും സ്ഥലവും അനാഥാലയങ്ങൾക്കോ വൃദ്ധ സദനങ്ങൾക്കോ നൽകണമെന്നതായിരുന്നു ദമ്പതികളുടെ ആഗ്രഹം. അതനുസരിച്ച് തയാറാക്കിയ വിൽപത്രം സി.ജെ. മാത്യു ചാമക്കാലായെ ഏൽപിച്ചിരുന്നു.
ഫ്രാൻസിസ്കൻ ഒഎഫ്എം കപ്പുച്ചിൻ സഭയ്ക്ക് ഫാ. ഫ്രാൻസിസ് ഒഎഫ്എം സ്ഥാപക ഡയറക്ടറായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കരുണാലയങ്ങളും സ്നേഹാശ്രമങ്ങളുമുണ്ട്. വൃദ്ധദമ്പതികളുടെ ആഗ്രഹ സഫലീകരണത്തിനായി സഹോദര പുത്രൻ സി.ജെ. മാത്യു ചാമക്കാല ഭവനവും സ്ഥാവര ജംഗമ വസ്തുക്കളും കപ്പുച്ചിൻ സഭയ്ക്ക് കൈമാറി.
District News
രാജാക്കാട്: ദൈനംദിനം പെരുകുന്ന വാഹനങ്ങളും വളരുന്ന പട്ടണവും ഹൈറേഞ്ചിന് അഭിമാനമായി രാജാക്കാട് മാറുന്നു. എന്നാൽ, ഇതിന് ആനുപാതികമായി റോഡ് വികസനം നടക്കാത്തതിനാൽ ടൗണിൽ വീർപ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
കുടിയേറ്റക്കാലത്ത് ചെറിയ റോഡുകളും അതിനടുത്തായിതന്നെ കടകളുമാണുണ്ടായിരുന്നത്. ടൗൺ വികസിച്ച് വാഹനപ്പെരുപ്പമുണ്ടായപ്പോൾ അതിനനുസരിച്ച് റോഡിന് വീതികൂടിയില്ല. അതിനാൽ ഓരോ ദിവസവും ഗതാഗതക്കുരുക്ക് കൂടിവരുന്നതും ഏറെ ബുദ്ധിമുട്ടുകൾക്കും അപകടങ്ങൾക്കും കാരണമാകുകയാണ്.
ചില സമയങ്ങളിൽ ടൗണിൽ കാൽനടപോലും ദുഃസഹമാണ്. ലാൻഡ് അസൈൻമെന്റ് ഓഫിസ് ജംഗ്ഷൻ മുതൽ പൊലിസ് സ്റ്റേഷൻ ജംഗ്ഷൻ വരെയും സെൻട്രൽ ജംഗ്ഷൻ മുതൽ പോസ്റ്റ് ഓഫിസ് ജംഗ്ഷൻ വരെയുമാണിത് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുള്ളത്.
ടൗണിലൂടെ കടന്നുപോകുന്ന ചെമ്മണ്ണാർ ഗ്യാപ്പ് റോഡും ടൗണിന് സമാന്തരമായി വലിയകണ്ടം ഭാഗത്തുകൂടി പോകുന്ന ഉടുമ്പഞ്ചോല രണ്ടാംമൈൽ റോഡും ഇതിനു പരിഹാരമാക്കാൻ കഴിയും.
ബസ് സ്റ്റാൻഡ് ബൈപാസ് റോഡ്, ജൂബിലി ബൈപാസ് റോഡ് എന്നിവയുടെ നവീകരണം പൂർത്തിയാക്കുകയും എൽഎ ഓഫിസ് ജംഗ്ഷനിൽനിന്നു സമാന്തര റോഡായ ഉടുമ്പൻചോല രണ്ടാം മൈൽ റോഡുകൾ തമ്മിൽ ബന്ധിപ്പിച്ചാലും ഒരു പരിധിവരെ ഗതാഗത തടസം മാറ്റാൻ പറ്റും. ഈ റോഡിലേക്കു മൂന്നാർ രാജാക്കാട് റോഡിലെ ഹോമിയോ ആശുപത്രി കവലയിൽനിന്ന് ഏകദേശം 150 മീറ്ററിൽ താഴെ മാത്രമാണ് ദൂരമുള്ളത്.
നിലവിൽ ഈ ഭാഗത്ത് രണ്ടു പ്രധാന റോഡുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന വീതികുറഞ്ഞ ഒരു പഞ്ചായത്ത് റോഡാണുള്ളത്. ഈ റോഡ് പൊതുമരാമത്ത് വകുപ്പിന് വിട്ടുനൽകാൻ രാജാക്കാട് ഗ്രാമ പഞ്ചായത്ത് തയാറാകുകയും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ഇത്രയും ഭാഗം ഉയരവും വീതിയും കൂട്ടിയാൽ പ്രശ്നത്തിന് പരിഹാരമാകും.
അങ്ങനെ ചെയ്താൽ ടൗണിൽ കയറേണ്ട വാഹനങ്ങൾ മാത്രം ടൗണിൽ പ്രവേശിക്കുകയും മറ്റു ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ ടൗണിൽ കയറാതെ കടന്നുപോകുന്നതിനാൽ നിലവിലെ കുരുക്ക് ഭൂരിഭാഗവും കുറയാൻ കാരണമാകും.
എന്നാൽ, ഇതിന് ബന്ധപ്പെട്ട പഞ്ചായത്ത് ട്രാഫിക് കമ്മിറ്റി വ്യാപാരി സംഘടനകൾ അടക്കമുള്ള സർവകക്ഷി യോഗം ബന്ധപ്പെടണമെന്ന ആവശ്യമാണുയരുന്നത്.
District News
തൊടുപുഴ: പേരില്‍ ചെറുതാണെങ്കിലും ഇപ്പോള്‍ വിലയുടെ കാര്യത്തില്‍ മുമ്പനാണ് ചെറുനാരങ്ങ. വിപണിയില്‍ കിലോയ്ക്ക് 240 മുതല്‍ 270 വരെയാണ് ചെറു നാരങ്ങയുടെ വില. ഒരു ചെറിയ ചെറുനാരങ്ങയ്ക്ക് 10 രൂപവരെ വിലയുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.
മുമ്പ് കേരളത്തിലെ പുരയിടങ്ങളില്‍ പലതരം നാരകങ്ങള്‍ വളര്‍ത്തിയിരുന്നെങ്കിലും തോട്ടവിളകള്‍ വന്നതോടെ ഇവയെല്ലാം അപ്രസക്തമായി. അവിടെയുണ്ടായ ഉത്പാദനക്കുറവാണ് വിലക്കയറ്റത്തിന് കാരണമായത്. വേനലാണ് നാരങ്ങയുടെ പ്രധാന സീസണെങ്കിലും എല്ലാക്കാലത്തും ഏറ്റക്കുറച്ചിലോടെ നാരങ്ങ ഉണ്ടാകും. മൈസൂരുവില്‍ നിന്ന് വരുന്ന ചെറുനാരങ്ങയ്ക്ക് മാത്രമാണ് ചെറിയ വിലക്കുറവുള്ളത്. കമ്പം, മൈസൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും കേരളത്തിലേക്കു ചെറുനാരങ്ങയെത്തുന്നത്.
District News
ചെറുതോണി: കഞ്ഞിക്കുഴി പുന്നയാർ സെന്റ് തോമസ് ഹൈസ്കൂളിൽ ഓർമക്കൂട്ട്-4 പൂർവ വിദ്യാർഥീ സ്നേഹ സംഗമം നടന്നു.
1990 ലെ എസ്എസ്എൽസി ബാച്ചിന്റെ സ്നേഹസംഗമമാണ് 36 വർഷങ്ങൾക്കു ശേഷം നടന്നത്. സ്കൂൾ അങ്കണത്തിൽ നടന്ന സ്നേഹസംഗമം മുൻ ഹെഡ്മാസ്റ്റർ മോഹൻ ചന്ദ്രൻകുന്നേൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് ജോമോൾ, മുൻ അധ്യാപകർ, അറുപതോളം പൂർവ വിദ്യാർഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
District News
ഉപ്പുതറ: അയ്യപ്പൻകോവിൽ ചപ്പാത്തിനു സമീപം കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു പേർക്കു പരിക്കേറ്റു. കാഞ്ചിയാർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്ന സ്ത്രീക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ 7.30നാണ് അപകടം. കോട്ടയത്തിനു പോയി തിരികെ വരുമ്പോഴാണ് കാർ നിയന്ത്രണംവിട്ട് 40 അടി താഴ്ചയിലേക്കു മറിഞ്ഞത്. ഭർത്താവാണ് വാഹനം ഓടിച്ചിരുന്നത്. റോഡ് വിട്ട് 25 മീറ്ററോളം കാർ ഓടിയ ശേഷമാണ് 40 അടി കാഴ്ചയിലേക്കു കാർ മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
District News
നെടുങ്കണ്ടം: വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പിയടപ്പുകൾ നാടിന്റെ സൗന്ദര്യമായി മാറുന്ന സെൽഫി പോയിന്റ് ശ്രദ്ധേയമാകുന്നു. പ്ലാസ്റ്റിക് മാലിന്യത്തിന്റെ പുനരുപയോഗത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പകരുന്ന ഐ ലവ് ചെമ്മണ്ണാർ പദ്ധതിയാണ് ശ്രദ്ധയാകർഷിക്കുന്നത്. ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് വേറിട്ട ഈ നിർമിതി ഒരുക്കിയത്.
ചെമ്മണ്ണാർ ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന സെൽഫി പോയിന്റിന് 12 അടി ഉയരവും 15 അടി വീതിയുമുണ്ട്. ഏകദേശം 6,500 പ്ലാസ്റ്റിക് കുപ്പിയടപ്പുകൾ ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. തകിടിൽ അക്ഷരങ്ങളുടെ രൂപം മുറിച്ചെടുത്ത് പശ ഉപയോഗിച്ച് കുപ്പിയടപ്പുകൾ ഒട്ടിച്ച് പെയിന്റ് ചെയ്തശേഷം ഇരുമ്പുകാലുകളിൽ ഉറപ്പിച്ചാണ് ഐ ലവ് ചെമ്മണ്ണാർ എന്ന മനോഹരമായ നിർമിതി ഒരുക്കിയത്.
നാടിന്റെ ഭംഗി ആസ്വദിക്കാനെത്തുന്നവർക്കും യാത്രക്കാർക്കും ഒരുപോലെ ആകർഷകമായ ഈ സെൽഫി പോയിന്റ് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനു പകരം പുനരുപയോഗിക്കണമെന്ന സന്ദേശമാണ് നൽകുന്നത്.
സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് ചുനയംമാക്കൽ, പ്രിൻസിപ്പൽ എം.എ. അഗസ്റ്റിൻ, അധ്യാപകരായ റെനി ജോസഫ്, മനോജ് തോമസ് എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കുപ്പികളിൽ നിറച്ച് മനോഹരമായ ഇരിപ്പിടങ്ങളും മുന്‍പ് സ്കൂൾ കാമ്പസിൽ ഒരുക്കിയിരുന്നു. പാഴ്വസ്തുക്കളെ സർഗാത്മകതയിലൂടെ പ്രയോജനകരമായ നിർമിതികളാക്കി മാറ്റാമെന്ന സന്ദേശംകൂടിയാണ് ഈ കൂട്ടായ്മ പകരുന്നത്.
District News
തൊടുപുഴ: മലങ്കരയില്‍ അഞ്ചു പഞ്ചായത്തുകളെ ബന്ധിപ്പിച്ച് സമഗ്ര ടൂറിസം പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ബോട്ട് സര്‍വീസും ട്രെക്കിംഗും ഉള്‍പ്പടെ ഇവിടെ ഒരുക്കി വര്‍ഷങ്ങളായി നാട്ടുകാര്‍ കാത്തിരിക്കുന്ന വികസനപദ്ധതിക്ക് സര്‍ക്കാര്‍തലത്തില്‍ അടിയന്തര പരിഗണന നല്കി നടപ്പാക്കണമെന്നാണ് ആവശ്യം. മുട്ടം, കുടയത്തൂര്‍, ആലക്കോട്, വെള്ളിയാമറ്റം, അറക്കുളം ഉള്‍പ്പടെയുള്ള പഞ്ചായത്തുകള്‍ക്ക് മലങ്കരയുടെ വികസനം ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മലങ്കര ജലാശയത്തിന്റെ പ്രകൃതിഭംഗിയും വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന ജലസാന്നിധ്യവും സമീപത്തെ മലനിരകളും ഗ്രാമീണ ഭംഗിയും പ്രയോജനപ്പെടുത്തി വലിയൊരു ടൂറിസം പാക്കേജ് ഇവിടെ വികസിപ്പിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. കൃത്യമായ ആസൂത്രണത്തോടെ പദ്ധതി നടപ്പാക്കിയാല്‍ ഇടുക്കിയുടെ ടൂറിസം ഭൂപടത്തില്‍ മലങ്കരയ്ക്കു സുപ്രധാന സ്ഥാനം നേടാനാകുമെന്ന് നാട്ടുകാരും ടൂറിസം പ്രവര്‍ത്തകരും വിവിധ സംഘടനകളും പറയുന്നു.
ജലാശയത്തിലൂടെ ബോട്ട് സര്‍വീസ്
റോഡുകളെ മാത്രം ആശ്രയിക്കാതെ മലങ്കരയില്‍നിന്ന് ജലാശയത്തിലൂടെ വിനോദസഞ്ചാരത്തിനായി ബോട്ട് സര്‍വീസ് ആരംഭിക്കണമെന്നതാണ് കാലങ്ങളായുള്ള പ്രധാന നിര്‍ദേശം. ശങ്കരപ്പിള്ളി, കോളപ്ര, ആനക്കയം, കുടയത്തൂര്‍, കാഞ്ഞാര്‍ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ബോട്ട് സര്‍വീസ് ആരംഭിച്ചാല്‍ യാത്രയും വിനോദവും ഒരുമിക്കുന്ന പുതിയ ടൂറിസം അനുഭവം സൃഷ്ടിക്കാനാകും.
പ്രധാന കേന്ദ്രങ്ങളില്‍ ബോട്ട് ജെട്ടികള്‍ സ്ഥാപിക്കുകയും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്ന സൗരോര്‍ജ ബോട്ടുകള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യാം. ജലാശയത്തിന്റെ സുരക്ഷയും ജലവിതരണ ആവശ്യങ്ങളും പരിഗണിച്ച് ആവശ്യമായ പഠനങ്ങളും അനുമതികളും ഉറപ്പാക്കിയാല്‍ പദ്ധതി പ്രാദേശിക വികസനത്തിന് വഴി തുറക്കും.
മുതിയാമലയും ഇലവീഴാപൂഞ്ചിറയും
മലങ്കര ജലാശയത്തോടൊപ്പം മുതിയാമല, ഇലവീഴാപൂഞ്ചിറ തുടങ്ങിയ മലനിരകളെയും ബന്ധിപ്പിച്ചുള്ള ടൂറിസം പാക്കേജുകള്‍ക്കും വലിയ സാധ്യതയുണ്ട്. നിയന്ത്രിത ട്രെക്കിംഗ്, പ്രകൃതിനിരീക്ഷണം, വ്യൂ പോയിന്റുകള്‍, സുരക്ഷിതമായ നടപ്പാതകള്‍, മലമുകളിലേക്കുള്ള പരിസ്ഥിതി സൗഹൃദ ഗതാഗത സൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കാന്‍ കഴിയും.
ജലവിനോദം, മലകയറ്റം, പ്രകൃതിഭംഗി ആസ്വദിക്കല്‍, ഗ്രാമീണ ജീവിതാനുഭവങ്ങള്‍ എന്നിവ ഒരുമിപ്പിക്കുന്ന സമഗ്ര പദ്ധതിയിലൂടെ ആഭ്യന്തര വിനോദസഞ്ചാരികളെയും ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള സഞ്ചാരികളെയും ആകര്‍ഷിക്കാനും സാധിക്കും.
ഫ്ളോട്ടിംഗ് ജെട്ടികള്‍
ജലനിരപ്പിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാവുന്ന ഫ്ളോട്ടിംഗ് ജെട്ടികള്‍, സുരക്ഷിതമായ ബോട്ടിംഗ് കേന്ദ്രങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, ശുചിമുറികള്‍, കുടിവെള്ളസൗകര്യങ്ങള്‍, പ്രാദേശിക ഭക്ഷണശാലകള്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി പരിഗണിക്കാന്‍ കഴിയും. ഇതിനു പുറമേ കയാക്കിംഗ്, പെഡല്‍ ബോട്ടിംഗ് തുടങ്ങിയ ജലവിനോദങ്ങളും ആരംഭിക്കാം.
പ്രാദേശിക വികസനം
മലങ്കര കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതി വിനോദസഞ്ചാര വികസനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, ചെറുകിട വ്യാപാരങ്ങള്‍, കുടുംബശ്രീ സംരംഭങ്ങള്‍, ഗതാഗത സേവനങ്ങള്‍, പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനം എന്നിവയിലൂടെ നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാകും.
യുവാക്കള്‍ക്കു സ്വന്തം നാട്ടില്‍ തൊഴില്‍ കണ്ടെത്താനും ചെറുകിട സംരംഭകര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനും ഇതു സഹായകമാകും.
പഞ്ചായത്തുകളെ ഏകോപിപ്പിച്ച് തദ്ദേശസ്ഥാപനങ്ങളും ടൂറിസം വകുപ്പും ജനപ്രതിനിധികളും സര്‍ക്കാർ വകുപ്പുകളും ചേര്‍ന്ന് ഇതിനായി സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
District News
റാന്നി: നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ 2026 - 27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആഞ്ഞിലിമുക്ക് -കൊച്ചുകുളം - അമ്പലപ്പടി - വടക്കേക്കര റോഡ് പുനര്‍നിര്‍മിക്കും. വര്‍ഷങ്ങളായി തകര്ന്നുകിടന്ന് കാല്‍നടയാത്ര പോലും ദുഷ്കരമായിരുന്ന റോഡിന്റെ പുനര്‍നിര്‍മാണത്തോടെ പ്രദേശവാസികളുടെയും യാത്രക്കാരുടെയും ദുരിതത്തിന് പരിഹാരമാകും.
കൊച്ചുകുളം അയ്യപ്പക്ഷേത്രം, സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി എന്നിവിടങ്ങളിലെത്തുന്ന വിശ്വാസികള്‍ക്കും റോഡിന്റെ ശോച്യാവസ്ഥ വലിയ യാത്രാദുരിതമാണ് സൃഷ്ടിച്ചിരുന്നത്. ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് റോഡിന്റെ നിര്‍മാണം നടത്തുന്നത്.
ഓരോ വര്‍ഷവും 50 മീറ്ററും 100 മീറ്ററും വീതമുള്ള ചെറിയ പ്രവൃത്തികള്‍ നടത്തുന്നതിനു പകരം, പ്രധാന റോഡുകള്‍ പൂര്‍ണമായും ഗതാഗതയോഗ്യമാക്കുന്നതിനാണ് പഞ്ചായത്ത് ഭരണസമിതി മുന്‍ഗണന നല്‍കുന്നത്. ഈ വര്‍ഷം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ മൂന്നു റോഡുകള്‍ പൂര്‍ണമായും നിര്‍മിക്കുന്നതിനും മറ്റ് റോഡുകളില്‍ ആവശ്യമായ ഭാഗങ്ങളില്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
വരും വര്‍ഷങ്ങളിലും വിവിധ വാര്‍ഡുകളിലെ റോഡുകള്‍ കണ്ടെത്തി മുന്‍ഗണനാക്രമത്തില്‍ പുനര്‍നിര്‍മാണം നടത്തുന്നതിനുള്ള പട്ടിക തയാറാക്കിയതായും പഞ്ചായത്തിലെ റോഡ് വികസനം ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കി യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് എച്ച്. സുനില്‍കുമാറും വികസന സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്മാന് ഇ.വി. ബിജുവും പറഞ്ഞു.
District News
കോഴഞ്ചേരി: പമ്പാ ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ള വലതുകര കനാലിന്റെ ഉള്ളിലും കനാലിന്റെ അപ്രോച്ച് റോഡിന്റെ ഇരുഭാഗങ്ങളിലും കാടു കയറി കിടക്കുകയാണ്.
വാഴക്കുന്നം മുതല്‍ വരട്ടാര്‍ വരെയുള്ള 22.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാല്‍ പൂര്‍ണമായി കാടുമൂടിയിരിക്കുകയാണ്. കനാലിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡുകളിലും വള്ളിച്ചെടികളും പടര്‍പ്പുകളും പടര്‍ന്ന് വനത്തിനു തുല്യമായി മാറിയിരിക്കുകയാണ്. ഇതുവഴിയുള്ള കാല്‍നട യാത്രപോലും അസാധ്യമായിരിക്കുകയാണ്.
എന്നാല്‍ ഇതിനെതിരേ ഒരു നടപടികളും ഇറിഗേഷന്‍ വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന പരാതിയാണ് നാട്ടുകാര്‍ക്കുള്ളത്.
മുന്‍ കാലങ്ങളില്‍ താത്കാലിക ജീവനക്കാരെക്കൊണ്ടാണ് കാട് വെട്ടിത്തെളിച്ചിരുന്നത്. കനാലിനുള്ളിലെയും കനാലിനോടു ചേര്‍ന്നുള്ള റോഡുകളിലെയും കാടുകള്‍ ഇവര്‍ വെട്ടിത്തെളിച്ചിരുന്നു.
എന്നാല്‍ താത്കാലിക ജീവനക്കാരെ ഒഴിവാക്കിക്കൊണ്ട് ഇറിഗേഷന്‍ വകുപ്പില്‍ നിന്നും കാടുവെട്ടിത്തെളിച്ചിരുന്ന താത്കാലിക ജീവനക്കാരില്‍ ഭൂരിപക്ഷം പേരെയും ഒഴിവാക്കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് കാടുകള്‍ വെട്ടിത്തെളിക്കുന്നതിനുവേണ്ടി ടെന്‍ഡര്‍ നടപടികള്‍ ഇറിഗേഷന്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. അതീവ രഹസ്യമായ രീതിയില്‍ ടെന്‍ഡര്‍ നടപടികള്‍ക്ക് പരസ്യം കൊടുക്കുകയും പരസ്യത്തിന്റെ മറവില്‍ ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ് സ്വന്തം പേരിലും ബിനാമി പേരിലും കാട് വെട്ടിത്തെളിക്കുന്നതിനുള്ള കരാര്‍ എടുത്തിരിക്കുന്നതെന്ന് പറയുന്നു.
കനാലിലൂടെ വെള്ളം വിടുമ്പോള്‍ ഉപരിതലത്തില്‍ നില്ക്കുന്ന കാടുകള്‍ വെട്ടിത്തെളിക്കുന്നത് വഴിപാടായി മാറുന്നുവെന്നാണ് ആക്ഷേപം. കനാലിന്റെ തീരത്തുള്ള റോഡുകളുടെ ഇരുവശത്തുമുള്ള കാടുകള്‍ തെളിക്കുകയുമില്ല.
ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ കാടുകള്‍ വെട്ടിത്തെളിച്ചെന്ന പേരില്‍ പണം അനുവദിക്കുകയാണ് പതിവ്. 50 ശതമാനം പോലും വെട്ടിത്തെളിക്കാതെയാണ് പണം അനുവദിക്കുന്നത്.
കാടു വളര്‍ന്നു നില്ക്കുന്ന കനാലിന്റെ ഇരുവശങ്ങളിലുമായി രാപകല്‍ വ്യത്യാസമില്ലാതെ കഞ്ചാവും രാസലഹരി ഉള്‍പ്പടെ മയക്കുമരുന്നുകളും ഇരുചക്ര വാഹനങ്ങളില്‍ എത്തിച്ച് വിൽപന നടത്തുന്നതായി ആക്ഷേപമുണ്ട്. ഇതിന് അനുകൂലമായ സാഹചര്യമാണ് വാഴക്കുന്നം മുതല്‍ വരട്ടാര്വരെയുള്ള കനാലിന്റെ പ്രദേശങ്ങിലുള്ളത്.
കാടുപിടിച്ചു കിടക്കുന്ന പിഐപി കനാലിന്റെ ഓരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്പനയ്ക്കെതിരേ പോലീസും കണ്ണടയ്ക്കുകയാണ്. ഓപ്പറേഷന് തൂഫാന് നടപടികള്‍ പുരോഗമിക്കുമ്പോഴും ഇത്തരം വില്പന കേന്ദ്രങ്ങള്‍ക്കെതിരേ യാതൊരു നടപടിയും പൊലിസും എക്സൈസും സ്വീകരിക്കുന്നില്ല.
District News
അടൂര്‍: ഓര്‍ത്തഡോക്സ് സഭ അടൂര്‍-കടമ്പനാട് ഭദ്രാസനത്തിലെ അടൂര്‍ ഡിസ്ട്രിക്ട് അര്‍ധ വാര്‍ഷിക സമ്മേളനം പെരിങ്ങനാട് സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ നടന്നു.
ഭദ്രാസന സണ്ഡേസ്കൂള് വൈസ് പ്രസിഡന്റ് ഫാ. ഡോ. തമ്പി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ. ജുബിന്‍ രാജ് അധ്യക്ഷത വഹിച്ചു. ഫാ. ബേസില്‍ റോയ് ക്ലാസ് നയിച്ചു. മുന്‍ ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ. ജോണ്‍ തയ്യിലിനെ ആദരിച്ചു.
സണ്ഡേസ്കൂള് ഡയറക്ടര്‍ ജി. തോമസ്, ഭദ്രാസന സെക്രട്ടറി എബിന് ജോര്‍ജ്, ഡിസ്ട്രിക്ട് ഇന്‍സ്പെക്ടര്‍ ഷാജി ജോണ്‍, ഡിസ്ട്രിക്ട് സെക്രട്ടറി സൈമണ്‍ തോമസ്, ഷാജി വര്‍ഗീസ്, ജി. ബാബു, സാം മാത്യു എന്നിവര്‍ പ്രസംഗിച്ചു.