ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിൽ കാര്യങ്ങൾ പ്രവചനാതീതമാണ്. ഡച്ചുകാർ അനായാസം മുന്നേറുമെന്ന് കരുതാമെങ്കിലും ജപ്പാനും ടുണീഷ്യയും എന്തിനും പോരുന്നവർ. ഓർക്കുന്നില്ലേ, കഴിഞ്ഞ ഖത്തറിൽ ജപ്പാൻ കരുത്തരായ ജർമനിയെയും സ്പെയിനെയും അട്ടിമറിച്ചത്. ടുണീഷ്യയാവട്ടെ ഫ്രാൻസിനെയാണ് വീഴ്ത്തിയത്. ഡച്ചുകാരെ സമനിലയിൽ തളയ്ക്കുകയും ചെയ്തു. സ്വീഡനും അവരുടെ ദിവസത്തിൽ അദ്ഭുതങ്ങൾ നടത്താൻ കഴിയുന്നവർതന്നെ. ഗ്രൂപ്പിൽ ആര് വാഴും ആര് വീഴുമെന്നു പ്രവചിക്കുക അസാധ്യം.
►നെതർലൻഡ്സ്
യോഗ്യതാ റൗണ്ടിൽ തോൽവിയറിയാതെയാണ് നെതർലൻഡ്സ് മുന്നേറിയത്. ഇതിഹാസ താരം യൊഹാൻ ക്രൈഫിന്റെ രാജ്യം ലോകകപ്പ് അർഹിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്വപ്നം യാഥാർഥ്യമായിട്ടില്ല. മൂന്നുതവണയാണ് ഡച്ചുകാർ ഫൈനലിൽ പരാജയം രുചിച്ചത്. ടോട്ടൽ ഫുട്ബോളിന്റെ വക്താക്കളായ ഓറഞ്ചുപടയെ കഴിഞ്ഞ തവണ ക്വാർട്ടറിലെ ത്രില്ലറിൽ സാക്ഷാൽ അർജന്റീനയാണ് വീഴ്ത്തിയത്.
ഖത്തറിലെ ക്വാർട്ടർ ഫൈനലിൽ പരാജയത്തിനു ശേഷം രാജിവച്ച ലൂയിസ് വാൻഗാലിന്റെ പകരക്കാരനായെത്തിയ റൊണാൾഡ് കൂമാനാണ് പരിശീലകൻ. അടുത്തകാലത്തെ ഏറ്റവും ശക്തമായ നിരയുമായാണ് കൂമാൻ ഇത്തവണയെത്തുന്നത്. മെഫിംസ് ഡീപെയാണ് മുന്നേറ്റത്തിലെ മൂർച്ച. ക്യാപ്റ്റൻ വിർജിൽ വാൻ ഡിക്, കോഡി ഗാക്പോ, നതാൻ അകെ, ഫ്രാങ്ക്ഡി യോംഗ്, റ്യാൻ ഗ്രാവെൻബെർക് എന്നിവരും ഡച്ചുനിരയിലെ കരുത്തരാണ്.
►ജപ്പാൻ
1998ൽ അരങ്ങേറിയ ജപ്പാൻ പിന്നീടുള്ള എല്ലാ ലോകകപ്പുകളിലും കളിച്ചു. 2002 മുതൽ ഖത്തറിൽവരെ തുടർച്ചയായി ക്വാർട്ടറിൽ വീണു. 2022ൽ മരണഗ്രൂപ്പിൽനിന്ന് സ്പെയിനെയും ജർമനിയെയും പരാജയപ്പെടുത്തി ക്വാർട്ടറിലെത്തിയ സമുറായികൾ ക്രൊയേഷ്യയോട് മുഴുവൻ സമയം 1-1 സമനില പിടിച്ചെങ്കിലും പെനാൽറ്റിയിൽ പരാജയപ്പെടുകയായിരുന്നു. ഹാജിമെ മൊറിയാസുവാണ് പരിശീലകൻ.
നേരത്തേ അണ്ടർ-23 പരിശീലകനായിരുന്നതിനാൽ നിലവിലെ കളിക്കാരുടെ ശക്തിയും ദൗർബല്യവും കൃത്യമായി മനസിലാക്കാൻ മൊറിയാസുവിനാകും. ചാട്ടുളിപോലെ കുതിക്കുന്നതാണ് സമുറായ് ബ്ലൂസിന്റെ കരുത്ത്. ലിവർപൂളിനായി കളിക്കുന്ന ക്യാപ്റ്റൻ വതാരു എൻഡോ, പ്ലെമേക്കർ ദയ്ച്ചി കമാഡ (ക്രിസ്റ്റൽ പാലസ്), തകേഫുസാ കുബോ (റയൽ സോസിഡാഡ്), സിയോൻ സുസുകി (പാർമ) എന്നിവരെല്ലാം യൂറോപ്യൻ ലീഗിലെ തിളങ്ങും താരങ്ങളാണ്.
►സ്വീഡൻ
13 തവണ ലോകകപ്പ് കളിച്ച ടീമാണെങ്കിലും പ്ലേ ഓഫ് കളിച്ചാണ് ഇത്തവണ ടിക്കെറ്റുടത്തത്. നാല് തവണ സെമിയിൽ കടന്ന സ്വീഡിഷ് ടീം ഒരു തവണ (1958ൽ) റണ്ണേഴ്സ് അപ് ആകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പാരമ്പര്യത്തിന്റെ തഴമ്പ് മാത്രമാണ് ഇപ്പോഴുള്ളത്. പ്രതിരോധമാണ് ശക്തി. ഗ്രഹാം പോട്ടറാണ് സ്വീഡിഷ് ആശാൻ. ആഴ്സണലിന്റെ വിക്ടർ ഗ്യോകെരസ്, ന്യൂകാസിലിന്റെ ആന്തണി എലാംഗ, അലക്സാണ്ടർ ഇസാക്, ഡിഫണ്ടർ വിക്ടർ നിൽസൺ തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ.
►ടൂണീഷ്യ
ആഫ്രിക്കൻ യോഗ്യതാ മത്സരങ്ങളിൽ ഒന്നാമതെത്തിയാണ് ടൂണീഷ്യ ഇത്തവണ ലോകപ്പിനെത്തുന്നത്. യോഗ്യതാ മത്സരങ്ങളിൽ ഒരു ഗോളുപോലും വഴങ്ങിയില്ലന്നത് അവരുടെ പ്രതിരോധക്കടുപ്പം വിളിച്ചുപറയുന്നു. ഒരു ലോകകപ്പ് മത്സരം ജയിച്ച ആദ്യ ആഫ്രിക്കൻ ടീമെന്ന ഖ്യാതിയും സ്വന്തമായുണ്ട്. എന്നാൽ, ഇതുവരെ ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറാനായിട്ടില്ല. സാബ്രി ലമോച്ചിയാണ് പരിശീലകൻ. മധ്യനിരക്കാരൻ എലീസ് സ്കിരി, ഇസ്മായേൽ ഗാർബി, അലി അബ്ദി എന്നിവരാണ് പ്രധാനതാരങ്ങൾ.