കയ്പമംഗലം: അന്താരാഷ്ട്ര ലഹരിമാഫിയ സംഘത്തിലെ അംഗങ്ങളായ രണ്ട് നൈജീരിയൻ സ്വദേശികളെയും ഒരു നാഗാലാൻഡ് സ്വദേശിനിയെയും തമിഴ്നാട്ടിൽനിന്നു പ്രത്യേക അന്വേഷണസംഘം സാഹസികമായി അറസ്റ്റ് ചെയ്തു. നൈജീരിയൻ സ്വദേശികളായ കിംഗ്സ്ലി വി. ഗോചു ക്യു (43), ആമോസ് ഇകെചുകാൻ (43), നാഗാലാൻഡ് സ്വദേശിനിയായ സെൻസാലി കികോൺ (49) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കയ്പമംഗലം പൊലിസ് സ്റ്റേഷനിലെത്തിച്ചു.
റൂറൽ ജില്ലാ പൊലിസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച ചളിങ്ങാടുനിന്ന് 34.390 ഗ്രാം എംഡിഎംഎയുമായി ലഹരിമാഫിയ സംഘത്തിലെ കണ്ണികളായ പെരിഞ്ഞനം വഴിയമ്പലം വെസ്റ്റ് സ്വദേശി കുളങ്ങരവീട്ടിൽ മിൻഷാദ് (33), കൂട്ടാളി പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി പനപറമ്പിൽ വീട്ടിൽ ഷജിൽ (33) എന്നിവരെ റൂറൽ പൊലിസും ഡാൻസാഫ് സംഘവുംചേർന്ന് പിടികൂടിയിരുന്നു.
ഇവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്നവരെ കണ്ടെത്തുന്നതിനായി റൂറൽ ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആർ. രതീഷ്, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പ്രദീപ് എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
ഈ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് തമിഴ്നാട് തിരുപ്പുർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര രാസലഹരി നിർമാണ-വിതരണ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഈ സംഘമാണ് മിൻഷാദിനും ഷിജിലിനും എംഡിഎംഎ നൽകിയിരുന്നതെന്നു കണ്ടെത്തി. വസ്ത്രവ്യാപാരത്തിന്റെ മറവിലാണ് ഇവർ രാസലഹരി നിർമാണവും വിതരണവും നടത്തിയിരുന്നത്.
പിടിയിലായ നൈജീരിയൻ സ്വദേശി കിംഗ്സ്ലി, വിദേശത്തേക്കും തിരിച്ചും വസ്ത്രങ്ങൾ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന ഒരു കമ്പനി തിരുപ്പുർ ആസ്ഥാനമായി നടത്തിവരികയായിരുന്നു. കയ്പമംഗലത്ത് അറസ്റ്റിലായ പ്രതികൾ വസ്ത്രവ്യാപാരത്തിനെന്ന വ്യാജേനയെത്തി പലതവണകളായി ഇവരിൽനിന്നു വൻതോതിൽ എംഡിഎംഎ വാങ്ങിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വസ്ത്രവ്യാപാരത്തിന്റെ മറവിൽ നൈജീരിയൻ സ്വദേശി കിംഗ്സ്ലി കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വൻതോതിൽരാസലഹരി കടത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
തിരുപ്പുരിലുള്ള ഇടുവായ് പാളയം എന്ന ഉൾപ്രദേശത്ത് പ്രതികൾ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണസംഘം അവിടെയെത്തിയത്. നൈജീരിയൻ സ്വദേശികൾ വലിയ സംഘങ്ങളായി താമസിക്കുന്ന മേഖലയിലായിരുന്നു പ്രതികളുടെ ഒളിത്താവളം. മുന്തിയ ഇനം നായ്ക്കളെ കാവൽ നിർത്തിയിരുന്ന ഈ മേഖലയിലേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശനം ദുഷ്കരമായിരുന്നു.
പൊലിസ് എത്തിയതറിഞ്ഞ് മുറിക്കുള്ളിൽ കയറി വാതിലടച്ച പ്രതികൾ കൈവശമുണ്ടായിരുന്ന രാസലഹരിയും അത് നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളും ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു.
മുറിയുടെ ജനൽ തകർത്താണ് പൊലിസ് സംഘം അകത്തുകടന്നത്. അക്രമാസക്തരായ പ്രതികളെ കീഴ്പ്പെടുത്തുന്നതിനിടെ പ്രദേശവാസികളായ നൈജീരിയൻ സ്വദേശികൾ പൊലിസ് സംഘത്തെ വളഞ്ഞു. ഇവരെ തോക്കിൻമുനയിൽ നിർത്തിയാണ് അന്വേഷണ സംഘം പ്രതികളുമായി അവിടെനിന്ന് മടങ്ങിയത്.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആർ. രതീഷ് കുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എസ്. പ്രദീപ് എന്നിവരുടെ മേൽനോട്ടത്തിൽ പത്തംഗ സംഘമാണ് പ്രതികളെ പിടികൂടിയത്. കയ്പമംഗലം സിഐ വി.വി. വിമൽ, ഡാൻസാഫ് എസ്ഐമാരായ സി.ആർ. പ്രദീപ്, പി.പി. ജയകൃഷ്ണൻ, എം. സതീശൻ, ടി.ആർ. ഷൈൻ, എഎസ്ഐമാരായ വി.യു. സിൽജോ. എ.യു. റെജി, ഗ്രേഡ് സീനിയർ സിപിഒമാരായ സി.കെ. ബിജു, പി.എക്സ്. സോണി, കെ. ജെഷിന്റോ, സിപിഒമാരായ എ.ബി. നിഷാന്ത്, സുർജിത് സാഗർ, കെ.എസ്. ചിത്തിര എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കണ്ടെത്തുന്നതിനും ലഹരിവ്യാപാര ശൃംഖല തകർക്കുന്നതിനുമായി റൂറൽ പൊലിസിന്റെ നടപടികൾ തുടരുകയാണ്. പ്രതികളെ നടപടിക്രമങ്ങൾക്കുശേഷം കോടതിയിൽ ഹാജരാക്കും.