വടക്കഞ്ചേരി: തിരുവറ റോഡിൽ പുളിംപറമ്പിൽ കിടപ്പുരോഗിയായ വീട്ടമ്മയുടെ കൈ കടിച്ചുപറിച്ച തെരുവുനായയ്ക്കു പേവിഷബാധയുണ്ടെന്നു സ്ഥിരീകരണം. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണു പേവിഷബാധയുണ്ടായിരുന്നെന്നു സ്ഥിരീകരിച്ചത്.
നായയുടെ ആക്രമണത്തിനിരയായ വിശാലത്തിന് (55) ശസ്ത്രക്രിയ വേണമെന്നാണ് തൃശൂർ മെഡിക്കൽ കോളജിൽനിന്നു നിർദേശിച്ചിട്ടുള്ളത്. ഇടതുകൈയിൽ ആഴത്തിലുള്ള മുറിവുണ്ട്. നായയുടെ കടിയേറ്റവരോ വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ പെട്ടെന്നു ചികിത്സ തേടണമെന്നു വടക്കഞ്ചേരി ഗവ. വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ സർജൻ ഡോ.പി. ശ്രീദേവി അറിയിച്ചു.
കമ്മാന്തറ മാട്ടുപ്പാതയിലെ പശുക്കുട്ടിക്കു പേവിഷബാധയുടെ ലക്ഷണങ്ങളുണ്ട്. പശുക്കുട്ടി ഭക്ഷണം കഴിക്കാത്തതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. പശുക്കളെ പരിചരിക്കുന്ന വീട്ടുകാർ ചികിത്സ തേടി.
വീടിനുമുന്നിൽ ഇറയത്തെ കട്ടിലിൽ കിടന്നിരുന്ന വിശാലത്തിനെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് നായ ആക്രമിച്ചത്. നാട്ടിൽ ഭീതിപരത്തി ഓടിനടന്ന നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു.