തിരുവനന്തപുരം:ഡിഎച്ച്എസ് സ്ഥാനത്തു നിന്നും സർക്കാർ മാറ്റിയ ഡോ. റീന ഇന്നലെ കോടതി വിധിയുമായി ചുമതലയേൽക്കാൻ എത്തിയതു ഡിഎച്ച്എസ് ആസ്ഥാനത്ത് ഏറെ നാടകീയ രംഗങ്ങൾക്കു വഴിവച്ചു.
ഡോ. റീനയ്ക്ക് കസേര വിട്ടുനൽകാൻ നിലവിലെ ഡയറക്ടർ ഡോ. മീനാക്ഷി തയാറാകാത്തതാണു വിഷയങ്ങൾക്കു കാരണമായത്. ഇവർ തമ്മിൽ തർക്കം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തുകയും ഡോ. മീനാക്ഷിയുമായി സംസാരിക്കുകയും ചെയ്തു.
നിയമപരമായ കോടതി ഉത്തരവു നിലനിൽക്കുന്നതിനാൽ കസേര ഒഴിഞ്ഞുകൊടുക്കാതിരിക്കുന്നതു കടുത്ത നിയമലംഘനമാകുമെന്നു പോലീസ് മീനാക്ഷിയോടു പറഞ്ഞു. പോലീസിന്റെയും ഓഫീസിലെ മറ്റു പ്രധാന ഉദ്യോഗസ്ഥരുടെയും സമ്മർദത്തെ തുടർന്നാണു ഡോ. മീനാക്ഷി കസേരയിൽ നിന്നു മാറുകയും പുറത്തു പോകാൻ തയാറായതും.
ഡിഎച്ച്എസ് സ്ഥാനത്തുനിന്നു മാറ്റപ്പെട്ട ഡോ. റീന തനിക്ക് അനുകൂലമായ കോടതി വിധിയുമായാണ് ഇന്നലെ രാവിലെ ഡിഎച്ച്എസ് ആസ്ഥാനത്ത് എത്തിയത്. കോടതി വിധി പ്രകാരം തനിക്ക് ചുമതലയേൽക്കണമെന്നു റീന ആവശ്യപ്പെട്ടു. എന്നാൽ നിലവിലെ ഡിഎച്ച്എസ് ഡോ. മീനാക്ഷി കസേരയിൽ നിന്നുമാറാൻ തയാറായില്ല.
സർക്കാരിന്റെ ഭാഗത്തുനിന്നു കൃത്യമായ ഉത്തരവോ നിർദേശമോ ലഭിക്കാതെ താൻ കസേര ഒഴിഞ്ഞുതരില്ലെന്ന നിലപാടിൽ മീനാക്ഷി ഉറച്ചുനിന്നു. തർക്കം മൂർച്ഛിച്ചതോടെ ഓഫീസിനുള്ളിൽ നാടകീയ രംഗങ്ങൾ ഉണ്ടായി. ഇതിനിടെ ഡോ. മീനാക്ഷി പോലീസിന്റെ സഹായം തേടുകയും തനിക്ക് ഔദ്യോഗിക കൃത്യനിർവഹണത്തിനു പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്നാണു പോലീസ് മീനാക്ഷിയുമായി ചർച്ച നടത്തുകയും ഒടുവിൽ കസേരയിൽ നിന്നും മാറിക്കൊടുക്കാൻ അവർ തയാറാവുകയുമായിരുന്നു.