കൊച്ചി: താറാവ് ഫാമിന്റെ മറവിൽ എംഡിഎംഎ വിൽപന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരിവേട്ടയ്ക്കെത്തിയ എക്സൈസ് സംഘത്തെ പ്രതിയും കൂട്ടാളികളും ചേർന്ന് ആക്രമിച്ചു.
സംഭവത്തിൽ വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് എക്സൈസ് ജീവനക്കാർക്ക് പരിക്കേറ്റു. ആക്രമണത്തിനു പിന്നാലെ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ എക്സൈസിന്റെ കസ്റ്റഡിയിൽനിന്ന് ബലമായി മോചിപ്പിച്ച് കടത്തിക്കൊണ്ടുപോയി.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം തമ്മനം എകെജി നഗറിലായിരുന്നു സംഭവം. ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫീസർ ഷിയാസ്, ഡ്രൈവർ വിഷ്ണുകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കനക എന്നിവർക്കാണു പരിക്കേറ്റത്. മൂവരും ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ നാലു പേരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. തമ്മനം എകെജി നഗർ സ്വദേശികളായ അഖിൽ, വിശാൽ, അജിത്ത്, അബിൻ ആന്റണി എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് കേസ്.
എക്സൈസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട വൈശാഖ്, ഉദ്യോഗസ്ഥരെ ആക്രമിച്ച എകെജി നഗർ സ്വദേശി വിനീഷ് എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി.
സംഭവദിവസം ഉച്ചയ്ക്ക് മെത്താഫെറ്റമിനുമായി പിടിയിലായ അക്ഷയ് കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യപ്രതിയായ വൈശാഖിനെക്കുറിച്ച് എക്സൈസിനു വിവരം ലഭിച്ചത്.
അറസ്റ്റിലായ അഖിലും അജിത്തും അക്ഷയും വൈശാഖുമായി ചേർന്ന് ഡൽഹിയിൽനിന്ന് 200 ഗ്രാം എംഡിഎംഎ എത്തിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ. അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തമ്മനത്തെത്തിയത്. താറാവ് ഫാമിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ചിട്ടുണ്ടെന്ന് അക്ഷയ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഇവിടേക്കു ബൈക്കിലെത്തിയ വൈശാഖിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ ഉദ്യോഗസ്ഥരെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് വൈശാഖിന്റെ അച്ഛനും സുഹൃത്തുക്കളും പ്രദേശവാസികളും സംഘടിച്ചെത്തി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
സംഘർഷത്തിനിടെ നാട്ടുകാർ പ്രതിയെ ഉദ്യോഗസ്ഥരിൽനിന്നു ബലമായി മോചിപ്പിച്ച് സമീപത്തെ വീട്ടിലേക്കു മാറ്റുകയും പിന്നീട് അവിടെനിന്നു രക്ഷപ്പെടാൻ സൗകര്യമൊരുക്കുകയും ചെയ്തു. വിവരമറിഞ്ഞ് പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി. കൂടുതൽ പോലീസ് എത്തിയാണു പ്രതികളെ കീഴടക്കിയത്.