കണ്ണൂർ: അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ (എൻഐഎച്ച്) ആർ 01 ഗവേഷണ ഗ്രാന്റ് ശ്രീകണ്ഠപുരം നിടുവാലൂരിലെ വിതിരിക്കുന്നേൽ ഡോ. ജോൺസൺ വി. ജോണിന്.
ലോസ് ആഞ്ചലസിലുള്ള ടെറസാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോമെഡിക്കൽ ഇന്നൊവേഷനിലെ അസിസ്റ്റന്റ് പ്രഫസറാണ് ജോൺസൺ. ദീർഘകാലമായി ഭേദമാകാതെ തുടരുന്ന മുറിവുകളുടെ ചികിത്സയിൽ പുതിയ വഴിതുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. ജോൺസന്റെ നേതൃത്വത്തിലുള്ള ഗവേഷണത്തിന് ഗ്രാന്റ് ലഭിച്ചിരിക്കുന്നത്. പ്രമേഹം മൂലമുണ്ടാകുന്ന മുറിവുകൾ, രക്തയോട്ടവുമായി ബന്ധപ്പെട്ട മുറിവുകൾ, ദീർഘകാലം കിടപ്പിലായവരിലുണ്ടാകുന്ന പ്രഷർ അൾസർ തുടങ്ങിയവയാണ് പ്രധാന ലക്ഷ്യം.
സാധാരണ മുറിവുകൾ ഭേദമാകുന്ന പ്രക്രിയയിൽനിന്ന് വ്യത്യസ്തമായി, ഇത്തരം മുറിവുകളിൽ ശരീരത്തിലെ പ്രതിരോധകോശങ്ങൾ ദീർഘകാലം വീക്കം നിലനിർത്തുന്ന അവസ്ഥയിൽ കുടുങ്ങിപ്പോകുന്നതാണു പ്രധാന പ്രശ്നങ്ങളിലൊന്ന്.
ഈ പ്രശ്നത്തിന് പരിഹാരമായി മുറിവുള്ള ഭാഗത്തേക്കു നേരിട്ട് ഓക്സിജൻ എത്തിക്കുകയും പ്രത്യേക പെപ്റ്റൈഡ് ഉപയോഗിച്ച് പ്രതിരോധകോശങ്ങളെ മുറിവുണക്കലിനും കോശപുനർനിർമാണത്തിനും സഹായിക്കുന്ന രീതിയിലേക്കു നയിക്കുകയും ചെയ്യുന്ന പുതിയ സാങ്കേതികവിദ്യയാണ് ഡോ. ജോൺസനും സംഘവും വികസിപ്പിക്കുന്നത്.
അമേരിക്കയിൽ ഏകദേശം 65 ലക്ഷം പേർ ക്രോണിക് വൂണ്ട്സ് മൂലം ബുദ്ധിമുട്ടുന്നുവെന്നാണു കണക്ക്. ഇത്തരം മുറിവുകൾക്ക് പ്രതിവർഷം 25 ബില്യൺ ഡോളറിലധികമാണ് അമേരിക്കൻ ആരോഗ്യസംവിധാനത്തിനു ചെലവാകുന്നത്.
ബയോ എൻജിനിയറിംഗ്, ഇമ്യൂണോളജി, മെറ്റീരിയൽസ് സയൻസ് എന്നീ മേഖലകളിലെ വിദഗ്ധരെ ഒരുമിപ്പിക്കുന്ന അന്തർവിഷയ ഗവേഷണമാണിത്. ഹാർവഡ് മെഡിക്കൽ സ്കൂൾ, യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.