പേരൂർക്കട: മദ്യപാനികളുടെ ശല്യം രൂക്ഷമായ കുറവൻകോണം റോഡിൽ മദ്യക്കുപ്പികളുടെ വൻ കൂമ്പാരം! പാതയോരത്ത് വൃക്ഷങ്ങളുടെ തടികളുടെ ഇടയിലാണ് മദ്യക്കുപ്പികൾ കൂമ്പാരം കൂട്ടി ഇട്ടിരിക്കുന്നത്.
കുറവൻകോണം ജംഗ്ഷനിൽ നിന്ന് പട്ടത്തേക്ക് പോകുന്ന റോഡിന്‍റെ ഒരു കിലോമീറ്റർ ഭാഗം ഇടവിട്ട് മദ്യക്കുപ്പികൾ നിറഞ്ഞിരിക്കുന്നത് കാണാം. റോഡിന്‍റെ ഇരുവശവും വ്യാപാരസ്ഥാപനങ്ങൾ നിരനിരയായി സ്ഥിതി ചെയ്യുന്നതാണ്. ഇത്രയും തിരക്കുപിടിച്ച റോഡായിട്ട് കൂടി മദ്യപാനികൾ പ്രദേശത്ത് വിഹരിക്കുന്നത് ജനങ്ങൾക്ക് പേടിസ്വപ്നമായി മാറിയിട്ടുണ്ട്.
റോഡിന്‍റെ വശത്ത് ഇന്‍റർലോക്ക് ഇട്ട നടപ്പാതയുടെ സമീപം വാഹനങ്ങൾ നിർത്തിയ ശേഷം അതിനുള്ളിൽ ഇരുന്നു മദ്യപിച്ച് മദ്യക്കുപ്പികൾ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. രാത്രി 10 മണി പിന്നിടുന്നതോടുകൂടി വ്യാപാര സ്ഥാപനങ്ങളുടെ സമീപം ആളൊഴിയുന്നതോടെ മദ്യപാനികൾ ഈ ഭാഗത്ത് തമ്പടിക്കുകയായി.
ഓട്ടോറിക്ഷകളിലും കാറുകളിലും മദ്യപിച്ചശേഷമാണ് മദ്യക്കുപ്പികൾ കൂമ്പാരം കൂട്ടി ഇടുന്നത്. വീണ്ടും ഈ ഭാഗത്ത് മദ്യപിക്കാൻ എത്തിയാൽ പിടിക്കപ്പെടും എന്നുള്ളതുകൊണ്ടാണ് മദ്യക്കുപ്പികൾ സസൂക്ഷ്മം വൃക്ഷങ്ങളുടെ തടികളുടെ ഇടയിൽ കൂമ്പാരം കൂട്ടി മറച്ചിട്ടിരിക്കുന്നത്. റസിഡൻഷ്യൽ ഏരിയയും വ്യാപാരസ്ഥാപനങ്ങൾ ഇടതൂർന്ന് സ്ഥിതി ചെയ്യുന്ന സ്ഥലവുമായ കുറവൻകോണം പ്രധാന റോഡിലെ മദ്യപാനികളുടെ ശല്യം ഇല്ലായ്മ ചെയ്യുന്നതിന് പോലീസ് അടിയന്തരമായി ഇടപെടണം എന്നതാണ് ആവശ്യം.