തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ അഭിമാനത്തില്‍ എറണാകുളം ജനറല്‍ ആശുപത്രി.
നേപ്പാള്‍ സ്വദേശിനി ദുര്‍ഗ കാമി(22)ക്കാണ് തിരുവനന്തപുരത്ത് മസ്തിഷ്കമരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46) ഹൃദയം മാറ്റിവച്ചത്.
ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്റ്ററിലാണ് ഷിബുവിന്റെ ഹൃദയം എറണാകുളത്തേക്കു കൊണ്ടുപോയത്. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ക്രമീകരണങ്ങളൊരുക്കി. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടന്ന ആശുപത്രികളിലേക്കുള്ള വഴികളിൽ റോഡ് ക്ലിയറൻസ് പോലീസ് സാധ്യമാക്കി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, പോലീസ്, ജില്ലാ ഭരണകൂടങ്ങൾ എന്നിവ സംയുക്തമായി പ്രവർത്തിച്ചു. കെ സോട്ടോയാണ് അവയവവിന്യാസം ഏകോപിപ്പിച്ചത്.
കഴക്കൂട്ടത്ത് ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ഷിബു വീട്ടിലേക്ക് സ്കൂട്ടറിൽ വരുന്ന വഴി ഈ മാസം 14ന് കൊല്ലത്തെ മൂക്കാട്ടുക്കുന്ന് എന്ന സ്ഥലത്ത് സ്കൂട്ടറിൽനിന്നു വീഴുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം മസ്തിഷ്കമരണം സ്ഥിരീകരിക്കുകയും അവയവദാനത്തിന് കുടുംബാംഗങ്ങൾ സമ്മതം നൽകുകയുമായിരുന്നു. ശകുന്തളയാണ് ഷിബുവിന്റെ അമ്മ. സഹോദരി: ഷിജി.
ദുർഗയെ ചികിത്സയ്ക്കായി എത്തിച്ചത് അനാഥാലയം നടത്തിപ്പുകാരനായ മലയാളി
എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്ന് കാര്‍ഡിയോ തൊറാസിക് സര്ജന് ഡോ. ജോര്‍ജ് വാളൂരാന്‍, സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ജിയോ പോള്‍ എന്നിവര്‍ തിരുവനന്തപുരത്തേക്ക് ഹൃദയം എടുക്കുന്നതിനായി പോയിരുന്നു. മെഡിക്കല്‍ കോളജില്‍ രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഷിബുവിന്റെ ഹൃദയം എടുത്തു.
തിരുവനന്തപുരത്തുനിന്ന് ഉച്ചകഴിഞ്ഞ് 2.05ന് ഹൃദയവുമായി ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്റ്ററില്‍ പുറപ്പെട്ട വൈദ്യസംഘം 2.50ഓടെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടല്‍ ഹെലിപാഡില്‍ ലാന്‍ഡ് ചെയ്തു. 2.56ന് അവിടെനിന്നു ഹൃദയവുമായി കുതിച്ച ആംബുലന്‍സ് മൂന്നിന് ജനറല്‍ ആശുപത്രിയില്‍ എത്തി. തൊട്ടുപിന്നാലെ കാര്‍ഡിയോ തൊറാസിക് സര്ജന് ഡോ. ജോര്‍ജ് വാളൂരാന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയയും നടത്തി.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനായി മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.
അനാഥയായ ദുര്‍ഗയ്ക്ക് ഒരു അനുജന് മാത്രമാണുള്ളത്. ഹൃദ്രോഗം മൂലം അമ്മയും മൂത്ത സഹോദരിയും മരിച്ചിരുന്നു. നോക്കാന്‍ ആരുമില്ലാത്തതിനാല്‍ അനാഥാലയത്തിലായിരുന്നു ദുര്‍ഗയും സഹോദരനും കഴിഞ്ഞിരുന്നത്. വന്‍ ചികിത്സാച്ചെലവ് കാരണം അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്.