ഭോപ്പാൽ: മധ്യപ്രദേശിലെ മണ്ട്സൗറിൽ അയൽവാസി വഴക്കുപറഞ്ഞതിന്റെ വൈരാഗ്യത്തിൽ നാലുവയസുകാരനെ കൊലപ്പെടുത്തിയ പന്ത്രണ്ടുകാരി പിടിയിൽ. ഒക്ടോബർ 24-നാണ് സംഭവം നടന്നത്.
നാലുവയസുകാരന്റെ ചോക്ലേറ്റ് കഴിച്ചതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുട്ടിയുടെ അമ്മ പെൺകുട്ടിയെ ശകാരിച്ചിരുന്നു. ഈ വിദ്വേഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് വ്യക്തമാക്കി. സംഭവദിവസം ഉച്ചയ്ക്ക് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കി ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് പെൺകുട്ടി നാലുവയസുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
കുട്ടി എത്തിയ ഉടൻ തന്നെ വാട്ടർ ടാങ്കിലേക്ക് തള്ളിയിട്ട പെൺകുട്ടി ടാങ്ക് മൂടി ഉപയോഗിച്ച് അടച്ചു. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പൊലിസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ അവസാനമായി കണ്ടത് പെൺകുട്ടിക്കൊപ്പമാണെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലിസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും വീട്ടിൽ പരിശോധന നടത്തുകയും ചെയ്തതോടെയാണ് വാട്ടർ ടാങ്കിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചു. തുടർന്ന് ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിദിഷയിലെ ചൈൽഡ് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.