ലണ്ടൻ: ബ്രിട്ടനിൽ താമസിക്കാൻ ഏറ്റവും സന്തോഷം നൽകുന്ന സ്ഥലങ്ങളെ കണ്ടെത്തുന്നതിനായി റൈറ്റ്മൂവ് നടത്തിയ 2026-ലെ വാർഷിക സർവേയിൽ എസെക്സിലെ കടലോര നഗരമായ ക്ലാക്ടൺ-ഓൺ-സീ ഏറ്റവും പിന്നിൽ.
ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് മേഖലയിൽ അവസാന സ്ഥാനത്തും ഗ്രേറ്റ് ബ്രിട്ടനിലെ 221 പ്രദേശങ്ങൾ ഉൾപ്പെട്ട ദേശീയ പട്ടികയിൽ 216-ാം സ്ഥാനത്തുമാണ് ക്ലാക്ടൺ ഇടംപിടിച്ചത്.
റൈറ്റ്മൂവ് പുറത്തിറക്കിയ പതിനഞ്ചാമത് "ഹാപ്പി അറ്റ് ഹോം ഇൻഡക്സ് 2026' റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ബ്രിട്ടനിലെ 221 പ്രദേശങ്ങളിൽ നിന്നായി 24,000-ത്തിലധികം ആളുകളിൽ നിന്ന് ശേഖരിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.
താമസിക്കുന്ന പ്രദേശത്തോടുള്ള ആളുകളുടെ സംതൃപ്തിയും സന്തോഷവും വിലയിരുത്തുന്നതിനായി വിവിധ ഘടകങ്ങളാണ് സർവേയിൽ പരിഗണിച്ചത്.
പ്രദേശത്തോടുള്ള ആത്മബന്ധം, സാമൂഹിക ഐക്യം, അയൽവാസികളുമായുള്ള സൗഹൃദം, പാർക്കുകൾ ഉൾപ്പെടെയുള്ള മേഖലകളുടെ ലഭ്യത, തൊഴിൽ അവസരങ്ങൾ, സുരക്ഷ, പൊതുവായ ജീവിത നിലവാരം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
സർവേയിൽ പങ്കെടുത്തവർ ഓരോ ഘടകത്തെയും അടിസ്ഥാനമാക്കി തങ്ങൾ താമസിക്കുന്ന പ്രദേശത്തെ വിലയിരുത്തി. ലഭിച്ച പ്രതികരണങ്ങൾ വിശകലനം ചെയ്താണ് റൈറ്റ്മൂവ് റാങ്കിംഗ് തയാറാക്കിയത്.
റിച്ച്മണ്ട് ഒന്നാം സ്ഥാനത്ത്
2026-ലെ പട്ടികയിൽ ലണ്ടനിലെ റിച്ച്മണ്ട് അപോൺ തേംസ് ആണ് ബ്രിട്ടനിൽ താമസിക്കാൻ ഏറ്റവും സന്തോഷകരമായ പ്രദേശമായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനം യോർക്ക്ഷയറിലെ ഹാരോഗേറ്റിനും മൂന്നാം സ്ഥാനം സൗത്ത് വെസ്റ്റിലെ സിറൻസെസ്റ്ററിനുമാണ്.
കിഴക്കൻ ഇംഗ്ലണ്ട് മേഖലയിൽ വുഡ്ബ്രിഡ്ജാണ് ഏറ്റവും ഉയർന്ന റാങ്ക് നേടിയത്. ദേശീയതലത്തിൽ 15-ാം സ്ഥാനമാണ് വുഡ്ബ്രിഡ്ജിനുള്ളത്. സെന്റ് ആൽബൻസ് 16-ാം സ്ഥാനത്തും നോർവിച്ച് 49-ാം സ്ഥാനത്തുമാണ്.
ചെൽംസ്ഫോർഡ് 102-ാം സ്ഥാനത്തും കോൾചെസ്റ്റർ 144-ാം സ്ഥാനത്തുമാണ്. ഈ മേഖലയിലെ പട്ടികയിൽ ക്ലാക്ടൺ 216-ാം സ്ഥാനത്താണ്.
അതേസമയം, ബ്രിട്ടനിലുടനീളം സർവേയിൽ പങ്കെടുത്തവരിൽ 81 ശതമാനം പേരും തങ്ങൾ താമസിക്കുന്ന പ്രദേശത്ത് സന്തോഷവാന്മാരാണെന്ന് അഭിപ്രായപ്പെട്ടു. ഒമ്പത് ശതമാനം പേർ അതൃപ്തി രേഖപ്പെടുത്തിയപ്പോൾ പത്ത് ശതമാനം പേർ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്.
പ്രായം കൂടുന്നതിനനുസരിച്ച് താമസിക്കുന്ന പ്രദേശത്തോടുള്ള സന്തോഷവും വർധിക്കുന്നതായി സർവേ ചൂണ്ടിക്കാട്ടുന്നു.
75 വയസിന് മുകളിലുള്ളവരിൽ 35 ശതമാനം പേർ തങ്ങളുടെ പ്രദേശത്തിന് സന്തോഷത്തിന്റെ കാര്യത്തിൽ പത്തിൽ പത്ത് മാർക്ക് നൽകിയപ്പോൾ 18 മുതൽ 24 വയസുവരെയുള്ളവരിൽ ഇത് 16 ശതമാനം മാത്രമാണ്.
പ്രകൃതിയോടുള്ള സമീപനം, ആവശ്യമായ പൊതുസേവനങ്ങൾ, കടകളും ഭക്ഷണശാലകളും മികച്ച തൊഴിൽ അവസരങ്ങൾ എന്നിവയാണ് ജനങ്ങളുടെ ജീവിതസംതൃപ്തിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.