പാക്കിസ്ഥാനിലെ പട്ടാള ഭരണാധികാരികളെ പിന്താങ്ങുന്ന അമേരിക്ക ഒറ്റയാൻ ശക്തിയാണ്. കാലങ്ങളായി ജനാധിപത്യ ഇന്ത്യയുടെ വിശ്വസ്ത മിത്രമാണ് റഷ്യ.
-വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
(സെപ്റ്റംബർ 28ന് ന്യൂയോർക്കിലെ ഏഷ്യാ സൊസൈറ്റിയിലെ പ്രസംഗത്തിൽ)
പ്രസിഡന്റ് ട്രംപുമായി വളരെ രചനാത്മകമായ ഫോൺ സംഭാഷണം നടത്തി.
-പ്രധാനമന്ത്രി നരേന്ദ്ര മോദി
(സെപ്റ്റംബർ 30ന് എക്സിൽ)
ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ആസന്നമല്ല.
-സെപ്റ്റംബർ 30ന് യുഎസ് വാണിജ്യ പ്രതിനിധി ജാമീസൺ ഗ്രീയർ വാഷിംഗ്ടണിൽ ഇന്ത്യയുടെ വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി
നടത്തിയ ചർച്ചയ്ക്കു ശേഷം.
ഇന്ത്യ-അമേരിക്ക വ്യാപാര ഉടമ്പടിക്കായുള്ള ചർച്ചകൾ പീഠഭൂമിയിൽ വഴിമുട്ടി നിൽക്കുന്നു. കൂടുതൽ വിട്ടുവീഴ്ചകൾ സാധ്യമല്ല.
-ധനമന്ത്രി നിർമല സീതാരാമൻ
(ഒക്ടോബർ അഞ്ചിനു ന്യൂഡൽഹിയിൽ മ്യൂണിക് ലീഡേഴ്സ് മീറ്റിൽ.)
ഇന്ത്യ-അമേരിക്ക വ്യാപാര ഉടമ്പടി ഉണ്ടാകില്ല എന്നു മാത്രമല്ല ഈ പ്രസ്താവനകൾ പറയുന്നത്. ഇന്ത്യ-അമേരിക്ക ബന്ധത്തിൽ കാര്യമായ ഉലച്ചിൽ സംഭവിച്ചു എന്ന് ഇവ കാണിക്കുന്നു. ഉലച്ചിൽ മാറാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എൺപതാം വയസിൽ തന്റെ ശൈലിയും നയങ്ങളും മാറ്റണം. 2016-21 കാലത്തും 2024 നവംബർ മുതലും ട്രംപിനെ സുഖിപ്പിക്കുന്നതിൽ ശ്രദ്ധിച്ച ഇന്ത്യൻ നയതന്ത്രം ഒരു പരാജയമായി എന്നും ഇതിൽനിന്നു മനസിലാക്കാം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തുടങ്ങിയതാണു വ്യാപാര ഉടമ്പടിക്കായുള്ള ചർച്ച. 21 മാസത്തിനു ശേഷം, ചർച്ച വഴി മുട്ടിയെന്നും തുടരാൻ സാധ്യത കുറവാണെന്നും ധനമന്ത്രി പറഞ്ഞതോടെ ഇന്ത്യ-അമേരിക്ക ബന്ധത്തിലെ ഒരു അധ്യായം അവസാനിക്കുന്നു.
വലിയ പ്രതീക്ഷയോടെയാണു ചർച്ച തുടങ്ങിയത്. ട്രംപ് രണ്ടാം തവണ അധികാരമേറ്റ് ആഴ്ചകൾക്കകം മോദി വാഷിംഗ്ടണിലെത്തി സന്ദർശിച്ചു. ഫെബ്രുവരി 13നു വൈറ്റ് ഹൗസിൽ മോദിക്കായി വർക്കിംഗ് ലഞ്ച് ഒരുക്കി. വളരെ വലിയ പ്രഖ്യാപനങ്ങളാണ് ആ ഉച്ചഭക്ഷണത്തിനുശേഷം ഉണ്ടായത്.
►വലിയ പങ്കാളിത്തം
ബന്ധം ആഴപ്പെടുത്താൻ യുഎസ്-ഇന്ത്യ കോംപാക്റ്റ് (COMPACT- Catalyzing Opportunities for Military Partnership, Accelerated Commerce and Technology) പ്രഖ്യാപിച്ചു. 21-ാം നൂറ്റാണ്ടിലേക്ക് രണ്ടു രാജ്യങ്ങളും സൈനിക പങ്കാളിത്തവും ത്വരിത വാണിജ്യ-സാങ്കേതിക സഹകരണവും വർധിപ്പിക്കുക എന്നാണ് ഇതിൽ ലക്ഷ്യമിട്ടത്. പരസ്പര വ്യാപാരം 2030നകം 50,000 കോടി ഡോളർ ആക്കുക, വ്യാപാരക്കരാർ ഉണ്ടാക്കുക, ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും കൂട്ടായി നിർമിക്കുക, ഊർജമേഖലയിൽ സഹകരണം കൂട്ടുക. മോദിയും ‘ഡിയർ ഫ്രണ്ട്’ ട്രംപും ആശ്ലേഷിച്ച് രൂപംകൊടുത്ത കോംപാക്റ്റിൽ ഇതെല്ലാം പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ ഒന്നുമല്ലാതെ തീരുന്നത്. പ്രതിരോധ സഖ്യവും ഇല്ല, വ്യാപാരക്കരാറുമില്ല. 50,000 കോടി ഡോളർ വ്യാപാരസ്വപ്നവും വെറുതേ. കോംപാക്റ്റ് വിഭാവന ചെയ്ത ഒരു മേഖലയിലും മുന്നേറിയില്ല. പ്രതിരോധ സഹകരണത്തിൽ ഇന്ത്യക്കു പരാതിയേ ഉള്ളൂ. പുതിയ ആയുധങ്ങളോ പോർവിമാനങ്ങളോ പ്രതിരോധ സംവിധാനങ്ങളോ ലഭിച്ചില്ല.
►ഡ്രോണിലെ കുതന്ത്രം
അമേരിക്കയിലെ പവറസ് കമ്പനിയിൽനിന്ന് ഡ്രോണുകൾ വാങ്ങാനും ഇവിടെ നിർമിക്കാനും ഇന്ത്യ കരാറുണ്ടാക്കി. മൂന്നുമാസം കഴിഞ്ഞപ്പോൾ പവറസ് പാക്കിസ്ഥാനുമായും ഇതേ ഡ്രോണുകൾ നൽകാൻ കരാറുണ്ടാക്കി. ട്രംപിന്റെ രണ്ടു പുത്രന്മാർക്കു നിക്ഷേപമുള്ള കമ്പനിയുടെ ഈ നടപടി വീണ്ടും ഇന്ത്യയെ പ്രകോപിപ്പിച്ചു. പാക്കിസ്ഥാനെ കൂടെച്ചേർത്തു നിർത്തുന്ന യുഎസ് നയം ട്രംപ് തുടരുന്നതാണ് പ്രതിരോധ സഹകരണം അധികം മുന്നേറാത്തതിന്റെ കാരണം. സേനാധിപൻ അസിം മുനീറും പ്രധാനമന്ത്രി ഷഹബാസ് ഷരീഫും പാക്കിസ്ഥാനിലെ അപൂർവധാതുസമ്പന്നമായ ചില പ്രദേശങ്ങളിൽ അമേരിക്കൻ കമ്പനികൾക്കു ഖനനാവകാശം നൽകാൻ നീക്കമുണ്ട്. തന്റെ മകനു പങ്കുള്ള കമ്പനികൾക്ക് അതു തരപ്പെടുത്താനാണു ട്രംപ് ശ്രമിക്കുന്നത്. ബുഷ് ഭരണകൂടംപോലെ ചൈനയ്ക്കെതിരേ ഇന്ത്യയെ ഉയർത്തണം എന്ന ആശയമൊന്നും ട്രംപിനില്ല.
►നിയമവും കരാറും മാനിക്കാതെ
രണ്ടാം വരവിൽ ട്രംപ് വാണിജ്യ നിയമങ്ങളും കരാറുകളും കാറ്റിൽ പറത്തിയാണു നീങ്ങിയത്. അമേരിക്കയ്ക്കു വ്യാപാരക്കമ്മിയുള്ള എല്ലാ രാജ്യങ്ങൾക്കും ‘പകരം തീരുവ’ ചുമത്തി. 50 ശതമാനമാണ് ഇന്ത്യക്കു ചുമത്തിയത്. ചർച്ചയിലൂടെ അതു 18 ശതമാനമാക്കി. യുഎസ് സുപ്രീം കോടതി ‘പകരം തീരുവ’ അസാധുവാക്കിയപ്പോൾ ട്രംപ് മറ്റൊരു നിയമം ഉപയോഗിച്ചു 10 ശതമാനം താത്കാലിക തീരുവ ചുമത്തി. അതു തീരും മുൻപ് ഇന്ത്യക്കും മറ്റു കുറേ രാജ്യങ്ങൾക്കുമെതിരേ നിർബന്ധിത ജോലിയുടെയും അമിത ഉത്പാദനശേഷിയുടെയും പേരിൽ അന്വേഷണങ്ങൾ പ്രഖ്യാപിച്ചു. നിർബന്ധിത ജോലിയിൽ ഇന്ത്യ പ്രശ്നക്കാരല്ലെന്നു തീർപ്പായപ്പോൾ ഇന്ത്യക്കു 10 ശതമാനം തീരുവ തുടർന്നു. ഉത്പാദനശേഷിയുടെ അന്വേഷണം തുടങ്ങുകയാണ്. അതിനിടെ റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ 100 ശതമാനം തീരുവ ചുമത്താൻ അധികാരം നൽകുന്ന നിയമവും അമേരിക്കയിൽ ഉണ്ടായി. നിലവിലെ എല്ലാ തീരുവ നിയമങ്ങളും മാറിയാലും ഇതു മാത്രം മതി ഇന്ത്യയെ ശ്വാസം മുട്ടിക്കാൻ.
ഇന്ത്യക്കു മറ്റു രാജ്യങ്ങളോടു മത്സരിച്ചു വേണം കയറ്റുമതിയിൽ മുന്നേറാൻ. അതിനു മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നമ്മുടെ തീരുവ കുറവാകണം. അങ്ങനെ കുറഞ്ഞ നിരക്കു തരാമെന്ന് അമേരിക്ക ഉറപ്പു നൽകില്ല. അമേരിക്കയോടു നമ്മൾ കരാറുണ്ടാക്കിയ ശേഷം വേറെ രാജ്യക്കാർ കുറഞ്ഞ നിരക്കിൽ കരാറുണ്ടാക്കിയാൽ നമ്മൾ പെട്ടതുതന്നെ.
ചുരുക്കം ഇതാണ്. പാടുപെട്ട് കരാർ ഉണ്ടാക്കിയാൽ അമേരിക്ക അതു സൗകര്യം പോലെ മാറ്റും. അപ്പോൾ എന്തിനു കരാർ? കാനഡയും മെക്സിക്കോയും യൂറോപ്യൻ യൂണിയനും അതു നേരത്തേ പഠിച്ചു. ഇന്ത്യ അതു പഠിച്ചു തുടങ്ങുന്നു എന്നാണു നിർമല സീതാരാമന്റെ പ്രസ്താവന കാണിക്കുന്നത്.
►നയപരമായ പരാജയം
പന്ത്രണ്ട് വർഷമായി അമേരിക്കയുടെ സഖ്യകക്ഷി എന്ന നിലയിലേക്ക് ഇന്ത്യയെ ഉയർത്താൻവേണ്ടി ശ്രമിക്കുകയായിരുന്നു മോദി ഭരണകൂടം. അതു പരാജയമായെന്ന് ഇപ്പോൾ തെളിയുന്നു. റഷ്യയുമായുള്ള സുദൃഢ ബന്ധം നിലനിർത്തിക്കൊണ്ട്, അമേരിക്കയുമായി നല്ല സൗഹൃദം പുലർത്തി, ചൈനയെ കരുതലോടെ കൈകാര്യം ചെയ്തും പ്രതിരോധശേഷി വളർത്തിയും മുന്നോട്ടു പോകുന്ന നയത്തിലേക്കു രാജ്യം മടങ്ങേണ്ടി വരുന്നു. ചൈനയ്ക്കെതിരേ ഇന്ത്യക്കൊരു പരിചയായി അമേരിക്ക ഉണ്ടാകും എന്ന തെറ്റിദ്ധാരണ ഇപ്പോൾ മാറുന്നുണ്ട്. തായ്വാനോടും യൂറോപ്പിനോടും ട്രംപ് കാണിക്കുന്നതിൽനിന്ന് ഇന്ത്യ പഠിച്ചു തുടങ്ങുന്നു.
ട്രംപ് മാറിയാലും ട്രംപിസം യുഎസ് ഭരണകൂടത്തിൽനിന്നു മാറും എന്നു കരുതാനാവില്ല. അതാണു ദീർഘകാല ഭീഷണി. ഇന്ത്യൻ യുവാക്കൾക്കു വലിയ അവസരങ്ങൾ വാഗ്ദാനം ചെയ്ത ഇന്ത്യ-യുഎസ് സൗഹൃദം ഇങ്ങനെ ഉലയുന്നതു ചെറുപ്പക്കാരെയും നിരാശപ്പെടുത്തും.