ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുക്കാറ്റിയുടെ ഏറ്റവും പുതിയ അൾട്രാ-ലിമിറ്റഡ് എഡിഷൻ മോഡൽ "ഡ്യുക്കാറ്റി പാനിഗാലെ വി 4 ലംബോർഗിനി’ ഇന്ത്യൻ മണ്ണിലെത്തി.
രണ്ട് വിഖ്യാത ഓട്ടോമൊബൈൽ ഭീമന്മാരായ ഡ്യുക്കാറ്റിയും ലംബോർഗിനിയും കൈകോർത്തപ്പോൾ പിറവിയെടുത്ത ഈ ആഡംബര സൂപ്പർ ബൈക്ക് അതിന്റെ വിലകൊണ്ടും അതിനൂതന സാങ്കേതികവിദ്യകൊണ്ടും ഇന്ത്യൻ വാഹനപ്രേമികളെ അന്പരപ്പിച്ചിരിക്കുകയാണ്.
ഒരു കോടി രൂപ എക്സ് ഷോറൂം വിലയിലാണ് ഈ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ യൂണിറ്റ് മുംബൈയിൽ ഉപഭോക്താവിന് കൈമാറി ഡ്യുക്കാറ്റി ചരിത്രം കുറിച്ചുകഴിഞ്ഞു. ഈ ബൈക്കിനെ ഇത്രയധികം വിലപിടിപ്പുള്ളതാക്കുന്നത് അതിന്റെ ലിമിറ്റഡ് പ്രൊഡക്ഷനാണ്. ആഗോളതലത്തിൽ ആകെ 630 യൂണിറ്റുകൾ മാത്രമാണ് ഡ്യുക്കാറ്റി ഈ മോഡലിൽ നിർമിക്കുന്നത്. ലംബോർഗിനി കന്പനി സ്ഥാപിതമായ വർഷത്തെ (1963) അനുസ്മരിച്ചുകൊണ്ടാണ് "63’ എന്ന സംഖ്യ ഡിസൈനിലും വാഹനത്തിലും നൽകിയിരിക്കുന്നത്.
ഇതിനു പുറമേ, ലംബോർഗിനിയുടെ സ്വന്തം ഉപഭോക്താക്കൾക്കായി 63 സ്പെഷൽ യൂണിറ്റുകൾ വേറെയും നീക്കിവച്ചിട്ടുണ്ട്. ഈ 63 പേർക്ക് അവരുടെ പക്കലുള്ള ലംബോർഗിനി കാറിന്റെ അതേ കളർ കോന്പിനേഷനിലും ലതർ സീറ്റ് ഫിനിഷിലും ബൈക്ക് കസ്റ്റമൈസ് ചെയ്ത് സ്വന്തമാക്കാൻ സാധിക്കും.
ഡിസൈൻ
ഡ്യുക്കാറ്റി പാനിഗാലെ വി4 ലാംബോർഗിനിയുടെ ഏറ്റവും വലിയ ആകർഷണം അതിന്റെ ലുക്ക് തന്നെയാണ്. ലാംബോർഗിനിയുടെ അത്യാധുനിക വി12 ഹൈബ്രിഡ് സൂപ്പർ കാറായ ലംബോർഗിനി റെവുവെൽറ്റോൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബൈക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റെവുവെൽറ്റോ കാറുകളിൽ കാണാറുള്ള ഐക്കണിക് നിയോണ്‍ പച്ച, ക്രയോണ്‍ ഗ്രേ എന്നീ ഡ്യുവൽ-ടോണ്‍ കളർ സ്കീമിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.
വാഹനത്തിന്റെ ഭാരം പരമാവധി കുറയ്ക്കുന്നതിനായി ബോഡി പാനലുകൾ ഭൂരിഭാഗവും കാർബണ്‍ ഫൈബർകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ലംബോർഗിനി സൂപ്പർ കാറുകളുടെ അലോയ് വീലുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഫോർജ്ഡ് അലോയ് വീലുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. ഡ്രൈ ക്ലച്ച് സിസ്റ്റം ഉപയോഗിച്ചിരിക്കുന്നതിനാൽ ട്രാക്കുകളിൽ ഗിയർ മാറ്റങ്ങൾ കൂടുതൽ സുഗമവും വേഗമേറിയതുമാകുന്നു.
പെർഫോമൻസ്
രൂപഭംഗിയിൽ മാത്രമല്ല, റോഡിലെ പ്രകടനത്തിലും ഈ സൂപ്പർ ബൈക്ക് സൂപ്പറാണ്. 1103സിസി ശേഷിയുള്ള ലിക്വിഡ്-കൂൾഡ് ഡെസ്മോസെഡിസി സ്ട്രാഡേൽ വി4 എൻജിനാണ് കരുത്തേകുന്നത്. 218.5 ബിഎച്ച്പി കരുത്തും 122.1 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എൻജിന് സാധിക്കും. വാഹനത്തിന് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ മൂന്ന് സെക്കൻഡിൽ താഴെ സമയം മതി. ഇതിന്റെ പരമാവധി വേഗം മണിക്കൂറിൽ 350 കിലോമീറ്ററിലും മുകളിലാണ്.
ഇതൊരു ട്രാക്ക് ഫോക്കസ്ഡ് സൂപ്പർ സ്പോർട്സ് ബൈക്ക് ആയതിനാലും ഉയർന്ന പെർഫോമൻസ് നൽകുന്ന വി4 എൻജിൻ ഉപയോഗിക്കുന്നതിനാലും വലിയ ഇന്ധനക്ഷമത പ്രതീക്ഷിക്കാനാവില്ല. സാധാരണ റൈഡിംഗ് സാഹചര്യങ്ങളിൽ 12 കിലോമീറ്റർ ആണ് ഈ ബൈക്കിന് ലഭിക്കുന്ന മൈലേജ്. 17 ലിറ്റർ കപ്പാസിറ്റിയുള്ള ഇന്ധന ടാങ്കാണ് വാഹ നത്തിലുള്ളത്.
സ്മാർട്ട് ബൈക്ക്
ആധുനിക റേസിംഗ് ബൈക്കുകളിൽ കാണുന്ന എല്ലാവിധ ഇലക്ട്രോണിക് സംവിധാനങ്ങളും ഈ ലംബോർഗിനി എഡിഷനിലുണ്ട്. 6-ആക്സിസ് ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് അടിസ്ഥാനമാക്കിയാണ് ഇതിന്റെ സുരക്ഷാ ക്രമീകരണങ്ങൾ പ്രവർത്തിക്കുന്നത്.
സ്ട്രീറ്റ്, സ്പോർട്, റേസ് എന്നിങ്ങനെ വ്യത്യസ്ത റൈഡിംഗ് മോഡുകൾ വാഹന ത്തിലുണ്ട്. ലംബോർഗിനി കാറുകളിലെ ഡാഷ്ബോർഡ് ഗ്രാഫിക്സിന് സമാനമായ ആനിമേഷനുകളോട് കൂടിയ അഞ്ച് ഇഞ്ച് ഫുൾ കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിലുള്ളത്. വണ്ടി സ്റ്റാർട്ട് ചെയ്യുന്പോൾ ലാംബോർഗിനി ലോഗോയും ബൈക്കിന്റെ സീരിയൽ നന്പറും സ്ക്രീനിൽ തെളിയും.
വില: 1 കോടി
മൈലേജ്: 12കിലോമീറ്റര്‍