ദുബായ്: ദുബായ് റാഷിദ് തുറമുഖത്തുനിന്ന് 24 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ടു. ജിബ്രാൾട്ടർ പതാക ഘടിപ്പിച്ച 'ഹെർക്കുലീസ് സ്റ്റാർ' എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിന് പിന്നാലെ കാണാതായ മറ്റൊരു ജീവനക്കാരനായി വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തിൽ കടലിൽ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ട വിവരം അതീവ ദുഃഖത്തോടെ സ്ഥിരീകരിക്കുന്നതായി കപ്പലിന്‍റെ ചാർട്ടറേഴ്സ് ആയ 'പെനിൻസുല' പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചോ ആക്രമണത്തിന്‍റെ സ്വഭാവത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
കപ്പലിലെ മറ്റ് ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും സംഭവത്തിൽ പ്രാദേശിക അധികൃതരുടെ സഹകരണത്തോടെ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും കമ്പനി വ്യക്തമാക്കി.