ഡബ്ലിൻ: അയർലൻഡിൽ നടക്കുന്ന യൂറോപ്പ്യൻ യൂണിയൻ പ്രസിഡൻസി മീറ്റിംഗിന്റെ ഭാഗമായി ഈ മാസം 10 മുതൽ 13 വരെ ഡബ്ലിനിൽ ഗതാഗത നിയന്ത്രണം. ഡബ്ലിൻ കൺവൻഷൻ സെന്ററിലാണ് മീറ്റിംഗ്.
തലസ്ഥാന നഗരം കണ്ടതിൽ വച്ച് ഏറ്റവും വലിയ സുരക്ഷാ സന്നാഹങ്ങളും ഗതാഗത നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വ്യാഴം വെള്ളി ദിവസങ്ങളിലാണ് ഡബ്ലിനിൽ ഇയു പ്രസിഡൻസി മീറ്റിംഗ്.
ഇതിന്റെ ഭാഗമായാണ് പത്താം തീയതി മുതൽ സുരക്ഷയുടെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാരും ഗവൺമെന്റ് മേധാവികളും പരിപാടിയിൽ പങ്കെടുക്കാൻ എത്തും.
സിറ്റി സെന്ററിൽ കൺവൻഷൻ സെന്ററിനു സമീപപ്രദേശങ്ങളിൽ പൊതുഗതാഗത സംവിധാനം അടക്കം തടസപ്പെടും. ഈ പ്രദേശത്തെ റോഡുകൾ പൂർണമായും അടച്ചിടും. ഈ ഭാഗങ്ങളിലൂടെയുള്ള കാൽനടയാത്രക്കാർക്കു പോലും സുരക്ഷാപരിശോധന നേരിടേണ്ടി വരും.
ബാൾസ്ബ്രിഡ്ജ്, ബാഗെട്ട് സ്ട്രീറ്റ്, മെറിയോൺ റോഡ്, മെസ്പിൽ റോഡ്, ലീസൺ സ്ട്രീറ്റ്, സെന്റ് സ്റ്റീഫൻസ് ഗ്രീൻ, കെവിൻ സ്ട്രീറ്റ്, ബ്രൈഡ് സ്ട്രീറ്റ്, നോർത്ത് വാൾ കീ, ഫിറ്റ്സ്വില്യം സ്ട്രീറ്റ്, മെറിയോൺ സ്ക്വയർ നോർത്ത്,ക്ലെയർ സ്ട്രീറ്റ്, കിൽഡെയർ സ്ട്രീറ്റ് എന്നിവയുൾപ്പെടെ ഡബ്ലിൻ സിറ്റി സെന്ററിലുടനീളം വലിയ തടസങ്ങളാണ് പ്രതീക്ഷിക്കുന്നത്.
വിമാനത്താവളത്തിൽ എത്തുന്നവർക്ക് തടസങ്ങൾ നേരിട്ടേക്കാം എന്നതിനാൽ നേരത്തെ യാത്ര ക്രമീകരിക്കണമെന്നും ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. ബസ്, ട്രെയിൻ യാത്രക്കാർ അതാത് വെബ്സൈറ്റുകളിൽ കയറി പരിശോധന നടത്തേണ്ടതാണ്.