ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും തീപിടിത്തം. കൽക്കാജിയിലെ ഗോവിന്ദപുരി ഫ്ലൈഓവറിന് സമീപമുള്ള "പഞ്ചാബി തഡ്ക' എന്ന റെസ്റ്റോറന്റിലാണ് പുലർച്ചെ 4:45ഓടെ തീപിടിത്തമുണ്ടായത്.
സ്ഥാപനത്തിന്റെ ബേസ്മെന്റിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് മുകളിലെ നിലകളിലേക്ക് പടരുകയും എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. വൻ ശബ്ദത്തോടെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.
കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കുടുങ്ങിക്കിടന്ന സീതാദേവി(75) എന്ന വയോധികയെ അഗ്നിശമനസേന രക്ഷപെടുത്തി. അപകടത്തിൽ ആർക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.