മുരിക്കാശേരി: യുവജനങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകണമെന്ന് കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. കേരള കത്തോലിക്ക സഭയുടെ യുവജന പ്രസ്ഥാനമായ കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ മുരിക്കാശേരിയിൽ നടന്ന സംസ്ഥാന യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവജനങ്ങൾക്ക് രാഷ്ട്രീയത്തോട് വിരക്തി തോന്നുന്ന കാലമാണിത്. ഇത് അപകടകരമായ സാഹചര്യമാണ്. യുവജനങ്ങൾ രാഷ്ട്രീയത്തിൽ സജീവമാകുകയും ജനനന്മയ്ക്കായി പ്രവർത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
കെസിവൈഎം ഇടുക്കി രൂപതാസമിതിയുടെ ആതിഥേയത്വത്തിൽ നടന്ന യുവജന ദിനാഘോഷത്തിൽ രൂപതയിലെ മുഴുവൻ ഇടവകകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്തു. ആയിരക്കണക്കിന് യുവജനങ്ങൾ പങ്കെടുത്ത വർണാഭമായ യുവജന റാലി മുരിക്കാശേരി സെന്റ് മേരീസ് ഫൊറോനാ പള്ളി അങ്കണത്തിൽനിന്ന് ആരംഭിച്ച് മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.
ചുരുളി സെന്റ് തോമസ് ഫൊറോന പള്ളിയിൽനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽനിന്ന് ആരംഭിച്ച ഛായാചിത്ര പ്രയാണവും രാജാക്കാട് ക്രിസ്തുരാജാ ഫെറോന പള്ളിയിൽ നിന്ന് ആരംഭിച്ച പതാക പ്രയാണവും സമ്മേളന നഗരിയിലെത്തി സമാപിച്ചു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി അധ്യക്ഷത വഹിച്ചു. കെസിബിസി യുവജന കമ്മീഷൻ ചെയർമാനും ഇടുക്കി രൂപതാ മെത്രാനുമായ മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ഡയറക്ടർ ഫാ.ഡിറ്റോ കൂള ആമുഖപ്രഭാഷണം നടത്തി. രൂപതാ പ്രസിഡന്റ് അമൽ ജിജു ജോസഫ്, രൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട്, സംസ്ഥാന അനിമേറ്റർ സിസ്റ്റർ ഡോ. നോർബർട്ട സിടിസിസി, രൂപത അനിമേറ്റർ സിസ്റ്റർ ലിന്റ എസ്എബിഎസ്, സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, സാം സണ്ണി, ആനി മരിയ ജോസഫ് എന്നിവർ പ്രസംഗിച്ചു.