മുംബൈ: കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ രണ്ടു ഇലക്ട്രിക് കാർ ഇറക്കിയ വിയറ്റ്നാമീസ് കന്പനി വിൻഫാസ്റ്റ് ഇന്ത്യൻ ഇരുചക്ര ഇലക്ട്രിക് വാഹന വിപണിയിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. അടുത്ത വർഷം ആദ്യം ഇന്ത്യൻ വിപണിക്കായി മൂന്നു മോഡലുകൾ പുറത്തിറക്കാനാണ് പദ്ധതി.
വിയറ്റ്നാമിൽ വിൽക്കുന്ന ഇവോ (Evo), ക്യോ (Kyo), കിനെറ്റ് (Kinet) എന്നീ മോഡലുകളെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ സ്കൂട്ടറുകൾ. ഈ മൂന്ന് മോഡലുകളും ഇന്ത്യയിൽ തന്നെ നിർമിക്കാനാണ് കന്പനിയുടെ തീരുമാനം.വിയറ്റ്നാമിൽ വിൽക്കുന്ന മോഡലുകളാണെങ്കിലും ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ രൂപമാറ്റം വരുത്തിയാകും വിൽക്കുക.
ഇന്ത്യൻ റോഡുകളുടെ സ്വഭാവവും ഉപഭോക്താക്കളുടെ ആവശ്യങ്ങളും പരിഗണിച്ച് രൂപകൽപ്പനയിലും ഷാസിയിലും കാര്യമായ മാറ്റങ്ങൾ വരുത്തും. ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിക്കുക, സീറ്റിനടിയിലെ സ്റ്റോറേജ് സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയവയ്ക്കാണ് ഉൗന്നൽ നൽകുക. മോഡലുകളുടെ പേരിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.