തൃശൂർ: ഫിറ്റ്നസ് സെന്ററിന്റെ മറവിൽ കൊറിയർ വഴി വൻതോതിൽ മയക്കുമരുന്ന് വില്പന നടത്തിയ ഫിറ്റ്നസ് ട്രെയിനറും ഇതരസംസ്ഥാനകൂട്ടാളിയും പിടിയിൽ.
പടിഞ്ഞാറേക്കോട്ടയിലെ വിവ ഫിറ്റ്നസ് സെന്ററും അനുബന്ധ സാധനങ്ങൾ വിൽക്കുന്ന പ്രോട്ടീൻ മാൾ എന്ന സ്ഥാപനവും നടത്തുന്ന നെടുപുഴ തെക്കുംമുറി വാക്കയിൽ വീട്ടിൽ വിഷ്ണു(32), സ്ഥാപനത്തിലെ ജീവനക്കാരനും സഹായിയുമായ ആസാം സ്വദേശി പ്രജാൾ ഗോഗോയ് (34) എന്നിവരാണ് പിടിയിലായത്. പ്രജാൾ എറണാകുളം കാലടി സ്റ്റേഷനിലെ കൊലപാതകക്കേസിലും പ്രതിയാണ്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പ്രതികൾ നിരീക്ഷണത്തിലായിരുന്നു.
പ്രജാൾ ഗോഗോയ് ആന്പക്കാടൻ ജംഗ്ഷനു സമീപത്തെ കൊറിയർ സ്ഥാപനത്തിൽ നിരന്തരം വന്നുപോകുന്നതു പോലീസ് ശ്രദ്ധിച്ചു. വിഷ്ണുവിന്റെതന്നെ വെസ്റ്റേണ്‍ ഹോൾസെയിൽ സ്ഥാപനത്തിന്റെ തുണിത്തരങ്ങൾ എന്ന വ്യാജേനയാണു പ്രജാൾ കൊറിയർ അയച്ചുകൊണ്ടിരുന്നത്.
ഈ സ്ഥാപനം വഴി നിരവധി സ്ഥലങ്ങളിലേക്കു ലഹരി ഉത്പന്നങ്ങൾ പാഴ്സലായി അയച്ചിട്ടുണ്ടെന്നു കണ്ടെത്തി. വിശദ പരിശോധനയിലാണ് വിപണിയിൽ ഗ്രാമിന് ആയിരം രൂപയോളം വില വരുന്ന നാലുഗ്രാം ഹൈബ്രിഡ് കഞ്ചാവും 464 ഗ്രാം കഞ്ചാവും മൂന്നു ഗ്രാം എംഡിഎംഎയും പിടികൂടിയത്.
തൃശൂർ സിറ്റി പോലീസ് അസി. കമ്മീഷണർ എം. ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഈസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടർമാരായ സദാശിവൻ, ഇ. വരുണ്‍ ആദർശ്, പി.എസ്. ഗ്രീഷ്മ, സിവിൽ പോലീസ് ഓഫീസർമാരായ ബിനുരാജ്, നിധീഷ്, രാഹുൽ കൃഷ്ണ എന്നിവരും തൃശൂർ സിറ്റി ഡാൻസാഫ് സംഘവുമാണ് ഉണ്ടായിരുന്നത്.