ദുബായിലെ വിലകൂടിയ ജീവിതച്ചെലവുകൾക്കിടയിൽ ദൈനംദിന ആവശ്യങ്ങൾക്കായി പണം ലാഭിക്കാനുള്ള ലളിതമായ വഴികൾ ചൂണ്ടിക്കാട്ടുകയാണ് ദുബായിൽ താമസിക്കുന്ന കനുപ്രിയ മെഹന്ദിരത്ത എന്ന ഇന്ത്യൻ യുവതി.
അന്താരാഷ്ട്ര ബ്രാൻഡുകളുടെയും ആഡംബര ഉൽപ്പന്നങ്ങളുടെയും കേന്ദ്രമായി ദുബായ് അറിയപ്പെടുമ്പോഴും, നമ്മൾ നിത്യേന ഉപയോഗിക്കുന്ന പല സാധനങ്ങൾക്കും ഇന്ത്യയിലാണ് വളരെ വിലക്കുറവെന്ന് ഇവർ സ്വന്തം അനുഭവം മുൻനിർത്തി വ്യക്തമാക്കുന്നു.
തന്റെ ഇന്ത്യ സന്ദർശനത്തിനിടെ വാങ്ങിയ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി ഇവർ തയ്യാറാക്കിയ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകൾക്കിടയിൽ ചർച്ചയായിരിക്കുന്നത്.
ആഗോള വസ്ത്ര ബ്രാൻഡുകൾക്ക് ദുബായിലെ മാളുകളിൽ നൽകേണ്ടി വരുന്ന തുകയുടെ പകുതി വിലയ്ക്ക് സമാനമായ വസ്ത്രങ്ങൾ ഇന്ത്യയിൽ ലഭ്യമാണെന്ന് ഇവർ പറയുന്നു.
വസ്ത്രങ്ങൾക്ക് പുറമെ ശുദ്ധജല ഫിൽട്ടറുകൾ, പ്രോട്ടീൻ പൗഡറുകൾ, ഹെയർ കളർ, ബോഡി വാഷ് തുടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയും ഇന്ത്യയിൽ നിന്ന് വാങ്ങുന്നതാണ് കൂടുതൽ ലാഭകരമെന്ന് കനുപ്രിയ അവകാശപ്പെടുന്നു.
കൂടാതെ, ശുദ്ധമായ നാടൻ നെയ്യും സുഗന്ധവ്യഞ്ജനങ്ങളും ദുബായിൽ ഉയർന്ന തുകയ്ക്ക് വാങ്ങുന്നതിലും നല്ലത് ഇന്ത്യയിൽ നിന്ന് കൊണ്ടുപോകുന്നതാണെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.
ഇത്തരത്തിലുള്ള നിത്യോപയോഗ സാധനങ്ങളാണ് തന്റെ യാത്രാ ബാഗിലെ പ്രധാന ഭാരമെന്നും യുവതി കൂട്ടിച്ചേർത്തു. വീഡിയോ പ്രചരിച്ചതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഇന്റർനെറ്റിൽ ഉയർന്നുവരുന്നത്.
ദുബായിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ മികച്ച ഗുണനിലവാരം ഇന്ത്യയിലെ സാധനങ്ങൾക്ക് ലഭിക്കില്ലെന്ന് ചിലർ വാദിക്കുമ്പോൾ, ബുദ്ധിപൂർവ്വം പണം ലാഭിക്കാനുള്ള യുവതിയുടെ നീക്കത്തെ അഭിനന്ദിക്കുകയാണ് മറ്റു ചിലർ.