ബോളിവുഡ് സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരുന്ന 'ദൃശ്യം 3: ദ കൺക്ലൂഷൻ' തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച് മുന്നേറുന്നു. മോഹൻലാൽ നായകനായ മലയാളം പതിപ്പ് റിലീസ് ചെയ്ത് നാല് മാസത്തിന് ശേഷമാണ് അജയ് ദേവ്ഗൺ പ്രധാന വേഷത്തിലെത്തിയ ഹിന്ദി പതിപ്പ് തിയേറ്ററുകളിലെത്തിയത്.
ഒറിജിനൽ പതിപ്പിനെപ്പോലെ തന്നെ പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താത്ത മികച്ചൊരു സിനിമാനുഭവമാണ് ഹിന്ദി പതിപ്പും സമ്മാനിക്കുന്നതെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ ആഗോളതലത്തിൽ 509 കോടി രൂപയിലധികം വാരിക്കൂട്ടി വമ്പൻ വിജയം സ്വന്തമാക്കി കഴിഞ്ഞു. പ്രമുഖ ചലച്ചിത്ര നിരൂപകൻ തരൺ ആദർശ് 4.5/5 റേറ്റിംഗ് നൽകിയാണ് ചിത്രത്തെ ഒരു 'ഷുവർ-ഷോട്ട് ബ്ലോക്ക്ബസ്റ്റർ' എന്ന് വിശേഷിപ്പിച്ചത്.
അജയ് ദേവ്ഗണിന് പുറമെ തബു, ശ്രിയ ശരൺ, ജയ്ദീപ് അഹ്ലാവത് എന്നിവരുടെ ഗംഭീര പ്രകടനവും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നുണ്ട്. പ്രത്യേകിച്ച് ജയ്ദീപ് അഹ്ലാവതിന്റെ സാന്നിധ്യം സിനിമയ്ക്ക് വലിയ കരുത്ത പകർന്നിട്ടുണ്ട്.
മലയാളം പതിപ്പിലെ കഥയിൽ നിന്ന് ചില നിർണായക മാറ്റങ്ങൾ വരുത്തിയാണ് ഹിന്ദി പതിപ്പ് ഒരുക്കിയിരിക്കുന്നത്. ഹിന്ദി സിനിമാസ്വാദകരുടെ അഭിരുചിക്കനുസരിച്ച് തിരക്കഥയിൽ മാറ്റങ്ങൾ വരുത്താൻ താൻ അനുവാദം നൽകിയിരുന്നതായി സംവിധായകൻ ജീത്തു ജോസഫ് മുൻപ് വ്യക്തമാക്കിയിരുന്നു.
തുടക്കം മുതൽ ഒടുക്കം വരെ പ്രവചനാതീതമായ ട്വിസ്റ്റുകളും ചടുലമായ പശ്ചാത്തല സംഗീതവും ചേരുമ്പോൾ ചിത്രം മികച്ചൊരു സസ്പെൻസ് ത്രില്ലറായി മാറുന്നു. മലയാളത്തേക്കാൾ അതിഗംഭീരമായ രീതിയിലാണ് ഹിന്ദിയിൽ കഥ അവതരിപ്പിച്ചിരിക്കുന്നതെന്നും 'ദൃശ്യം' എന്ന പേരിനോട് നൂറുശതമാനം നീതി പുലർത്തുന്ന ഒന്നാന്തരം എൻഡിംഗാണ് ചിത്രത്തിനുള്ളതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.