ചെന്നൈ: ചെന്നൈ നഗരത്തിലെ താമസസ്ഥലത്ത് സ്ത്രീയെ കൊലപ്പെടുത്തി തുണ്ടംതുണ്ടമാക്കി സ്യൂട്ട്കേസിലാക്കി ആഗ്രയിൽ ട്രെയിനിൽ ഉപേക്ഷിച്ച കേസിലെ പ്രതിയെ തമിഴ്നാട് പോലീസ് മണിപ്പുരിൽനിന്നു പിടികൂടി.
കുറ്റാന്വേഷണ സിനിമകളിലേതുപോലെ ഉദ്വേഗങ്ങൾ നിറഞ്ഞ സംഭവത്തിൽ ഒട്ടേറെ സൂചനകൾ പിന്തുടർന്നും വിവിധ സിസി ടിവി ദൃശ്യങ്ങൾ വിശകലനം ചെയ്തുമാണ് ചെന്നൈ സംഘം പ്രതിയിലേക്ക് എത്തിയത്.
പ്രധാന പ്രതി മണിക് ഉദ്ദീൻ ലസ്കാർ(22)നെ അറസ്റ്റ് ചെയ്ത പോലീസ് തുടർന്ന് ഇയാളെ ചെന്നൈയിലെത്തിച്ചു. ഗുഡുവാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധയിൽ നടന്ന കുറ്റകൃത്യത്തിൽ പ്രതിയെ ചോദ്യംചെയ്തുവരികയാണ്.
കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭഗവതി മാജു എന്ന യുവതിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയുടെ തലയുടെ ഭാഗം കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയുന്നതിനും കൊലയ്ക്കു പിന്നിലെ ലക്ഷ്യം കണ്ടെത്താനുമാണിതെന്ന് പോലീസ് പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിനാണ് ആഗ്ര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ന്യൂഡൽഹി-തമിഴ്നാട് എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ സ്ത്രീയുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹം പൊതിഞ്ഞിരുന്ന പൊളിത്തീൻ കവറിലെ വസ്ത്രവ്യാപര സ്ഥാപനത്തിന്റെ പേരാണ് കൊലപാതകത്തെ ചെന്നൈയിലെ തെക്കൻ ഗ്രാമമായ ഗുഡുവാഞ്ചേരിയിലേക്ക് എത്തിച്ചത്.
ആഗ്ര റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത് ആന്വേഷണം ആരംഭിച്ച കേസിൽ തുടർന്ന് ചെന്നൈ-താന്പരം പോലീസിന്റെ സഹകരണത്തോടെ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു.
രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച സംഘം സമാന സ്യൂട്ട്കേസുമായി ഒരു സത്രീയും പുരുഷനും യാത്രയ്ക്കെത്തുന്നത് കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തുടർ അന്വേഷണത്തിൽ കൊലപാതകം നടന്നത് ഗുഡുവാഞ്ചേരിയിലെ ഒരു ഓട് പാകിയ വീട്ടിലാണെന്നും കണ്ടെത്തിയതോടെ താന്പരം പോലീസ് വീടു കണ്ടെത്തി പൂട്ടുപൊളിച്ചു പരിശോധിച്ചു.
ഒഡീഷ സ്വദേശികളായ ഒരു പുരുഷനും രണ്ടു സ്ത്രീകളും ഇവിടെ താമസിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ശേഷിക്കുന്ന ശരീരഭാഗങ്ങൾ അടക്കം കണ്ടെടുക്കേണ്ടതുള്ളതിനാൽ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ പോലീസ് തയാറായിട്ടില്ല.