കാളികാവ്: ഈ മാസം 17 ന് നടക്കുന്ന ലോംഗ് മാർച്ചിൽ ആയിരങ്ങളെ അണിനിരത്തി ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരേ പ്രതിഷേധത്തിന് വൻ മുന്നൊരുക്കം. ജനവാസമേഖലയും കൃഷി ഭൂമിയും ഇഎസ്എ പരിധിയിൽ നിന്നൊഴിവാക്കണമെന്ന് എന്നാവശ്യപ്പെട്ടാണ് പ്രതിഷേധ സമരം നടത്തുന്നത്. അടക്കാക്കുണ്ടിൽ നടന്ന കണ്വെൻഷൻ ജില്ലാ പഞ്ചായത്തംഗം മുസ്തഫ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
കാളികാവ്, കേരള എസ്റ്റേറ്റ്, കരുവാരകുണ്ട് എന്നീ വില്ലേജുകളെ പൂർണമായും ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിൽ കർഷകരും നാട്ടുകാരും കടുത്ത ആശങ്കയിലാണ്.
പശ്ചിമഘട്ട മലയോരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇഎസ്എ കരട് വിജ്ഞാപനത്തിൻമേൽ പൊതുജനങ്ങൾക്കുള്ള ആശങ്ക അധികൃതരെ ഏത് വിധേനയും ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് കർഷകർ. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കരട് വിജ്ഞാപനം മലയോര മേഖലയിൽ താമസിക്കുന്നവരെയും സമീപ പ്രദേശങ്ങളിലുള്ളവരെയും കൃഷിക്കാരെയും ദോഷകരമായി ബാധിക്കുന്നതായതിനാൽ ഇതുമൂലമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് കണ്വെൻഷൻ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് രമാരാജൻ, ഫാ.നിർമൻ, സക്കീർ വാടയിൽ, ജോജി.കെ.അലക്സ്, എസ്. കെ.ശശികുമാർ, കെ.രാമചന്ദ്രൻ, സഹീർ ഫൈസി തുടങ്ങിയവർ പ്രസംഗിച്ചു.