തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടിൽ ചോദ്യംചെയ്യലിനായി ചെയര്മാന് ഡോ. ബൈജു ഹാജരായാൽ അറസ്റ്റിലേക്കു വരെ നീങ്ങുമെന്നു സൂചന. പിഎസ്സിയിൽ പത്തോളം പേരെ ചോദ്യം ചെയ്തതിൽനിന്നു നിർണായക തെളിവുകളാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്നത്.
ഉന്നതതലത്തിലുള്ളവരുടെ പിന്തുണയിലാണ് തട്ടിപ്പ് നടന്നതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം ഉദ്യോഗസ്ഥരിലും അംഗങ്ങളിലും ഒതുങ്ങുമോ രാഷ്ട്രീയതലത്തിലുള്ള ഉന്നതരിലേക്കു കടക്കുമോ എന്നാണ് അറിയേണ്ടത്. ചോദ്യം ചെയ്യലിനു ഹാജരായവരെല്ലാം ചെയർമാനെതിരേ മൊഴി നല്‍കിക്കഴിഞ്ഞു.
ചോദ്യപേപ്പർ തയാറാക്കുന്നവരുടെ പാനൽ നിശ്ചയിക്കുന്നതിലും മൂല്യനിർണയം നടത്തുന്നവരെ തീരുമാനിക്കുന്നതിലും ചെയർമാൻ നേരിട്ടാണ് ഇടപെട്ടിരുന്നതെന്ന് അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിട്ടുണ്ട്. കൂട്ടായ ആലോചനയില്ലാതെയും സെക്രട്ടറിയെപ്പോലും അറിയിക്കാതെയും ചെയർമാൻ സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുത്തിരുന്നതായി പിഎസ്സി അംഗങ്ങളും ഉദ്യോഗസ്ഥരും മൊഴി നൽകിയിട്ടുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട് പിഎസ്സിയുടെ പത്ത് അംഗങ്ങളെ പ്രത്യേക അന്വേഷണ വിശദമായി ചോദ്യം ചെയ്തു കഴിഞ്ഞു. രണ്ട് അംഗങ്ങള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
മൂന്ന് വനിതാ അംഗങ്ങളെ നേരിട്ട് ചോദ്യം ചെയ്യുന്നതിനായി അവരുടെ സൗകര്യാർഥം പിഎസ്സി ഓഫീസിലെത്തി മൊഴിയെടുക്കും. ഇതുവരെ നടത്തിയ ചോദ്യംചെയ്യലിൽ ചെയർമാന്റെ പങ്ക് കൂടുതല്‍ വ്യക്തമായിട്ടുണ്ട്.
ഡിവൈഎസ്പി സ്പെഷൽ റിക്രൂട്ട്മെന്റ്
ഡിവൈഎസ്പി സ്പെഷ്യല്‍ റിക്രൂട്ട്മെന്റില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതിയിലും പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഈ പുതിയ അന്വേഷണം പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ റിക്രൂട്ട്മെന്റ് രേഖകളും ഹാജരാക്കാന്‍ പിഎസ്സിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.