ഇറ്റാനഗർ: മാരകലഹരിവസ്തുക്കളുമായി അഞ്ച് മ്യാൻമർ സ്വദേശികളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. അരുണാചൽപ്രദേശിലെ ചാംഗ്ലാംഗ്ജില്ലയിൽ സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിലായത്. ഇതിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്.
നോക്വാംഗ് തൈഖെ (35), വെൻചക് തൈഖെ (21), മൂന്ന് പ്രായപൂർത്തിയാകാത്തവരുമാണ് പിടിയിലായത്. അറസ്റ്റിലായവരെ തുടർനടപടികൾക്കായി പൊലിസിന് കൈമാറി. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ചാംഗ്ലാംഗ് ജില്ലയിൽ വ്യാപകമായി ലഹരിമരുന്ന് കടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേനപരിശോധന ശക്തമാക്കിയത്.
അടുത്തിടെ നാംപോംഗ് പൊലിസ് സ്റ്റേഷൻ പരിധിയിലെ നോംഗ്കെ ഗ്രാമത്തിന് സമീപം 21 അസം റൈഫിൾസും അരുണാചൽപ്രദേശ് പൊലിസും നടത്തിയ സംയുക്ത പരിശോധനയിൽ രണ്ട് മ്യാൻമർ സ്വദേശികളെയും പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ബ്രൗൺ ഷുഗറെന്ന് സംശയിക്കുന്ന 130.09 ഗ്രാം ലഹരിവസ്തു പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 26 ലക്ഷം രൂപയാണ് കണക്കാക്കുന്നത്.