ന്യൂഡൽഹി: പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് നാളെ ഇന്ത്യയിലെത്തും.
22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ച നടത്തും.
ഡൽഹിയിലെ ചർച്ചകൾക്ക് പുറമെ ബംഗളൂരു സന്ദർശിക്കുന്ന ടസ്ക് വിവരസാങ്കേതികവിദ്യ, ബഹിരാകാശം തുടങ്ങിയ നിർണായക മേഖലകളിലെ വിവിധ വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും സംവദിക്കും.
പോളണ്ട് പ്രധാനമന്ത്രിയെന്ന നിലയിൽ ടസ്കിന്റെ രണ്ടാമത്തെ ഇന്ത്യ സന്ദർശനമാണിത്. ധനകാര്യ മന്ത്രി ആൻഡ്രജ് ഡൊമാൻസ്കിയും ടസ്ക്കിനൊപ്പമുണ്ട്.