തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിക്കുന്നതിനെതിരേ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം ഒരാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ ‘ഡ്രൈവ് സോബർ സ്റ്റേ എലൈവ്’ എന്ന പരിശോധനയിൽ 6,939 കേസുകൾ രജിസ്റ്റർ ചെയ്തു. 2,034 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ ശിപാർശ ചെയ്തു. ആകെ 1,50,621 വാഹനങ്ങളാണ് പരിശോധിച്ചത്.
സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയിൽ എറണാകുളം റൂറലിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് (678). കൊല്ലം സിറ്റിയിൽ 619, തിരുവനന്തപുരം റൂറലിൽ 585, പാലക്കാട് 584, കോട്ടയത്ത് 528 എന്നിങ്ങനെയാണ് മറ്റ് പ്രധാന കണക്കുകൾ.
ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ കൂടുതൽ ശിപാർശ നൽകിയത് കോട്ടയം ജില്ലയിലാണ് (507). കൊല്ലം സിറ്റി- 390, ആലപ്പുഴ- 244, തൃശൂർ സിറ്റി- 148, കോഴിക്കോട് റൂറൽ- 142 എന്നിങ്ങനെയാണ് ലൈസൻസ് റദ്ദാക്കാൻ ശിപാർശ ചെയ്ത മറ്റു കണക്കുകൾ.
മദ്യപിച്ചു വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുക, ഉത്തരവാദിത്വത്തോടെയുള്ള വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ഒരാഴ്ച നീണ്ടുനിന്ന പ്രത്യേക പരിശോധനയും ബോധവത്കരണ പ്രവർത്തനങ്ങളും.
ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജിയുടെ മേൽനോട്ടത്തിൽ, ജില്ലാ പൊലിസ് മേധാവിമാർ, ട്രാഫിക് സോണൽ എസ്പിമാർ, എൻഫോഴ്സ്മെന്റ് വിഭാഗം എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഡ്രൈവ് നടത്തിയത്.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ’ശുഭയാത്ര’ വാട്സ്ആപ്പ് നന്പർ (9747001099) മുഖേന ജനങ്ങൾക്ക് വിവരം നൽകാം.
നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവയോടൊപ്പം ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നന്പർ എന്നിവയും അയയ്ക്കണം.