രൺവീർ സിംഗിന് വിലേക്കർപ്പെടുത്തി ബോളിവുഡ് സിനിമ സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ്. ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഡോൺ 3 എന്ന ചിത്രത്തിൽ നിന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ താരം പിന്മാറിയതിലാണ് കടുത്ത നടപടി.
നിർമാണക്കമ്പനിയായ എക്സൽ എന്റർടെയ്ൻമെന്റ് ആണ് രൺവീറിനെതിരേ സംഘടനയെ സമീപിച്ചത്.
ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾക്കായി ഇതുവരെ ചിലവായ 45 കോടി രൂപ രൺവീർ നഷ്ടപരിഹാരമായി നൽകണമെന്ന് ചിത്രത്തിന്റെ നിർമാതാക്കളായ എക്സൽ എന്റർടൈൻമെന്റ് ആവശ്യപ്പെട്ടു.
ചിത്രത്തിന്റെ ലൊക്കേഷൻ പരിശോധനയും തിരക്കഥാ ചർച്ചകളും പ്രമോ ഷൂട്ടും രൺവീറിന്റെ സാന്നിധ്യത്തിലാണ് നടന്നതെന്നും അതിനാൽ പെട്ടെന്നുള്ള പിന്മാറ്റം വലിയ സാമ്പത്തിക ബാധ്യത വരുത്തിവച്ചതായും നിർമാതാക്കൾ സംഘടനയെ അറിയിച്ചു.
അതേസമയം വിഷയത്തിൽ ഇടപെടാൻ സംഘടനയ്ക്ക് അധികാരമില്ലെന്നാണ് രൺവീർ സിംഗിന്റെ സെക്രട്ടറി ഇമെയിൽ വഴി നൽകിയ മറുപടി.
നടന്റെ ഈ നിലപാട് അംഗീകരിക്കാനാവില്ലെന്നും ഒരു സൂപ്പർതാരവും നിയമത്തിന് മുകളിലല്ലെന്നും എഫ്ഡബ്ല്യുഐസിഇ പ്രസിഡന്റ് ബി.എൻ. തിവാരി പറഞ്ഞു. നടൻ നേരിട്ടെത്തി ചർച്ച നടത്തുന്നത് വരെ പരസ്യചിത്രങ്ങൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ഒരു പ്രോജക്റ്റുകളുമായും ഇന്ത്യയിലുടനീളമുള്ള സാങ്കേതിക പ്രവർത്തകരും തൊഴിലാളികളും സഹകരിക്കില്ലെന്ന് ജനറൽ സെക്രട്ടറി അശോക് ദുബെ വ്യക്തമാക്കി.
എഫ്ഡബ്ല്യുസിഇയുടെ വിലക്ക് രൺവീർ സിംഗിന് വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്. നിർമാതാക്കൾക്കും തൊഴിലാളികൾക്കും വലിയ നഷ്ടമുണ്ടാക്കുന്ന ഇത്തരം നടപടികൾക്കെതിരെ മറ്റു നിർമാതാക്കളുടെ സംഘടനകളും ഒപ്പം നിൽക്കണമെന്ന് എഫ്ഡബ്ല്യുഐസിഇ അഭ്യർഥിച്ചു.