കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭിന്നശേഷി അധ്യാപക നിയമനം, മദ്യശാലകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചത് എന്നീ നടപടികള്‍ക്കെതിരേയാണ് വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ രംഗത്തുവന്നത്.
ഭിന്നശേഷി അധ്യാപക നിയമനത്തില്‍ എന്‍എസ്എസിന് അനുകൂലമായ സുപ്രിംകോടതി വിധി തങ്ങള്‍ക്കും ബാധകമാക്കണമെന്ന ആവശ്യവുമായി ഒരു വര്‍ഷമായി സര്‍ക്കാരിനു മുന്നില്വച്ചതാണ്. അന്ന് മാനേജ്മെന്റുകൾ ചെയ്യേണ്ട കാര്യം ചെയ്തില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാടെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ മാധ്യമ വിഭാഗം അധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ പ്രതീകരിച്ചു.
ഭിന്നശേഷി അധ്യാപക നിയമനത്തില്‍ എന്‍എസ്എസിന് അനുകൂലമായ സുപ്രിംകോടതി വിധി തങ്ങള്‍ക്കും ബാധകമാക്കാന്‍ തടസമില്ലെന്ന ക്രൈസ്തവ മാനേജുമെന്റുകളുടെ നിലപാട് ശരിയാണെന്ന് കാലം തെളിയിച്ചു.
മദ്യശാലകളുടെ പ്രവര്‍ത്തനസമയം നീട്ടാന്‍ അതിവേഗ തീരുമാനമുണ്ടായി. എന്നാല്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളും അവരുടെ കുടുംബങ്ങളും ന്യായമായ ആവശ്യത്തിനുവേണ്ടി ഏറെ നാള് കാത്തിരിക്കേണ്ടി വന്നു. കോടതിയിലേക്കു പോകാതെ തന്നെ പരിഹരിക്കാന്‍ കഴിയുമായിരുന്ന വിഷയത്തില്‍ തീരുമാനം നടപ്പാകുമ്പോഴാണ് സര്‍ക്കാരിലുള്ള വിശ്വാസം പ്രകടമാകുകയെന്നും യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു.
സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തനസമയം ദീര്ഘിപ്പിച്ച സര്‍ക്കാര്‍ നടപടി ആശങ്കാജനകമാണെന്ന് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മന്‍ പ്രതീകരിച്ചു.