കൊച്ചി: ആനി തയ്യിൽ നടത്തിയ സാമൂഹ്യ ഇടപെടലുകൾ കേരളീയ സ്ത്രീസമൂഹത്തിന് എക്കാലവും അഭിമാനിക്കാവുന്നതാണെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ. അവരെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടത് കേരളീയ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രത്തോടു പുലർത്തുന്ന നീതിയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ, രാജ്യസഭ അംഗം, രാഷ്ട്രീയ പ്രവർത്തക, സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി, നിരവധി പുസ്തകങ്ങളുടെ രചയിതാവ്, പത്രാധിപ, വിവർത്തക, ദേശീയ ന്യൂനപക്ഷ കമ്മിഷൻ അംഗം തുടങ്ങി വ്യത്യസ്ത മേഖലകളിൽ മികവറിയിച്ച ആനി തയ്യിലിന്റെ 33-ാം ചരമവാർഷികത്തോടനുബന്ധിച്ച് പിഒസിയിൽ നടന്ന ‘വാങ്മയം’ അനുസ്മരണ പരിപാടിയിൽ പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആനി തയ്യിൽ ദീപികയിൽ എഴുതിയ പഠനപരന്പര ശ്രദ്ധേയമായിരുന്നു. അക്കാലത്ത് പൊതുരംഗങ്ങളിൽ സ്ത്രീകൾ ഇടപെടുന്നതിലെ പരിമിതികൾ അതിജീവിച്ചുകൊണ്ടാണ് ആനി തയ്യിൽ സമൂഹത്തിന്റെ വ്യത്യസ്ത ധാരകളിൽ സജീവമായ ഇടം അടയാളപ്പെടുത്തിയത്. രാഷ്ട്രീയത്തിലും എഴുത്തിലും അവർ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ആനി തയ്യിലിന്റെ ജീവിതവും സംഭാവനകളും കേരള സമൂഹം അർഹിക്കുന്ന രീതിയിൽ അറിഞ്ഞ് ആദരിക്കാൻ മറന്നുപോയിട്ടുണ്ടെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
കേരളത്തിന്റെ പൊതുമണ്ഡലങ്ങളിലെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രത്തിൽ അഭിമാനത്തോടെ അടയാളപ്പെടുത്തപ്പെട്ട അതുല്യവ്യക്തിയാണ് ആനി തയ്യിലെന്നു അധ്യക്ഷപ്രസംഗത്തിൽ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചൂണ്ടിക്കാട്ടി. ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾ പല കോണുകളിൽ ചോദ്യം ചെയ്യപ്പെടുന്ന വർത്തമാനകാലത്തിന് ചിന്തകളിലൂടെയും എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും അത്തരം മൂല്യങ്ങൾക്കായി ആർജവത്തോടെ നിലപാടെടുത്ത ആനി തയ്യിൽ മാതൃകയാണെന്നും ഫാ. വെട്ടിക്കാട്ട് ഓർമിപ്പിച്ചു.
വിമോചനസമരകാലത്തും ശേഷവും കേരളീയ സമൂഹത്തിന്റെ പൊതുധാരകളിൽ ദിശാബോധം പകരാൻ ആനി തയ്യിലിനായി. ദീപികയിൽ ആനി തയ്യിലിന്റെ ശ്രദ്ധേയമായ ലേഖനങ്ങളും മറ്റു രചനകളും പ്രസിദ്ധീകരിച്ചതും ഭർത്താവ് കുര്യൻ തയ്യിൽ ദീപികയുടെ എറണാകുളം ലേഖകനായി സേവനം ചെയ്തതും അഭിമാനത്തോടെ സ്മരിക്കുന്നു.
കേരള, ഭാരത ചരിത്രത്തിലെ നിർണായകസംഭവങ്ങളെയും ആനി തയ്യിലിനെപ്പോലെ പ്രതിഭകളുടെ ജീവിതങ്ങളെയും അടയാളപ്പെടുത്തുന്ന ചരിത്രവിവരങ്ങൾ ദീപികയുടെ വിപുലമായ സെൻട്രൽ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഫാ. മൈക്കിൾ വെട്ടിക്കാട്ട് പറഞ്ഞു.
ആഴത്തിലുള്ള ചിന്തകളും ആവേശഭരിതമായ പ്രസംഗങ്ങളും മികച്ച എഴുത്തും ആനി തയ്യിലിന്റെ പൊതുജീവിതത്തെ സന്പന്നമാക്കിയെനന്ന് അഡ്വ. തമ്പാൻ തോമസ് അനുസ്മരിച്ചു. അക്കാലത്ത് കൊച്ചിയിലെ വിദ്യാർഥിനേതാക്കൾക്കും സമരങ്ങൾക്കും പ്രചോദനം പകരാൻ ആനി തയ്യിലിനായെന്നും അദ്ദേഹം പറഞ്ഞു.
78 ഗ്രന്ഥങ്ങൾ രചിച്ചതിലൂടെ മലയാളത്തിന്റെ വായനാലോകത്തും ധൈഷണിക മേഖലയിലും ഗൗരവമായ ഇടപെടലുകൾ നടത്താൻ ആനി തയ്യിലിനു സാധിച്ചെന്ന് ഡോ. ജോർജ് തയ്യിൽ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.
ഉള്ളിലെ ദൈവികതയെ സമൂഹത്തിലേക്കു സമ്മാനിക്കാൻ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും അവർക്കായെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി മീഡിയ കമ്മിഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ പ്രസംഗിച്ചു.