വാഷിംഗ്ടൺ ഡിസി: ഇറാൻ യുദ്ധത്തിൽ തനിക്കുള്ള എതിർപ്പ് പിതാവ് ഡൊണാൾഡ് ട്രംപിനെ അറിയിച്ചെന്ന് മകൻ ഡൊണാൾഡ് ട്രംപ് ജൂണിയർ. ട്രംപിന്റെ മകന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി അറ്റ്ലാന്റിക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാനിലെ സൈനിക ഇടപെടലിനെ ഡൊണാൾഡ് ട്രംപ് ജൂണിയർ ശക്തമായി എതിർത്തിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ പിതാവുമായുള്ള അഭിപ്രായവ്യത്യാസം പരസ്യമാക്കാൻ ഡൊണാൾഡ് ട്രംപ് ജൂണിയർ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹവുമായി അടുപ്പമുള്ളവർ വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ വീണ്ടും ഒരു സൈനിക സംഘർഷത്തിൽ ഏർപ്പെടുന്നതിൽനിന്ന് അമേരിക്ക മാറിനിൽക്കണമെന്നതായിരുന്നു ഡൊണാൾഡ് ട്രംപ് ജൂണിയറിന്റെ നിലപാട്. വിദേശരാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക ഇടപെടലിനെ ഏറെക്കാലമായി എതിർത്തുവരുന്നയാളാണ് അദ്ദേഹം. ഇസ്രയേലുമായി ചേർന്ന് പിതാവ് ഡൊണാൾഡ് ട്രംപ് ഇറാനെതിരേ സൈനിക നീക്കം ആരംഭിച്ചപ്പോഴും ഡൊണാൾഡ് ട്രംപ് ജൂണിനിയർ തന്റെ എതിർപ്പ് അറിയിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.