കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിലെ മറൈൻ എക്കോ സിറ്റി പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വഴിയൊരുങ്ങി. മുൻ സർക്കാരിന്റെ കാലത്തു പ്രാഥമിക തീരുമാനമെടുത്ത പദ്ധതിയുടെ തുടർനടപടികൾ പുരോഗമിച്ചിരുന്നില്ല. സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ (കെഎസ്എച്ച്ബി) മേൽനോട്ടത്തിൽ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണു നിർമാണം ആരംഭിക്കുന്നതു സംബന്ധിച്ച് ധാരണയിലെത്തിയത്.
സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ (കെഎസ്എച്ച്ബി) ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നും ഒന്നാം ഘട്ടത്തിൽ 3.16 ഏക്കർ സ്ഥലം ഉപയോഗിച്ചാണു സംസ്ഥാന സർക്കാർ മറൈൻ എക്കോ സിറ്റി നിർമിക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം, മന്ത്രി മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ കൊച്ചി മറൈൻ എക്കോ സിറ്റി പദ്ധതിക്കായി വിശദമായ പരിശോധനയും ചർച്ചകളും സർക്കാർ തലത്തിൽ നടത്തിയിരുന്നു.
കൊച്ചി മറൈൻ ഡ്രൈവിൽ ആകെ 17.9 ഏക്കർ വിസ്തൃതിയുള്ള സ്ഥലമാണ് ഭവന നിർമാണ ബോർഡിനുള്ളത്. ഇതു മുഴുവൻ ഇപ്പോൾ ഉപയോഗിക്കാതെ കിടക്കുന്ന അവസ്ഥയാണുള്ളത്.
കൊച്ചി മറൈൻ എക്കോ സിറ്റി പദ്ധതിയുടെ ആകെ നിർമാണ ചെലവ് 3394 കോടി രൂപയാണ്. പദ്ധതി പൂർത്തിയാകുമ്പോൾ സർക്കാരിനോ ഹൗസിംഗ് ബോർഡിനോ സാമ്പത്തിക ബാധ്യത വരാതെ, അത്യാധുനിക ഹോട്ടലും കൺവെൻഷൻ സെന്റററും ഭവന നിർമാണ ബോർഡിന്റെ ഉടമസ്ഥതയിൽ ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്.
നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപറേഷനാണു (എൻബിസിസി) നിർമാണച്ചുമതല. പദ്ധതി പൂർത്തീകരണത്തോടെ 1000 കോടി രൂപയുടെ സാമ്പത്തിക വരുമാനം സർക്കാരിന് ലഭിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത് എൻബിസിസി പ്രതിനിധികൾ അറിയിച്ചു. കൊച്ചിയിൽ നടന്ന യോഗത്തിൽ മന്ത്രി മോൻസ് ജോസഫ് അധ്യക്ഷത വഹിച്ചു.
ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, ഹൗസിംഗ്ബോർഡ് സെക്രട്ടറി അലക്സ് വർഗീസ്, ചീഫ് എൻജിനിയർ എ. നൗഷാദ്, റീജണൽ എൻജിനിയർ എം.കെ. അഷിത, എക്സിക്യൂട്ടീവ് എൻജിനിയർ കെ.പി. വിജയൻ എന്നിവർ പ്രസംഗിച്ചു.
മറൈൻ ഡ്രൈവിലെ പദ്ധതി പ്രദേശം മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം സന്ദർശിച്ചു വിശദമായ വിലയിരുത്തൽ നടത്തി. രൂപരേഖ സംഘം വിലയിരുത്തി. ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് അതിർത്തി നിർണയിച്ച് തിട്ടപ്പെടുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
പുതുവത്സര സമ്മാനമെന്നു മന്ത്രി മോൻസ് ജോസഫ്
കൊച്ചി: സംസ്ഥാന സർക്കാരിന്റെ പുതുവത്സര സമ്മാനമാകും മറൈൻ എക്കോ സിറ്റി നിർമാണോദ്ഘാടനമെന്നു പദ്ധതിപ്രദേശം സന്ദർശിച്ചശേഷം മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
കൊച്ചി നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മറൈൻ ഡ്രൈവിൽ സംസ്ഥാന സർക്കാരിനും ഹൗസിംഗ് ബോർഡിനും ഉപകാരപ്രദമാകുന്ന വിധത്തിൽ ലാഭകരമായി നടപ്പാക്കാവുന്ന സെൽഫ് സസ്റ്റൈനബിൾ മാതൃകയിലാകും പ്രോജക്ട് നടപ്പാക്കുക. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചതിനു ശേഷമാണ് ഒന്നാംഘട്ട പദ്ധതി നടപ്പാക്കാൻ ധാരണയുണ്ടാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
ഒന്നാം ഘട്ടത്തിലെ കെട്ടിട സമുച്ചയം 28 നിലയിൽ
സർക്കാർ ഉടമസ്ഥതയിൽ നിർവഹിക്കുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹൗസിംഗ് പ്രോജക്ടിനാണു ഹൗസിംഗ് ബോർഡ് നേതൃത്വം നൽകുന്നത്. ഒന്നാം ഘട്ടത്തിൽ 3.16 ഏക്കർ സ്ഥലത്ത് 28 നിലയിലുള്ള റസിഡൻഷ്യൽ കം കൊമേഴ്സ്യൽ കെട്ടിട സമുച്ചയം 9.22 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ആദ്യ ഘട്ടത്തിൽ നിർമിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
ആദ്യ ഘട്ടത്തിൽ 182 ഫ്ലാറ്റുകളും റീട്ടെയിൽ ഓഫീസ് ബേസും ലഭ്യമാകുന്നതാണ്. ആധുനിക സൗകര്യങ്ങളോടെ ഉന്നത നിലവാരത്തിലുള്ള ഷോപ്പിംഗ് മാൾ ഇതോടൊപ്പം സജ്ജമാകും. സൗകര്യപ്രദമായ പാർക്കിംഗ് സൗകര്യം ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ 2.60 ഏക്കർ സ്ഥലത്ത് 2.25 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഹോട്ടൽ സമുച്ചയവും ഇന്റർനാഷണൽ കൺവെൻഷൻ സെന്ററുമാണ് നിർദേശിച്ചിട്ടുള്ളത്. മൂന്നാം ഘട്ടത്തിൽ 12.14 ഏക്കർ സ്ഥലത്ത് 30 നിലകളുള്ള ആറ് റസിഡൻഷ്യൽ ടവറുകൾക്കാണു പദ്ധതി.ആകെ 41.75 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുന്നത്. ഇതിൽ 1000 ഫ്ലാറ്റുകളാണ് നിർമിക്കുക.