കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ വാഹനത്തിന്റെ ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ (ഇഡിആർ) വിവരങ്ങൾ ലഭിക്കാൻ വൈകും. വാഹനത്തിലെ ഇഡിആർ ജർമനിയിലേക്ക് അയച്ച് ബിഎംഡബ്ല്യു ആസ്ഥാനത്തെ വിദഗ്ധർ പരിശോധിച്ച ശേഷമേ വിവരങ്ങൾ പൊലിസിന് കൈമാറൂ. കമ്പനിയുടെ സ്വകാര്യതാ നയങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിവരം.
അതിനിടെ അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി. അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കുടുംബം കത്തയച്ചു.
അതേസമയം കേസിലെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ എസ്.ആന്റോ, അമീൻ ഷാ എന്നിവർ എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതികൾ സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളും പൊലിസ് ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 11ന് പുലർച്ചെയുണ്ടായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാർക്കാട് സ്വദേശിനി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.