തൊടുപുഴ: കേരളത്തില്‍ മഴയുടെ അളവില്‍ ഗണ്യമായ കുറവുണ്ടായതിനെത്തുടര്‍ന്ന് തമിഴ്നാട്ടിലെ കാര്‍ഷിക ഗ്രാമങ്ങളും വരണ്ട ഭൂമിയായി മാറുകയാണ്. തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലേക്ക് വെള്ളം എത്തിക്കുന്ന വൈഗ ഡാമിലെ ജലനിരപ്പ് നിലവില്‍ ആശങ്കാജനകമാണ്.
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പുയരുമ്പോഴാണ് വൈഗയിലേക്ക് സാധാരണ വെള്ളം കൊണ്ടുപോകുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ മഴക്കുറവ് അനുഭവപ്പെടുന്നതുമൂലം തമിഴ്നാട്ടിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
തേനി, ദിണ്ടിഗല്‍, നിലക്കൊട്ടെ, പെരിയകുളം, മധുര, ഉസ്ലാംപെട്ടി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളത്തിനുള്ള ജലം മാത്രമാണ് വൈഗ ഡാമില്‍നിന്ന് നിലവില്‍ തുറന്നുവിടുന്നത്. മുല്ലപ്പെരിയാറില്‍ നിലവില്‍ 112 അടി വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 134 അടി വെള്ളമുണ്ടായിരുന്നു. ഇതോടെ കമ്പം, തേനി അടക്കമുള്ള പ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ വരളുകയാണ്.
പുതുകൃഷിയിറക്കാനാകാതെ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. ഇതു കേരളത്തിലേക്കുള്ള പച്ചക്കറിവരവ് കുറയാനും കാരണമായേക്കും. വൈഗ ഡാമിലെ വെള്ളത്തെ ആശ്രയിച്ചാണ് തമിഴ്നാട്ടിലെ കാര്‍ഷികമേഖല സജീവമാകുന്നത്.
എന്നാല്‍ 72 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടില്‍ നിലവില്‍ 33 അടി വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 64 അടി വെള്ളമുണ്ടായിരുന്നു. സമീപകാലയളവിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് നിലവില്‍ വൈഗഡാമിലേത്. ഇനിയും മഴ ലഭിക്കാത്ത സാഹചര്യം തമിഴ്നാട്ടിലെ കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ ദുരിതപൂര്‍ണമാക്കും.
മുല്ലപ്പെരിയാര്‍, കുമളി, വരശനാട്, ബോഡിമെട്ട് തുടങ്ങിയ കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വരുംദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചാല്‍ മാത്രമേ നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാകൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.
നെല്‍കൃഷിയും പച്ചക്കറിയുമുള്‍പ്പെടെ സമൃദ്ധമായി വളരേണ്ട കാലയളവിലാണ് ഇവിടത്തെ കൃഷിയിടങ്ങള്‍ ഇത്തവണ വറ്റിവരണ്ടു കിടക്കുന്നത്. ഇത് കാര്‍ഷികമേഖലയ്ക്ക് കനത്ത തിരിച്ചടിയായി മാറുമോയെന്ന ആശങ്കയാണ് ഉയരുന്നത്.