അന്റാലിയ (തുർക്കി): കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്ന ജനവിഭാഗങ്ങളെ ഇതുസംബന്ധിച്ച ചർച്ചകളുടെ കേന്ദ്രബിന്ദുവാക്കണമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ. തുർക്കിയിലെ അന്റാലിയയിൽ നടക്കുന്ന 31-ാമത് യുഎൻ കാലാവസ്ഥാ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രതിനിധിയായി പങ്കെടുത്ത കർദിനാൾ, കാലാവസ്ഥാപ്രതിസന്ധിയുടെ "മാനവിക മുഖം’ എപ്പോഴും ഓർമിക്കണമെന്ന മാർപാപ്പയുടെ സന്ദേശം ഉച്ചകോടിയിൽ ആവർത്തിച്ചു.
ഉച്ചകോടിയിൽ രാജ്യങ്ങൾ കൈക്കൊള്ളുന്ന തീരുമാനങ്ങൾ സാധാരണക്കാരുടെ ജീവിതത്തെയും ദൈവം നൽകിയ അവരുടെ അന്തസിനെയും മനുഷ്യരാശിയുടെ ഭാവിയെയും നേരിട്ടു ബാധിക്കുന്നതാണ്.
ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസ് പരിധി മറികടക്കാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. പാരീസ് ഉടമ്പടി കാലാവസ്ഥാ പ്രവർത്തനങ്ങൾക്കു പൊതുചട്ടക്കൂട് ഒരുക്കിയെങ്കിലും രാഷ്ട്രീയ പ്രതിബദ്ധതയിലും പ്രായോഗിക നടപടികളിലും നിക്ഷേപത്തിലും വലിയ വിടവുകൾ തുടരുകയാണ്. കാലാവസ്ഥാപ്രതിസന്ധിക്ക് ഏറ്റവും കുറവ് സംഭാവന നൽകിയ ദരിദ്രജനവിഭാഗങ്ങളും ഭാവിതലമുറയുമാണ് അതിന്റെ ദുരിതങ്ങൾ ഏറ്റവുമധികം അനുഭവിക്കേണ്ടിവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നത് സാമൂഹികവും സാമ്പത്തികവും മാനുഷികവുമായ നീതിയുടെ പ്രശ്നമാണെന്ന് മാർപാപ്പയെ ഉദ്ധരിച്ച് കർദിനാൾ പറഞ്ഞു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രകൃതിസംരക്ഷണം വിശ്വാസത്തിൽനിന്ന് ഉരുത്തിരിയുന്ന ഉത്തരവാദിത്വമാണ്.
സങ്കുചിതതാത്പര്യങ്ങൾ സൃഷ്ടിക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാലാവസ്ഥാ പ്രതിസന്ധിയിൽനിന്നു ലോകത്തിന്റെ ശ്രദ്ധ തിരിക്കരുത്. സാമ്പത്തികവികസനവും കാലാവസ്ഥാ അതിജീവനവും ശാശ്വത സമാധാനവും ഉറപ്പാക്കാൻ രാജ്യങ്ങൾ ഒരുമിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനുഷ്യന്റെ അന്തസും പൊതുനന്മയും കാലാവസ്ഥാ പ്രവർത്തനങ്ങളുടെ കേന്ദ്രത്തിൽ നിർത്തുന്ന വിദ്യാഭ്യാസ ഉടമ്പടിക്കും കർദിനാൾ ആഹ്വാനം ചെയ്തു. സാമൂഹികനീതിയും പരിസ്ഥിതിനീതിയും സമന്വയിപ്പിക്കുന്നതാകണം വിദ്യാഭ്യാസം. രാഷ്ട്രീയവും സാങ്കേതികവും സാമ്പത്തികവുമായ നടപടികൾക്കൊപ്പം സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റങ്ങളും അനിവാര്യമാണ്. ദൈവം ഏൽപ്പിച്ച സൃഷ്ടികളെ സംരക്ഷിച്ച് സമാധാനപൂർണമായ ലോകം കെട്ടിപ്പടുക്കാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നവർ മുന്നോട്ടുവരണമെന്നും കർദിനാൾ പരോളിൻ അഭ്യർഥിച്ചു.