ഹരാരെ: ആഫ്രിക്കയെ കാത്തിരിക്കുന്നത് കൊടും വരൾച്ചയെന്ന് മുന്നറിയിപ്പ്. 2026 - 27 കാലയളവിൽ ശക്തമായ എൽനിനോ പ്രതിഭാസം ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ മഴ കുറയാനും ഉയർന്ന താപനിലയ്ക്കും കാരണമായേക്കുമെന്നാണ് കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം.
സിംബാബ്വെ, സാംബിയ, മലാവി, മൊസാംബിക്, ബോട്സ്വാന, നമീബിയ, അംഗോള തുടങ്ങിയ രാജ്യങ്ങളിലാണ് ആശങ്ക കൂടുതൽ. മഴ കുറഞ്ഞാൽ കൃഷിയെയും ജലലഭ്യതയെയും അത് ഗുരുതരമായി ബാധിക്കും.
ഭക്ഷ്യവില വർധനയ്ക്കും ഭക്ഷ്യസുരക്ഷാ പ്രതിസന്ധിക്കും ഇത് വഴിവയ്ക്കും. ഇതിനകം കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭക്ഷ്യക്ഷാമത്തിന്റെയും ആഘാതം നേരിടുന്ന മേഖലകൾക്ക് പുതിയ സാഹചര്യം കടുത്ത വെല്ലുവിളിയാണ്.
അതേസമയം, ആഫ്രിക്കയുടെ എല്ലാ ഭാഗങ്ങളിലും ഒരേ രീതിയിലുള്ള കാലാവസ്ഥാ മാറ്റമുണ്ടാകില്ലെന്നും വിദഗ്ധർ പറയുന്നു.