തൃശൂർ: കമ്യൂണിസ്റ്റ് തത്വചിന്തകനും ആണവ ശാസ്ത്രജ്ഞനുമായ ഡോക്ടർ എം.പി. പരമേശ്വരൻ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു പരമേശ്വരൻ. പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങി വിവിധവിഷയങ്ങളിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമായിരുന്നു.
തൃശൂർ ജില്ലയിലെ കിരാലൂരിൽ 1935 ജനുവരി 18നായിരുന്നു ജനനം. പിതാവ് മടങ്ങർളി പരമേശ്വരൻ നമ്പൂതിരി. അമ്മ മാടമ്പ് സാവിത്രി അന്തർജനം. തൃശൂർ നമ്പൂതിരി വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം എൻജിനീയറിംഗ് കോളജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദവും മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിംഗിൽ പിഎച്ച്ഡിയും നേടി. 1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു.
പരമേശ്വരൻ അവതരിപ്പിച്ച നാലാംലോക സിദ്ധാന്തം സിപിഎമ്മിലും കേരളത്തിലെ ഇടതുപക്ഷത്തിനിടയിലും ഒരുകാലത്ത് വലിയ സൈദ്ധാന്തിക ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു. അധികാര വികേന്ദ്രീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മുൻഗണന നൽകുന്ന സോഷ്യലിസ്റ്റ് സമൂഹത്തെ വിഭാവനം ചെയ്യുന്നതായിരുന്നു പരമേശ്വരന്റെ നാലാം ലോകം എന്ന ആശയം.
പരമ്പരാഗത മാർക്സിസ്റ്റ് ആശങ്ങളിൽനിന്ന് വ്യതിചലിക്കുന്ന ഈ സിദ്ധാന്തം മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന ആശയത്തെയും മാർക്സിസ്റ്റ് സാമ്പത്തിക സിദ്ധാന്തങ്ങളെയും കോർത്തിണക്കുന്നതായിരുന്നു. ആഗോള കോർപറേറ്റ് വിപണിയെയും മുതലാളിത്ത വികസന രീതികൾക്കും ബദലായി മറ്റൊരു ലോകമെന്ന സങ്കൽപമായിരുന്നു ഇതിന്റെ സൈദ്ധാന്തിക ആടിത്തറ. തുടർന്ന് 2004ൽ അദ്ദേഹത്തെ സിപിഎം പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.