കീവ്: ഡോൺബാസ് പ്രദേശം റഷ്യക്കു വിട്ടുകൊടുക്കുന്നതിനു പകരമായി യുക്രെയ്നു നാറ്റോ അംഗത്വം നല്കാമെന്ന വാഗ്ദാനം അമേരിക്ക മുന്നോട്ടു വച്ചതായി പ്രസിഡന്റ് സെലൻസ്കി.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം നടത്തുന്ന നീക്കങ്ങളിൽ നാറ്റോ അംഗത്വം ഉൾപ്പെടുന്നത് ഇതാദ്യമാണ്. അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരദ് കുഷ്നറും അടുത്തിടെ റഷ്യൻ പ്രസിഡന്റ് പുടിനുമായും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായും ചർച്ച നടത്തിയിരുന്നു.
യുക്രെയ്നു നാറ്റോ അംഗത്വം നല്കുന്നതിനു പകരം റഷ്യക്ക് കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് വിട്ടുകൊടുക്കാനാകുമോ എന്നാണ് അമേരിക്കൻ സംഘം ആരാഞ്ഞതെന്നു സെലൻസ്കി അറിയിച്ചു. പക്ഷേ, ഈ വിഷയത്തിൽ പുടിന്റെ എതിർപ്പ് എല്ലാവർക്കും അറിയാവുന്നതാണെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
യുക്രെയ്ൻ നാറ്റോയിൽ ചേരുന്നത് റഷ്യക്ക് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നു പുടിൻ വ്യക്തമാക്കിയിട്ടുള്ളതാണ്. 2022ൽ റഷ്യൻ സേന യുക്രെയ്നിൽ അധിനിവേശം ആരംഭിക്കാനുള്ള കാരണങ്ങളിലൊന്നായി പുടിൻ ചൂണ്ടിക്കാട്ടിയതും യുക്രെയ്ന്റെ നാറ്റോ മോഹങ്ങളാണ്.
റഷ്യക്കു ഭൂമി വിട്ടുകൊടുക്കാൻ തയാറല്ല എന്നതാണ് തന്റെ നിലപാടെന്നും സെലൻസ്കി ഇന്നലെ പറഞ്ഞു. പക്ഷേ, സുരക്ഷാ ഉറപ്പ്, മികച്ച സൈന്യം, പുനർനിർമാണ ഫണ്ട് എന്നിവ യുക്രെയ്നു നല്കാമെങ്കിൽ ഭൂമി വിട്ടുകൊടുക്കുന്നതിൽ ജനഹിത പരിശോധന നടത്താൻ തയാറാണ്.
കോസ്റ്റ്യാന്റിക്ക്വ പ്രദേശത്ത് മാനുഷിക പരിഗണനയുടെ പേരിൽ വെടിനിർത്താമെന്ന പുടിന്റെ വാഗ്ദാനം തള്ളുന്നതായും സെലൻസ്കി അറിയിച്ചു. സൈന്യത്തെ ഉപയോഗിച്ച് പ്രദേശം പിടിക്കാൻ പറ്റില്ലെന്നു മനസിലാക്കിയ പുടിൻ യുക്രെയ്ൻ സൈനികരെ അവിടെനിന്ന് ഒഴിവാക്കാൻ പ്രയോഗിക്കുന്ന തന്ത്രമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.