ന്യൂഡൽഹി: നൂറ് ശതമാനം വരെ എഥനോൾ കലർന്ന ഇന്ധന ത്തിൽ (ഇ100) ഓടാൻ കഴിയുന്ന ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്ക് (എഫ്എഫ്വി) അനുമതി നൽകുന്നതിനായി 1989ലെ മോട്ടോർ വാഹന നിയമങ്ങളിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തി .
100 ശതമാനം വരെ എഥനോൾ മിശ്രിത ഇന്ധനം ഉപയോഗിക്കാവുന്ന പുതിയ ഇ100 മോഡലുകൾ പ്രമുഖ കാർ നിർമാതാക്കൾ വിപണിയിലിറക്കാനിരിക്കേയാണ് സർക്കാരിന്റെ ഈ സുപ്രധാന നീക്കം. നിലവിൽ ഇന്ത്യൻ വിപണിയിലുള്ള ഇ85 വാഹനങ്ങളുടെ എമിഷൻ മാനദണ്ഡങ്ങളോടൊപ്പം ഇ100 വാഹനങ്ങളെക്കൂടി ഉൾപ്പെടുത്തിയാണ് നിയമഭേദഗതി പുറപ്പെടുവിച്ചിരിക്കുന്നത്.
ഇ85, ഇ100 എന്നീ ഇന്ധനങ്ങൾക്കായി പ്രത്യേകം രൂപകല്പന ചെയ്യുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്ത വാഹനങ്ങളിൽ മാത്രമേ ഈ ഇന്ധനങ്ങൾ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ബ്രസീലിലും അമേരിക്കയിലും വ്യാപകമായി നിലവിലുള്ള ഫ്ലെക്സ് ഫ്യുവൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഒരൊറ്റ ഇന്ധന ടാങ്കിൽ പെട്രോളും എഥനോളും വിവിധ അളവിൽ കലർന്നിട്ടുള്ള ഇന്ധനങ്ങൾ ഉപയോഗിക്കാം.
ഇ100 ഇന്ധനങ്ങൾ വിപണിയിലിറക്കുന്നതിലൂടെ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാനും വിഷവാതക ഹൈഡ്രോകാർബണുകളുടെ ബഹിർഗമനം കുറയ്ക്കാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
എന്നാൽ ഇത്തരം ഇന്ധനങ്ങളിലോടുന്ന വാഹനങ്ങൾക്ക് മറ്റു വാഹനങ്ങളേക്കാൾ വില കൂടുതലും മൈലേജ് കുറവുമായിരിക്കും.