2026 നവംബർ 13, ഇന്നാണ് ലോകാവസാനം..! ആറു പതിറ്റാണ്ടുകൾക്കു മുൻപു പ്രസിദ്ധീകരിച്ച ശാസ്ത്രലേഖനത്തിലാണ് ഇങ്ങനെയൊരു പ്രവചനം. 1960-ലെ പ്രവചനം ഏതെങ്കിലും പ്രകൃതിദുരന്തത്തെയോ ഉൽക്കാപതനത്തെയോ കുറിച്ചല്ല! മറിച്ച് ജനസംഖ്യാവർധനവിനെക്കുറിച്ചുള്ള ഗണിതശാസ്ത്രപരമായ മുന്നറിയിപ്പായിരുന്നു. സയൻസ് ജേർണലിൽ 1960 നവംബർ നാലിനാണു ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഭൗതികശാസ്ത്രജ്ഞനായ ഹെയ്ൻസ് വോൺ ഫോർസ്റ്റർ, പാട്രിഷ്യ എം. മോറ, ലോറൻസ് ഡബ്ല്യു. അമിയോട്ട് എന്നിവർ ചേർന്നെഴുതിയ ലേഖനത്തിന് "ഡൂംസ്ഡേ: ഫ്രൈഡേ, നവംബർ 13, എഡി 2026' എന്നായിരുന്നു തലക്കെട്ട്.
ബിസി 400 മുതൽ 1958 വരെയുള്ള ജനസംഖ്യാ കണക്കുകളാണ് അന്നു വിശകലനവിധേയമാക്കിയത്. ലോകജനസംഖ്യ ഇരട്ടിയാകുന്ന സമയം ക്രമേണ കുറയുന്നതായി അവർ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഗണിതശാസ്ത്ര ഫോർമുല തയാറാക്കിയപ്പോൾ, 2026-ാടെ ലോക ജനസംഖ്യ അനന്തതയിൽ എത്തിച്ചേരുമെന്നാണു അവർ വ്യക്തമാക്കിയത്.
ലോകരാജ്യങ്ങളിലെ നിയന്ത്രണാതീതമായ ജനസംഖ്യാ വർധനയ്ക്കെതിരെയുള്ള ആക്ഷേപഹാസ്യപരമായ മുന്നറിയിപ്പുമായിരുന്നു ഈ പഠനം. 'നമ്മളുടെ കൊച്ചുകൊച്ചുകൊച്ചുമക്കൾ പട്ടിണികിടന്നു മരിക്കില്ല, മറിച്ച് അവർ ഭൂമിയിൽ ഞെരുങ്ങി മരിക്കും' എന്നായിരുന്നു ലേഖനത്തിലെ രസകരമായ പരാമർശം. മാത്രമല്ല, ഗവേഷകസംഘത്തിന്റെ തലവനായിരുന്ന ഹെയ്ൻസ് വോൺ ഫോർസ്റ്ററുടെ 115-ാം ജന്മദിനം കൂടിയാണ് നവംബർ 13 എന്നതു മറ്റൊരു യാദൃശ്ചികതയാണ്.
പ്രവചനം പൂർണമായും യാഥാർഥ്യമായില്ല. 1993-ാടെ ജനസംഖ്യാനിരക്കു പ്രതീക്ഷിച്ചതിലും കുറയാൻ തുടങ്ങി. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ലോകജനസംഖ്യ അനന്തതയിലല്ല, മറിച്ച് ഏകദേശം 830 കോടിയോളമാണ്. അമിതമായ ജനസംഖ്യാപ്പെരുപ്പത്തെക്കുറിച്ച് അക്കാലത്തു ശാസ്ത്രജ്ഞർ നൽകിയ പ്രാധാന്യത്തോടെയുള്ള മുന്നറിയിപ്പ് മാത്രമായിരുന്നു അതെന്നു വിദഗ്ധർ വ്യക്തമാക്കുന്നു.
എങ്കിലും, ഭാവിയിൽ 'നമ്മളുടെ കൊച്ചുകൊച്ചുകൊച്ചുമക്കൾ ഭൂമിയിൽ ഞെരുങ്ങി മരിക്കുമോ...'