പാലക്കാട്: പരാതികളെ തുടർന്നു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് നീക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത വിശാല ജില്ലാ സമിതി യോഗത്തിലാണ് സുരേഷ് ബാബുവിനെതിരെ നടപടിയും നേതൃമാറ്റവും സംബന്ധിച്ച തീരുമാനമുണ്ടായത്. മുൻ എംഎൽഎയായ വി. ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി.
ജില്ലാ സെക്രട്ടറിയെന്ന നിലയിൽ പാർട്ടിയിലെ വിഭാഗീയത പരിഹരിക്കുന്നതിലും വിമത നീക്കങ്ങൾ തടയുന്നതിലും സുരേഷ് ബാബു പരാജയപ്പെട്ടുവെന്ന് ഒറ്റപ്പാലം, പുതുശേരി തുടങ്ങിയ ഏരിയ കമ്മിറ്റികൾ യോഗത്തിൽ ശക്തമായ പരാതികൾ ഉയർന്നു വന്നിരുന്നു.
കോങ്ങാട്, തൃത്താല ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടിക്കുള്ളിലെ വിഭാഗീയതയാണെന്ന് ജില്ലാ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളിൽ ചില സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവും യോഗത്തിൽ ഉയർന്നു.
പാർട്ടി റിയൽ എസ്റ്റേറ്റ് മാഫിയയുടെ സ്വഭാവത്തിലേക്ക് മാറിയെന്നും നേതാക്കളുടെ സ്വത്തുവിവരങ്ങൾ പുറത്തുവിടണമെന്നും ആവശ്യമുയർന്നതായി റിപ്പോർട്ടിലുണ്ട്. പാർട്ടിയുടെ സംഘടനാ സംവിധാനവും പ്രവർത്തന ശൈലിയും നിലവിൽ വലിയ പ്രതിസന്ധിയിലാണെന്ന് വിലയിരുത്തിയാണ് നേതൃത്വത്തിന്‍റെ അടിയന്തര ഇടപെടൽ.